പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിന്‍റെ ആഡംബര വാഹനങ്ങൾ പൊലീസ് ആക്രി കച്ചവടക്കാർക്ക് ലേലം ചെയ്തു നൽകി. സാമ്പത്തിക തട്ടിപ്പ് കേസിൽ ചേർത്തല പൊലീസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകൾക്കൊപ്പം കാരവനും ലേലം ചെയ്തു. ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ തുരുമ്പെടുത്ത നിലയിലായിരുന്നു.
2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് മോൻസന്‍റെ ആഡംബര വാഹനങ്ങൾ പൊലീസ് കണ്ടുകെട്ടിയത്. ഒരു കാരവനും വിദേശ കാറുകളും അടക്കം 7 വാഹനങ്ങളാണ് ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്ത് 5 വർഷമായി സൂക്ഷിച്ചിരുന്നത്. വെയിലും മഴയുമേറ്റ് പലതും തുരുമ്പെടുത്തു. സിനിമ മേഖലയിൽ പ്രമുഖ നടീ നടൻമാർക്ക് വാടകയ്ക്ക് നൽകിയിരുന്നതാണ് പൊലീസ് പിടിച്ചെടുത്ത കാരവൻ. മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള കാറും മോൻസന്‍റെ പക്കൽ നിന്ന് കണ്ടുകെട്ടിയവയിൽ ഉണ്ട്.
ആഭ്യന്തര വകുപ്പിന്‍റെ അനുമതിയോടെ കഴിഞ്ഞ വർഷം ലേലം നടത്തിയെങ്കിലും രേഖകൾ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങൾ ഏറ്റെടുക്കാൻ വൈകിയത്. ഇന്നലെ രാവിലെ മൂന്ന് വാഹനങ്ങൾ ലോറിയിൽ കൊണ്ടുപോയി. ബാക്കിയുള്ളവ ലേലത്തിൽ പിടിച്ചവർ ഇന്ന് കൊണ്ടുപോകും.ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിലെ മോൻസനെ പുരാവസ്തു വിൽപനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് മോൻസനെ പിടികൂടിയത്. പിന്നീട് ഇയാൾക്കെതിരെ പോക്സോ കേസും റജിസ്റ്റർ ചെയ്തിരുന്നു.