Image Credit: X

Image Credit: X

ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തിയ ഷമില്‍, ആധാര്‍ കാര്‍ഡെടുക്കാന്‍ യുവതിയെ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം. ആധാര്‍ കാര്‍ഡിനായി ഫൊട്ടോയെടുത്താല്‍ മുഖം മറ്റുള്ളവര്‍ കാണുമെന്നതിനാലാണ് ഫറൂഖ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ താഹിറയുടെ മുഖം മറ്റാരും കാണേണ്ടതില്ലെന്നും ഫറൂഖ് വാശി പിടിച്ചതായും പൊലീസ് പറയുന്നു. ഫൊട്ടോ ആവശ്യമുള്ള തിരിച്ചറിയല്‍ രേഖകളൊന്നും വേണ്ടെന്നായിരുന്നു ഫറൂഖ് പറഞ്ഞിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. 

താഹിറയ്ക്ക് പുറമെ പതിനാലും ഏഴും വയസുള്ള രണ്ട് പെണ്‍മക്കളെയും യുവാവ് കൊലപ്പെടുത്തിയിരുന്നു. അഞ്ചുമക്കളാണ് താഹിറയ്ക്കും ഫറൂഖിനുമുണ്ടായിരുന്നത്. മൂന്ന് പേര്‍ ആണ്‍കുട്ടികളാണ്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് കഴിഞ്ഞ ദിവസം ക്രൂര കൊലപാതകം നടന്നത്. ബുര്‍ഖ ധരിക്കാതെ താഹിറയും രണ്ട് പെണ്‍മക്കളും താഹിറയുടെ വീട്ടിലേക്ക് പോയെന്നറിഞ്ഞത് കുപിതനായാണ് കൊലപാതകം നടത്തിയത്. 

മകളെയും രണ്ട് കൊച്ചുമക്കളെയും ആറു ദിവസമായി കാണാതിരുന്നതോടെയാണ് താഹിറയുടെ പിതാവ് ദാവൂദ് ഫറൂഖിന്‍റെ വീട്ടിലെത്തിയതും  വിവരം അന്വേഷിച്ചതും. ഭാര്യാപിതാവിന്‍റെ ചോദ്യങ്ങള്‍ക്ക് ഫറൂഖ് മറുപടി നല്‍കിയില്ല. ചോദ്യം ആവര്‍ത്തിച്ചതോടെ അവരെ മറ്റൊരു വീട്ടിലേക്ക് മാറ്റിയെന്ന് പറഞ്ഞൊഴിഞ്ഞു. സംശയം തോന്നിയ ദാവൂദ് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. 

ഭാര്യയും താനുമായി വീട്ടുകാര്യങ്ങളെ ചൊല്ലി നിരന്തരം കലഹിച്ചിരുന്നുവെന്ന് ഫറൂഖ് പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്ക് ബുര്‍ഖ ധരിക്കാതെ താഹിറ പോയ വിവരം അറിഞ്ഞതോടെ ഇതേച്ചൊല്ലി വഴക്കായി. തന്‍റെയും കുടുംബത്തിന്‍റെയും അന്തസ് താഹിറ കളഞ്ഞുവെന്നും അപമാനം വരുത്തിവച്ചുവെന്നുമാണ് ഫറൂഖ് പറയുന്നത്. തുടര്‍ന്ന് അടുക്കളയില്‍ നിന്ന താഹിറയെ താന്‍ അര്‍ധരാത്രിയില്‍ വെടിവച്ച് കൊന്നുവെന്നും ശബ്ദം കേട്ട് മൂത്തമകള്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നതോടെ കുട്ടിയെയും വെടിവച്ച് കൊന്നു. ബഹളം കേട്ട് ഇളയ പെണ്‍കുട്ടി ഓടിയെത്തിയതും അവളെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നും ഫറൂഖ് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ശുചിമുറി കെട്ടുന്നതിനായി വീട്ടുമുറ്റത്ത് കുഴിച്ചിരുന്ന കുഴിയില്‍ ഒന്‍പതടിയോളം താഴ്ചയില്‍ മൃതദേഹങ്ങള്‍ മറവുചെയ്തു. പിന്നാലെ അതിന് മുകളില്‍ ഇഷ്ടിക കെട്ടിപ്പൊക്കുകയുമായിരുന്നു. 

ENGLISH SUMMARY:

More disturbing details emerge in the Shamli triple murder case, where Farooq killed his wife Tahira and two daughters. Police revealed that Farooq had forbidden his wife from taking an Aadhaar card or any ID with a photo, claiming he didn't want anyone else to see her face. The murders were triggered after Tahira went to her parents' house without wearing a burqa, which Farooq considered a blow to his family's 'honor'. He confessed to shooting his wife and elder daughter at midnight and strangling the younger child. The bodies were hidden in a 9-foot pit intended for a toilet and covered with bricks.