ഉത്തര്‍പ്രദേശിലെ മുസാഫർനഗറില്‍ ഉറങ്ങിക്കിടന്ന പിതാവിനെ കൊലപ്പെടുത്തി പെണ്‍മക്കള്‍. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കര്‍ഷകനായ 60 വയസ്സുകാരനെയാണ് 16 ഉം 32 ഉം വയസ്സുള്ള പെണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കുടുംബത്തിനുള്ളില്‍ തന്നെ പെണ്‍മക്കളോട് വിവേചനം കാണിച്ചതില്‍ പ്രകോപിതരായാണ് കൊലനടത്തിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
ദിവസങ്ങളായി പിതാവിനെ കൊല്ലാൻ ഇരുവരും പദ്ധതിയിടുന്നുണ്ടായിരുന്നെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച രാത്രി അമ്മയുൾപ്പെടെ കുടുംബാംഗങ്ങൾക്ക് ഉറക്ക ഗുളിക ചേർത്ത ഭക്ഷണം നല്‍കി മയക്കിയ ശേഷം ഉറങ്ങിക്കടന്ന പിതാവിനെ വകവരുത്തുകയായിരുന്നു. ഇളയ മകൾ കാലുകൾ മുറുകെ പിടിക്കുകയും മൂത്തയാൾ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച പുലർച്ചെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പെൺമക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ പിതാവിന്റെ പെരുമാറ്റത്തിൽ തങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. മകനോടും പെൺമക്കളോടും രണ്ട് രീതിയിലാണ് പെരുമാറിയിരുന്നതെന്നും അവര്‍ പറഞ്ഞു. അവിവാഹിതയായി തുടരുന്നതിനും വീട്ടില്‍ തന്നെ കഴിയുന്നതിനും ജോലിയ്ക്ക് പോകാത്തതിലും പിതാവ് ഇടയ്ക്കിടെ തങ്ങളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ടെന്നും സഹോദരിമാര്‍ പറഞ്ഞു.
കേസില്‍ കുടുംബാംഗങ്ങളെ ഉറക്കി കിടത്താന്‍ ഉപയോഗിച്ച ഉറക്ക ഗുളികളും പിതാവിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. മാത്രമല്ല കൊലപാതകം നടത്തുമ്പോള്‍ ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രക്തം പുരണ്ട നിലയില്‍, കാലിത്തീറ്റയ്ക്കിടയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭോപ്പ പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 103 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.