ഡൽഹിയിലെ രോഹിണി സെക്ടർ 16-ൽ ശക്തമായ മഴയെ തുടർന്ന് നിർമാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നു വീണു. ബുധനാഴ്ച വൈകുന്നേരം 4.20 ഓടെ എം.സി.ഡി (MCD) സ്കൂളിന് സമീപമായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
പഴയ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും പുറത്തെത്തിക്കുന്നതിനുമായി ഡൽഹി അഗ്നിശമന സേനാംഗങ്ങളും പൊലീസും ദുരന്ത നിവാരണ സംഘങ്ങളും ചേര്‍ന്ന് സ്ഥലത്ത് വലിയ തോതിലുള്ള രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണമോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നോ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തകർച്ചയുടെ കാരണം, ആളപായം, രക്ഷപ്പെടുത്തിയ ആളുകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മെയ് 30 ന് സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ നാലുനില കെട്ടിടം തകർന്ന് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.