acid-drinking

കുടിക്കുന്ന വെള്ളത്തെ വിശ്വസിക്കാന്‍ പറ്റാത്ത കാലമാണെന്ന് പറയുന്നത് ശരിയാണ്. പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന വാര്‍ത്തയാണ് യുപി ഹപൂരില്‍ നിന്ന് വരുന്നത്. ദാഹമടക്കാന്‍ കുപ്പിവെള്ളം വാങ്ങി കുടിച്ചപ്പോള്‍ ആസിഡാണ് യുവതി അറിയാതെ അകത്താക്കിയത്. കുപ്പിയില്‍ വെള്ളമായിരുന്നില്ല ആസിഡാണെന്ന് പിന്നീട് കണ്ടെത്തി. യുവതി കുപ്പിയിലെ ദ്രാവകം കുടിക്കുന്നതും പെട്ടന്ന് ചാടിയെണീറ്റ് പോയി തുപ്പുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സ്വര്‍ണക്കടയിലെത്തിയതായിരുന്നു യുവതിയും അമ്മയും. ഇതിനിടെ യുവതിക്ക് ദാഹിക്കുകയും കടയുടമ തണുത്ത വെള്ളക്കുപ്പി യുവതിക്ക് കൈമാറുകയുമായിരുന്നു.  യുവതിയുടെ ബന്ധുക്കളുടെ പ്രസ്താവന പ്രകാരം ഒരു മിനറല്‍ വാട്ടറെന്ന് പറഞ്ഞ് കടയില്‍ നിന്ന് യുവതിക്ക് നല്‍കിയ വെള്ളക്കുപ്പിയിലാണ് ആസിഡ് ഉണ്ടായിരുന്നത്. 

പ്രമുഖ ബ്രാന്‍ഡിന്‍റെ വെള്ളക്കുപ്പിയായിരുന്നു ഇത്. ആസിഡ് കുടിച്ച് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവസ്ഥ ഗുരുതരമായതോടെ മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിഡിയോ പ്രചരിച്ചതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.

വാര്‍ത്ത പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണനിര്‍മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് അറിയാതെ കുപ്പിയില്‍ സൂക്ഷിച്ചെന്നും കടയുടമ ഇത് കുടിവെള്ളമെന്ന് കരുതി എടുത്തുവച്ചെന്നും അത് കുടിച്ചാണ് യുവതി ആശുപത്രിയിലായതെന്നുമാണ് പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

A shocking incident occurred where a woman unknowingly drank acid mistaking it for water from a bottled beverage. This alarming event has gone viral on social media, raising concerns about the safety of drinking water.