കൊല്ലം അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫിസിലെയും പരിസരങ്ങളിലെയും സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം. ഓഫിസിനുള്ളിലെ കസേരകളടക്കം അടിച്ചു തകര്‍ത്തിട്ടുണ്ട്. സാധന സാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണ്. തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ തുടരുന്നത്.
അതേസമയം, തിരുവനന്തപുരത്തെ എസ്എഫ്ഐ–യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹൈദറെന്നയാളാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ ആദ്യ അറസ്റ്റാണിത്.
സംസ്ഥാനത്ത് രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള പോർവിളിയും സംഘർഷ സാഹചര്യവും തുടരുന്നു. മന്ത്രിമാരെ വഴിയിൽ തടഞ്ഞുള്ള പ്രതിഷേധം ഡിവൈഎഫ്ഐയും യുവമോർച്ചയും ഇന്നും തുടർന്നേക്കും. മന്ത്രിമാർക്ക് നേരെ പ്രതിഷേധമുണ്ടായാൽ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെയും തീരുമാനം. തിരുവനന്തപുരത്ത് എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷത്തെ തുടർന്നാണ് സംസ്ഥാനത്ത് സിപിഎം– കോൺഗ്രസ് സംഘർഷ സാഹചര്യം ഉണ്ടായത്. ഇന്നലെ വിവിധ ഇടങ്ങളിൽ മന്ത്രിമാരെ തടഞ്ഞു. അതിനെത്തുടർന്ന് പലയിടങ്ങളിലും സംഘർഷവുമുണ്ടായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമായി യുവമോർച്ച നടത്തുന്ന പ്രതിഷേധമാണ് കോൺഗ്രസ്– ബിജെപി സംഘർഷത്തിലേക്ക് വഴിമാറിയത്. ഇന്നും മന്ത്രിമാരെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിക്കാനാണ് യുവമോർച്ചയുടെ തീരുമാനം. സംഘർഷ സാഹചര്യം തുടരുന്നത് കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രതയിലാണ് പോലീസ്. മന്ത്രിമാർക്ക് യാത്രാവേളകളിൽ ഉള്‍പ്പടെ കൂടുതൽ സുരക്ഷ ഒരുക്കാൻ ഡി.ജി.പി നിർദേശിച്ചു. മന്ത്രിമാരെത്തുന്ന സ്ഥലങ്ങളിൽ ഇന്റലിജന്‍സ് മുന്നറിയിപ്പ് അനുസരിച്ച് കരുതൽ തടങ്കൽ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാക്കാൻ ഇടയാക്കിയ കേസുകളിൽ പ്രധാന പ്രതികളെ പിടികൂടാനാകാതെ പോലീസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞ കേസിലും ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസിന് നേരെ കുപ്പിയെറിഞ്ഞ കേസിലും പ്രതികളെ പിടികൂടാൻ ആയിട്ടില്ല. ഡിസിസി ഓഫിസ് ആക്രമിച്ചത് നെയ്യാറ്റിൻകരയിലുള്ള ബിജെപി പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നാലുപേർ ഇപ്പോഴും ഒളിവിലാണ്.
ബിജെപി ഓഫിസ് ആക്രമിച്ചത് ആരാണെന്ന് പോലും ഇതുവരെയും പോലീസിന് വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങളിൽ ബൈക്കും കാറും കണ്ടതിനെ തുടർന്ന് കാറിൽ എത്തിയവരും ആക്രമണത്തിൽ പങ്കെടുത്തതായി പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാൽ അത് മറ്റൊരു വഴിയാത്രക്കാരാണെന്നും ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് ഉറപ്പിച്ചു. പക്ഷേ ഇവരെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിച്ചിട്ടില്ല. തദ്ദേശമന്ത്രി കെ.എം.ഷാജിയെ കാർ തടഞ്ഞ് വഴിയിൽ ഇറക്കി വിട്ട കേസിൽ 2 യുവമോർച്ച പ്രവർത്തകർ റിമാന്‍ഡിലായി.