ആമേൻ, നോർത്ത് 24 കാതം തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. നടിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ഹിച്ച്‍ഡ്' എന്ന അടിക്കുറിപ്പോടെ താരം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ബുധനാഴ്ച വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വീട്ടിൽ വെച്ച് തന്നെയാണ് വിവാഹം നടന്നതെന്നാണ് സൂചന.
സ്വാതി റെഡ്ഡി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. വരനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസയറിയിച്ച് നിരവധി പേരാണ് കമന്‍റുമായെത്തുന്നത്.
പരമ്പരാഗതമായ വസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. പൂജാവേളയിൽ ഇരുവരുടേയും പിന്നിൽ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു.
സ്വാതിയുടെ രണ്ടാം വിവാഹമാണ് ഇത്. 2018ലായിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. ഹൈദരാബാദിലായിരുന്നു വിവാഹം നടന്നത്. കൊച്ചിയിൽ റിസപ്ഷനും നടന്നിരുന്നു. ഇരുവരും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങൾ 2023-ൽ പ്രചരിച്ചിരുന്നുവെങ്കിലും സ്വാതി ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. തീർത്തും സ്വകാര്യമായാണ് ഇരുവരും വിവാഹമോചിതരായത്.
പതിനാറാം വയസ്സിൽ ഒരു ടെലിവിഷൻ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ടെലിവിഷൻ ഷോയിലൂടെ പിന്നീട് സിനിമയിലെത്തി. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമയിലൂടെയാണ് സ്വാതി താരമാകുന്നത്. 2011ല്‍ ആമേന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സ്വാതിയുടെ മലയാളത്തിലേക്കുള്ള എൻട്രി.