മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ നടത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫിലെ പ്രശ്നങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ എഐസിസി തീരുമാനമെടുക്കട്ടെയെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശൈലിയിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
ചില കാര്യങ്ങൾ തുറന്നുപറയേണ്ട സാഹചര്യമുണ്ടായതുകൊണ്ടാണ് പ്രതികരിച്ചതെന്നും ഇതിന്റെ പേരിൽ യുഡിഎഫിൽ യാതൊരു സംഘർഷവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും പിന്തുണ തേടിയല്ല താൻ കാര്യങ്ങൾ പറഞ്ഞതെന്നും ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്നും അടൂർ പ്രകാശ് പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ താൻ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കും പദവികൾ നൽകുന്നതിൽ തനിക്ക് എതിർപ്പില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ കൂട്ടായി ആലോചിച്ച ശേഷം തീരുമാനിക്കേണ്ടതായിരുന്നു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോടും കൂടിയാലോചന നടത്തേണ്ടിയിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. കെ. മുരളീധരൻ തന്നെ എതിർത്തതിന് ചില കാരണങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കുന്നുണ്ടെന്നും പാർട്ടിയുടെ കാര്യങ്ങൾ കെപിസിസി പ്രസിഡന്റും അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.