യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ, പത്രപ്രവർത്തക ഇ.ജീൻ കരോളിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ ഉത്തരവിട്ട് യുഎസ് കോടതി. ലൈംഗികാതിക്രമത്തിന് 2 മില്യൺ ഡോളറും അപകീർത്തികരമായ പ്രസ്താവനകൾക്ക് 3 മില്യൺ ഡോളറും ചേര്‍ത്ത് നഷ്ടപരിഹാരമായി 5 മില്യൺ ഡോളർ ഉടൻ നൽകാനാണ് മൻഹാറ്റൻ ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ ഉത്തരവിട്ടത്.
ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ യുഎസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കൈമാറാൻ കോടതി നിർദേശിച്ചത്. തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും ആ ഹർജിയും തള്ളി.
1996-ലാണ് കേസിന് ആസ്പദമായ സംഭവം. ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു മുൻ പത്രപ്രവർത്തകയും കോളമിസ്റ്റുമായ ഇ.ജീൻ കരോളിന്‍റെ ആരോപണം, 2019-ലെ ഒരു പുസ്തകത്തിലാണ് കരോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടർന്ന് ട്രംപ് പത്രപ്രവർത്തകയെ 'ഒരു വിഡ്ഢി' എന്ന് വിളിക്കുകയും അവർ കേസ് കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തു. പിന്നാലെയാണ് ട്രംപ് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കരോൾ കോടതിയെ സമീപിച്ചത്.
2019-ല്‍ ആദ്യ പ്രസിഡന്റായിരുന്ന സമയത്ത്, കരോൾ പരസ്യമായി ഇക്കാര്യം വെളിപ്പെടുത്തിയതിനു പിന്നാലെ ട്രംപ് കരോളിനെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ജൂറി കണ്ടെത്തി. ട്രംപ് കരോളിന്‍റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയും ഒരു അഭിമുഖത്തിൽ 'അവൾ എന്റെ ടൈപ്പല്ല' എന്ന് പരാമര്‍ശിക്കുകയും ചെയ്തു.
ജൂറിക്ക് മുമ്പാകെ നൽകിയ മൊഴിയിൽ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ വെച്ച് നടന്ന പ്രണയപരവും സൗഹൃദപരവുമായ യാദൃശ്ചിക കൂടിക്കാഴ്ച അക്രമാസക്തമായി മാറിയെന്ന് കരോൾ പറഞ്ഞിരുന്നു. കരോളിനെ തനിക്ക് ഒരിക്കലും അറിയില്ലെന്നും അവര്‍ തന്റെ ചെലവിൽ പുസ്തകങ്ങൾ വിൽക്കാൻ ശ്രമിക്കുന്നുവെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ട്രംപ് ആരോപിച്ചു.