വയനാട്ടിലെ ജനങ്ങള്‍ക്ക്, ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും യാത്രചെയ്യാന്‍ ഒരു പാതവേണം. താമരശേരി ചുരവും കുറ്റിയാടി ചുരവും ദുര്‍ഘടമായ, ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ വഴികളാണ്. അവിടുത്തെ ഗതാഗതക്കുരുക്കുകൂടിയാകുമ്പോള്‍ യാത്ര തന്നെ പേടിസ്വപ്നമാകും. ഇതിനൊരു പരിഹാരമായാണ് ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത പദ്ധതി ഉയര്‍ന്നു വരുന്നത്. 8.75 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാത കേരള വികസനത്തിലെ പ്രധാന നാഴികക്കല്ലായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അവതരിപ്പിക്കപ്പെട്ടു.
അതിവേഗം, ബഹുദൂരം: കേട്ടാല്‍ ഗംഭീരമാണ് തുരങ്കപാത പദ്ധതി. 2,134 കോടി രൂപ ചെലവുവരുന്ന പദ്ധതി എല്ലാ പാരിസ്ഥിതിക അനുമതികളും വാങ്ങി അതിവേഗത്തിലാണ് മുന്നോട്ട് നീങ്ങിയത്. പരിസ്ഥിതി അനുമതി നല്‍കുന്ന സംസ്ഥാനത്തെ സമിതിയും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും എല്ലാം പച്ചക്കൊടികാട്ടി. കോടതിയും അനുവാദം നല്‍കി. 2025 മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്ളാസ്റ്റിങ് സ്വിച്ച് ഓണാക്കി പദ്ധതിക്ക് തുടക്കം കുറിച്ചു.
വിടില്ല, വികസനവിരുദ്ധരെ: സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതി, വയനാടിന്‍റെ ആശ്വാസപാത, മലബാറിന്‍റെ വികസനക്കുതിപ്പ് എന്നിങ്ങനെ പുകഴ്ത്തപ്പെട്ട പദ്ധതിയെ എതിര്‍ത്തവരെയും സംശയങ്ങളുയര്‍ത്തിയവരെയും ഒന്നും ഭരണപക്ഷ–വികസന ലോബികള്‍ വെറുതെവിട്ടില്ല. പദ്ധതിയെ പൂര്‍ണമായി അനുകൂലിക്കാത്ത പ്രതിപക്ഷം മുതല്‍ പരിസ്ഥിതിവാദികള്‍വരെ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ആക്രമിക്കപ്പെട്ടു.
പാത സുരക്ഷിതവും ആധുനികവും!: സുരക്ഷിതവും ആധുനികവുമാണ് തുരങ്കപാതയെന്നാണ് പദ്ധതിക്ക് മുന്‍കൈയ്യെടുത്ത പിണറായി സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. കൊങ്കണ്‍ റെയില്‍വേയെ നിര്‍മാണ ചുമതലയും ഏല്‍പ്പിച്ചു. കോഴിക്കോട് – വയനാട് യാത്രയുടെ സമയവും ദൂരവും കുറഞ്ഞു കിട്ടും, ഗതാഗതക്കുരുക്കുണ്ടാവില്ല, വയനാടിനെ മാത്രമല്ല കര്‍ണാടകത്തെയും കേരളത്തിലേക്ക് അടുപ്പിക്കും, അതിനാല്‍ വലിയ വികസന–ടൂറിസം സാധ്യതകളാണ് തുറക്കും, എന്നിങ്ങനെയായിരുന്നു വാദം.
വേഗമെത്താം, ദൂരവും കുറവ്: കോഴിക്കോടു നഗരത്തില്‍ നിന്ന് മുക്കം, തിരുവമ്പാടിവഴി ആനക്കാംപൊയിലിലെത്താം. മാരിപ്പുഴ, കള്ളാടി വഴി മേപ്പാടിയിലേക്കും തുടര്‍ന്ന് കല്‍പ്പറ്റയിലേക്കും വേഗത്തില്‍ യാത്രചെയ്യാം. ആനക്കാംപൊയില്‍ മുതലാണ് തുരങ്കപാത ഉയര്‍ന്ന മലനിരകളിലേക്ക് കടക്കുന്നത്. ഇപ്പോഴുള്ള കോഴിക്കോട് – വയനാട് പാതകളെക്കാള്‍ 22 കിലോമീറ്റര്‍ കുറവ് ദൂരമേ തുരങ്കപാതയ്ക്കുള്ളൂ. യാത്രാസമയത്തില്‍ ഒന്നര മണിക്കൂറോളം ലാഭിക്കാം. ഇരവഞ്ഞി പുഴയിലെ പാലവും കടന്ന് ചെല്ലുമ്പോഴാണ് തുരങ്കത്തിലേക്ക് കടക്കുക. തുരങ്കത്തിന്‍റെ 5.58 കിലോമീറ്റര്‍ വയനാട്ടിലും 3.15 കിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലുമായിരിക്കും. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പോകുമ്പോള്‍ മാരിപ്പുഴയില്‍ നിന്ന് തുരങ്കത്തിലേക്ക് കടക്കാം, തുരങ്കം അവസാനിക്കുന്നത് കള്ളാടിയിലെ മീനാക്ഷി പാലത്തിലും.
മണ്ണിടിഞ്ഞു വന്നപ്പോള്‍: ഈ മീനാക്ഷി പാലത്തിനടുത്ത് തുരങ്കത്തിന്‍റെ വയനാട്ടിലെ പ്രവേശന–ബഹിര്‍ഗമന വരുന്നിടത്താണ് ജൂലൈ ആറിന് ഭീകരമായ മണ്ണിടിച്ചിലുണ്ടായതും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതും. ഇത്രയും വലിയൊരു ദുരന്തം ഉണ്ടാകുമ്പോള്‍ ചോദ്യങ്ങളുയരുന്നത് സ്വാഭാവികമാണ്. ഈ പദ്ധതി സുരക്ഷിതമാണോ? ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് എന്തെല്ലാമാണ്? എതിര്‍വാദങ്ങളില്‍ കഴമ്പുണ്ടോ? അനുകൂലിച്ചവരുടെ വാദങ്ങള്‍ ഇനി നിലനില്‍ക്കുമോ?
‘ഗംഭീരം’, പരിസ്ഥിതി പഠനം: എല്ലാ പദ്ധതികളുടെയും പരിസ്ഥിതി ആഘാതം വിലയിരുത്തി, പദ്ധതി വിശദമായി പരിശോധിച്ച് അനുമതി നല്‍കുന്നത് സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയാണ്. തുരങ്കപാതയുടെ അനുമതി ചര്‍ച്ചചെയ്ത യോഗത്തിന്‍റെ മിനിറ്റ്സ് ആരംഭിക്കുന്നതു തന്നെ മണ്ണിടിച്ചിലിന് അതീവസാധ്യതയുള്ള, പരിസ്ഥിതി ലോലപ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും 2019ലും 2024ലും ഇവിടെ വലിയ മണ്ണിടിച്ചിലുണ്ടായി എന്നും പറഞ്ഞുകൊണ്ടാണ്. മണ്ണിടിച്ചിലിനും പാറകള്‍ അടര്‍ന്നുവീഴാനും വെള്ളം പൊട്ടിയൊലിച്ചെത്താനും സാധ്യതയുണ്ടെന്നും അനുമതി രേഖ പറയുന്നു. 2024ലെ മുണ്ടകൈ – ചൂരല്‍മല ദുരന്തത്തിന് ശേഷം ഇത്രയും അപകടകരമായ തുരങ്കപാതക്ക് ഒരു വിദഗ്ധ സമിതി എന്തിന് അനുമതി നല്‍കി?
വനവും പോകും, ഉന്നതികളും: 17.26 ഹെക്ടര്‍ വനപ്രദേശമാണ് പദ്ധതിക്കായി ഉപയോഗിക്കേണ്ടിവരിക. നാല് ആദിവാസി ഉന്നതികള്‍ പദ്ധതി പ്രദേശത്തുണ്ട്. ഇവിടെയുള്ള താമസക്കാരെ പുനരധിവസിപ്പിക്കണം. മാത്രമല്ല ആനത്താരകളുള്ള പ്രദേശത്ത് നിര്‍മാണം നടക്കുന്നതോടെ ആനകളുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങാനും സാധ്യതയുണ്ട്. ഈ പ്രദേശം അതീവ പരിസ്ഥിതിലോലവും ജൈവസമ്പുഷ്ടവുമാണ്.
മഴപെയ്തിറങ്ങും മലനിരകള്‍: ആനക്കാംപൊയില്‍ മുതല്‍ മീനാക്ഷിപാലംവരെ കോഴിക്കോട്, വയനാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകള്‍ ചെങ്കുത്തായ ചരിവുകളുള്ളതും പാറകളും അവയ്ക്കിടയില്‍ ചെടികളും മരങ്ങളും നിറഞ്ഞതുമാണ്. അതീവപരിസ്ഥിതി ലോലമെന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. അനേകം നീര്‍ച്ചാലുകളും അരുവികളും ഉത്ഭവിക്കുന്ന ഈ മലനിരകളാണ് ഒരുപക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്ന്. മഴയുടെ സ്വഭാവം മാറിമറിയുന്ന കാലാവസ്ഥാ മാറ്റത്തിന്‍റെ ഇക്കാലത്ത് തീവ്രമഴയുടെ ആഘാതം ഏറ്റുവാങ്ങുന്ന പ്രദേശവുമാണിത്.
മറന്നോ ചൂരല്‍മലയും മുണ്ടകൈയും?: 2019ലും 2024ലും വലിയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മേപ്പാടി പ്രദേശത്തുണ്ടായി. മുണ്ടകൈ–ചൂരല്‍മല ദുരന്തം ആധുനിക കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതി ദുരന്തമാണ്. ഭൂവിനിയോഗത്തില്‍ വന്ന മാറ്റം, തീവ്രമഴ, മുന്നറിയിപ്പു സംവിധാനങ്ങളുടെയും പ്രോട്ടോക്കോളിന്‍റെയും അഭാവം എന്നിവ ചേര്‍ന്നപ്പോള്‍ ഒരുപ്രദേശമാകെ ഒഴുകിപ്പോയത് കേരളം കണ്ടതാണ്. ആ മുറിവുണങ്ങും മുന്‍പേ എന്തിനാണ് സുരക്ഷിതമല്ലാത്ത ഒരു വന്‍വികസന പദ്ധതി ഈ പ്രദേശത്ത് കൊണ്ടുവരുന്നതെന്ന ചോദ്യത്തിനുകൂടി, പദ്ധതിക്കായി മുറവിളികൂട്ടിയവര്‍ മറുപടി നല്‍കേണ്ടതുണ്ട്.
ആഘാതം പഠിക്കണം, ശാസ്ത്രീയമായിതന്നെ: പാറപൊട്ടിച്ചും മണ്ണ് മാറ്റിയും തുരങ്കം ഉണ്ടാക്കി, അതിനുള്ളിലൂടെ നാലുവരിപ്പാതയും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുകയെന്നത് ബൃഹത്തായ പ്രവര്‍ത്തനമാണ്. ഇത്രയും വലിയ ഒരുപദ്ധതി താങ്ങാനുള്ള കെല്‍പ്പ് പരിസ്ഥിതി ലോലവും അപകടകരവുമായ ഈ പ്രദേശത്തിനുണ്ടോ? എന്തുതരം പരിസ്ഥിതി ആഘാതപഠനമാണ് നടത്തിയത്? അത് വിലയിരുത്തിയവര്‍ക്ക് അതിനുള്ള യോഗ്യതയും പ്രവര്‍ത്തന പരിചയവും ഉണ്ടോ? ഒരു പദ്ധതിയെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്നതിന് പകരം, എങ്ങിനെയും അതിന് അനുമതി നേടിയെടുക്കുക എന്നുപറയുന്നതാണോ ശാസ്ത്രീയ പഠനവും വിലയിരുത്തലും? കള്ളാടിയില്‍ പൊലിഞ്ഞ മനുഷ്യ ജീവനുകള്‍ മുന്‍നിര്‍ത്തി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണിവ.
ബദല്‍ എന്ത്?: വയനാടിന് സുരക്ഷിതവും വേഗമുള്ളതും താരതമ്യേന അപകടരഹിതവുമായ റോഡുകള്‍വേണ്ടേ ? വേണം എന്നതില്‍ തര്‍ക്കമില്ല. വിലങ്ങാട് – വയനാട് പാത വികസിപ്പിക്കുന്നത് എന്താണ് ഒരു സര്‍ക്കാരും പരിഗണിക്കാത്തത്? കഠിനമായ വളവുകളും കയറ്റിറക്കങ്ങളുമില്ലാതെ ഏതാണ്ടൊരു ചുരമില്ലാവഴിയാണിത്. വാണിമേല്‍ ഗ്രാമപഞ്ചായത്തു മുതലുള്ള ജനങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഈ സമാന്തരപാതയുടെ പ്രായോഗികത പഠിക്കേണ്ടതും പരിഗണിക്കേണ്ടതുമാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കും തിരികെയും യാത്രചെയ്യാവുന്ന ഈ പാതയായിരിക്കും ഒരുപക്ഷെ വയനാടിന് ഏറ്റവും സുരക്ഷിതമായ ബദല്‍ യാത്രാമാര്‍ഗമായി മാറുക.