പശ്ചിമബംഗാളിലെ ബരുയിപുരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിയുടെ അമ്മ. ചെയ്ത കുറ്റത്തിനാണ് തന്‍റെ മകന്‍ ശിക്ഷിക്കപ്പെട്ടതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ താല്പര്യമില്ലെന്നും കൊല്ലപ്പെട്ട പ്രഭാസ് മൊണ്ടലിന്റെ അമ്മ സന്ധ്യ മൊണ്ടൽ പറഞ്ഞു. തന്റെ മകന് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും, ഇനിമുതലുള്ള നടപടിക്രമങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും അമ്മ അഭ്യര്‍ഥിച്ചു.
അമ്മയുടെ വാക്കുകളിങ്ങനെ, പ്രഭാസിന്റെ മൃതദേഹം ഏറ്റുവാങ്ങില്ല. അവന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ല. അവൻ നല്ലതൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊന്നോളൂ, അല്ലെങ്കിൽ തോന്നിയപോലെ എന്തും ചെയ്‌തോളൂ. എനിക്ക് യാതൊരു എതിർപ്പുമില്ല. അവന് ചെയ്ത കുറ്റത്തിന് അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചത്.
മകന്റെ മരണം അറിയിക്കാൻ രണ്ട് പൊലീസുകാർ സന്ധ്യയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ, അവർക്കൊപ്പം ആശുപത്രിയിലേക്ക് പോകാൻ സന്ധ്യ വിസമ്മതിച്ചു. വീട്ടില്‍ രോഗബാധിതനായ ഭര്‍ത്താവുണ്ടെന്നും അദ്ദേഹത്തെ തനിച്ചാക്കി വരാന്‍ കഴിയില്ലെന്നുമാണ് സന്ധ്യ പൊലീസുകാരോട് പറഞ്ഞത്.
ഇന്നലെ രാത്രിയാണ് പ്രഭാസ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ സാഹചര്യങ്ങൾ പുനരാവിഷ്‌കരിക്കുന്നതിനായി പ്രഭാസിനെ സംഭവസ്ഥലത്തേയ്ക്ക് എത്തിച്ചിരുന്നു. ഇതിനിടെ ഇയാള്‍ പൊലീസുകാരന്റെ തോക്ക് കൈക്കലാക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ക്ക് നേരെ വെടിയുതിർക്കുകയും പ്രഭാസ് കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച് വിജനമായ സ്ഥലത്തെത്തിച്ച്, മറ്റ് രണ്ടുപേർക്കൊപ്പം ചേർന്ന് പ്രഭാസ് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. തുടർന്ന് കുട്ടിയെ ജീവനോടെ ചാക്കിലാക്കി കുളത്തിൽ തള്ളുകയും ചെയ്തു. ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽനിന്ന് കണ്ടെടുത്തത്. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റതായും ശരീരത്തിലുടനീളം കടിയേറ്റതിന്റെയും പോറലുകളുടെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പ്രദേശവാസികൾ പ്രഭാസിനെ പൊലീസിന് കൈമാറുകയായിരുന്നു. അനന്ത സർദാർ, ദിബാകർ എന്നിങ്ങനെ മറ്റു രണ്ടുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. അവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.