vd-angry-at-security-officers
  • മൈക്കിന് മുന്നില്‍ നിന്ന മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയ ശേഷം, 'കോമണ്‍സെന്‍സില്ലേ മാറി നില്‍ക്ക്' എന്ന് പറഞ്ഞത്. കൈ കൊണ്ട് ആളുകളോട് മാറാന്‍ പറയുന്നതും വിഡിയോയില്‍

പത്തനംതിട്ടയില്‍ പൊതുയോഗത്തിനിടെ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരോട് കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നലെയായിരുന്നു സംഭവം. വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ ശാന്തരാക്കാനും നിയന്ത്രിക്കാനും ഇറങ്ങിയത്. ഇതോടെ മൈക്കിന് മുന്നില്‍ നിന്ന മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയ ശേഷം, 'കോമണ്‍സെന്‍സില്ലേ മാറി നില്‍ക്ക്' എന്ന് പറഞ്ഞത്. കൈ കൊണ്ട് ആളുകളോട് മാറാന്‍ പറയുന്നതും വിഡിയോയില്‍ കാണാം. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗിച്ച മുഖ്യമന്ത്രി പക്ഷേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങുകയും ചെയ്തു.

നേരത്തെ തനിക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചതിലും യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനങ്ങള്‍ നിയോഗിച്ചതിലും മുഖ്യമന്ത്രി നേരത്തേ അതൃപ്തി അറിയിച്ചിരുന്നു. മുന്‍കാലങ്ങളിലേത് പോലെ തനിക്ക് എസ്കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്നായിരുന്നു അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രഖ്യാപനം. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സുരക്ഷ കൂട്ടണമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, വി.ഡി.സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ രോഷം പുകയുന്നു. മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ യുഡിഎഫ് അറിയുന്നില്ലെന്നും തന്നോട് ഒന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഏകപക്ഷീയമായാണ് വി.ഡി.സതീശന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന വാദത്തിന് സംസ്ഥാന–ദേശീയ നേതൃത്വങ്ങളിലെ കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് പരസ്യ പ്രതികരണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ താന്‍ നടത്തിയ വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വിവരങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് ഇന്നും ആവര്‍ത്തിച്ചു. വി.ഡി.സതീശന്‍റെ ശൈലിയില്‍ മാറ്റമുണ്ടായോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഒളിയമ്പെയ്തു.

ENGLISH SUMMARY:

Chief Minister V.D. Satheesan reportedly confronted security personnel during a public meeting in Pathanamthitta after the crowd gathered near the stage, telling them to move aside and gesturing for people to clear the area. The incident comes amid reports that Satheesan had earlier expressed displeasure over increased security arrangements and additional police vehicles assigned to his travel.