Image Credit: X
ഐഎഎസും ടീച്ചറും ഡോക്ടറുമെല്ലാം ആകുന്നതിന് മുന്‍പ് നല്ല അമ്മമാരാകുകയാണ് പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളാണ് ഏത് ജോലി നേടുന്നതിനെക്കാള്‍ വലുതും പ്രാമുഖ്യമേറിയതുമെന്നും കാണ്‍പുര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ അവര്‍ പറഞ്ഞു. കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ ആദ്യം ചെയ്യണമെന്നും പിന്നീട് വിദ്യാഭ്യാസവും കരിയറും മുന്നോട്ട് കൊണ്ടുപോകാമെന്നും ആനന്ദി ബെന്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമെല്ലാം ഇരിക്കെയാണ് ഗവര്‍ണര്‍ ഇങ്ങനെ സംസാരിച്ചത്. കുടുംബബന്ധങ്ങളും രക്ഷിതാക്കളുടെ കടമകളും സ്വഭാവ രൂപീകരണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു. 'നിങ്ങള്‍ ഐഎഎസ് ഓഫിസറോ, ടീച്ചറോ ആയിക്കോ, പക്ഷേ ആദ്യം ഒരു നല്ല അമ്മയാകണം. എങ്ങനെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കണമെന്നും അത് വിളമ്പി നല്‍കണമെന്നും എല്ലാ പെണ്‍കുട്ടികളും അറിഞ്ഞിരിക്കണം. കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് പഠനം നിര്‍ത്തേണ്ടതില്ല. രാജ്യത്തിന്‍റെ നന്‍മയ്ക്കായി അറിവും കഴിവും ഉപയോഗിക്കാന്‍ കഴിയണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മടങ്ങിയാല്‍ മക്കള്‍ എന്ത് ചെയ്യുന്നുവെന്നും എവിടെ പോകുന്നുവെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറിയ നോട്ടപ്പിശക് അവരുടെ ഭാവി തകര്‍ത്ത് കളയും'- ആനന്ദി ബെന്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകള്‍ മുന്‍കൈയെടുത്ത് 'ഗര്‍ഭ സംസ്കാരം' പഠിപ്പിക്കണമെന്നും ഗര്‍ഭകാലത്തെ ആരോഗ്യം, ഭ്രൂണത്തിന്‍റെ വളര്‍ച്ച, ആരോഗ്യകരമായ ഗര്‍ഭധാരണം, മാതൃസംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. 1,07,713 വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങാണ് നടന്നത്. മെഡലോടെ പാസായവരില്‍ 82 ശതമാനവും പെണ്‍കുട്ടികളായിരുന്നു.