ടീച്ചറും ഐ.എ.എസും ആകുന്നതിനു മുന്‍പ് ആദ്യം നല്ല അമ്മയാകണമെന്ന ഉപദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദ ദാന ചടങ്ങിലാണ് പ്രഫഷനൽ ജീവിതം തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സ്ത്രീകൾക്ക് ഗവർണർ ഉപദേശം നൽകിയത്. സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയാണ് ഗവർണർ.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനോ അധ്യാപികയോ ആകട്ടെ, ആദ്യം ഒരു വിദഗ്ദ്ധ അമ്മയാകുക. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം എങ്ങനെ പാചകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ബലികഴിച്ചുകൊണ്ടാകരുത് പ്രഫഷനൽ വിജയം കൈവരിക്കേണ്ടതെന്നാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വിവാഹശേഷവും പെൺകുട്ടികൾ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും തുടരണമെന്നും ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ കുടുംബത്തിനും സമൂഹത്തിനും സംഭാവനകൾ നൽകണമെന്നും ഗവർണർ പറഞ്ഞു.
മേൽനോട്ടത്തിലുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കാമെന്നും കുട്ടികൾ സ്കൂളുകളിലും കോളജുകളിലും ചേർന്നതിനു ശേഷവും അവരുടെ ജീവിതത്തിൽ സജീവമായി ഇടപെടാൻ മാതാപിതാക്കൾ തയാറാകണമെന്നും ഗവര്‍ണര്‍. ബിരുദങ്ങൾ വർധിക്കുകയും എന്നാൽ സമൂഹത്തിൽ ലഹരി പോലുള്ള കുറ്റകൃത്യങ്ങൾ തുടരുകയും ചെയ്യുന്നുവെങ്കിൽ, അത് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ യഥാർഥ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അക്കാദമിക് അറിവുകൾ പോലെ തന്നെ ധാർമിക മൂല്യങ്ങളും പ്രധാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുന്‍പ് സാങ്കേതിക സർവകലാശാലയുടെ 24-ാമത് ബിരുദദാന ചടങ്ങിൽ, വിവാഹത്തിന് മുൻപ് വിദ്യാർഥികൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പട്ടേൽ ഉപദേശിച്ചിരുന്നു. അന്നത്തെ ഗവര്‍ണറുടെ വാക്കുകളിങ്ങനെ, നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ, ആദ്യം സ്വയംപര്യാപ്തരാകുക, അതിനുശേഷം വിവാഹം കഴിക്കുക. താൻ പ്രണയവിവാഹങ്ങൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അവർ, യുവാക്കൾ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.