police-theft

വേലി തന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളൂ, ഉത്തര്‍പ്രദേശിലെ ഹമീര്‍പുരില്‍ അത് സംഭവിച്ചിരിക്കുകയാണ്. നിയമപരിപാലകനായ പൊലീസുകാരനാണ് കള്ളനായി മാറിയത്. ലിഫ്റ്റ് ചോദിച്ച് ട്രക്കില്‍ കയറിയ എസ്ഐ 20,000 രൂപ മോഷ്ടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ചതി തിരിച്ചറിഞ്ഞ ട്രക്ക് ഡ്രൈവര്‍ മനീഷ് പിന്തുടര്‍ന്ന് പിടിക്കുകയും ചെയ്തു.

ഘാതംപുരില്‍ നിന്ന് ഹമീര്‍പുരിലേക്ക് നിര്‍മാണ സാമഗ്രികള്‍ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു മനീഷ്. യാത്രയ്ക്കിടെ വഴിയില്‍ വച്ച് സബ് ഇന്‍സ്പെക്ടറായ ഗിരീഷ് മിശ്ര കൈകാണിച്ചു. ലിഫ്റ്റ് ചോദിച്ചപ്പോള്‍, പൊലീസുകാരനല്ലേയെന്ന് കരുതി മനീഷ് വണ്ടിയില്‍ കയറ്റി. അലിയാപുരിലെ സജേതി ടോള്‍ പ്ലാസയ്ക്ക് സമീപത്തെത്തിയപ്പോള്‍ എസ്ഐ തനിനിറം കാട്ടി. ട്രക്കിന്‍റെ കാബിനില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ മോഷ്ടിച്ച് യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു. തുടർന്ന് ഒന്നുമറിയാത്ത ഭാവത്തിലിരുന്നു. 

പൊലീസുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മനീഷ് അയാളെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. യാത്രക്കിടെയുള്ള ഒരു ടോൾ പ്ലാസയിൽ ഇറങ്ങുകയും, അതുവഴി വന്ന മറ്റൊരു വാനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തിടുക്കത്തില്‍ പൊലീസുകാരന്‍ ഇറങ്ങിപ്പോയതെന്താകുമെന്ന് ആലോചിച്ചപ്പോഴാണ് കാബിനിലെ പണത്തിന്‍റെ കാര്യം മനീഷ് ഓര്‍ത്തത്. പരിശോധിച്ചപ്പോള്‍ പണം നഷ്ടമായത് കണ്ടു. പിന്നെ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്!  പൊലീസുകാരൻ കയറിപ്പോയ വാനിനെ കിലോമീറ്ററുകളോളം പിന്തുടർന്നു. ഒടുവിൽ യമുനാ പാലത്തിന് സമീപം വാനിൽ നിന്നിറങ്ങി ഘാതംപുരിലേക്ക് നടക്കാൻ ശ്രമിച്ച എസ്‌ഐയെ ഡ്രൈവർ കയ്യോടെ പിടികൂടി. റോഡിൽ വച്ച് പിടിവലിയായി.

ബലമായി യൂണിഫോം പരിശോധിച്ചപ്പോൾ, അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മോഷ്ടിച്ച പണം കണ്ടെത്തി. ഇതിനിടയിൽ രോഷാകുലനായ മനീഷ് എസ്‌ഐയെ പലതവണ മർദ്ദിക്കുന്ന സ്ഥിതിയുമുണ്ടായി. പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ  യുപി  പോലീസിന്നെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം സബ് ഇൻസ്പെക്ടറെ കസ്റ്റഡിയിലെടുത്ത് കൊട്‌വാലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് സർവീസിൽ നിന്ന്  സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തതായി ഹമീര്‍പുര്‍ എഎസ്പി അരവിന്ദ് കുമാർ വർമ അറിയിച്ചു. വകുപ്പുതല അന്വേഷണവും  പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A shocking incident of corruption has emerged from Hamirpur, Uttar Pradesh, where a Sub-Inspector (SI) was caught stealing from a truck driver who had kindly offered him a lift. The incident occurred when the driver, Manish, picked up SI Girish Mishra while returning from a construction delivery trip. During the journey, the officer allegedly stole ₹20,000 from the truck's cabin and hid it inside his uniform. Suspecting foul play after the officer abruptly left the vehicle to board another van, Manish realized the money was missing and launched a dramatic, high-speed chase. After tracking the officer down near a bridge, the driver confronted him and discovered the stolen cash hidden in his uniform. The local authorities have since suspended the Sub-Inspector, filed a case against him under the Bharatiya Nyaya Sanhita, and initiated a departmental inquiry into his misconduct.