trump-gulf

ഇറാനുമായുള്ള സമാധാന കരാർ ഇനി നിലനിൽക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗൾഫ് മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിൽ. ഹോർമൂസ് കടലിടുക്കിൽ ഖത്തറിന്റെയും സൗദിയുടെയും കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ വ്യോമാക്രമണം നടത്തി. മിസൈൽ ഭാഗങ്ങൾ വീണ് ഇരുരാജ്യങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടെങ്കിലും തകരാറുകൾ ഉടനടി പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

കുവൈത്തിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളുമാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായും സുരക്ഷാ അലർട്ടുകളെ തുടർന്ന് ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും പ്രവാസികൾ വ്യക്തമാക്കുന്നു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഈ വ്യോമാക്രമണത്തെയും കപ്പലുകൾക്ക് നേരെയുണ്ടായ അക്രമങ്ങളെയും ശക്തമായ ഭാഷയിലാണ് അപലപിച്ചത്. 

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ഖത്തറിന്റെ എൽഎൻജി ടാങ്കർ ഇപ്പോഴും ഒമാൻ സമുദ്രാതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയം, ആക്രമിക്കപ്പെട്ട സൗദി കപ്പലിലെ എണ്ണ സുരക്ഷിതമാണെന്നും ജീവനക്കാരെയെല്ലാം സുരക്ഷിതമായി കരയ്ക്കെത്തിച്ചതായും അധികൃതർ അറിയിച്ചു. കപ്പലുകൾ ആക്രമിച്ചതിന് തിരിച്ചടിയായി ഇറാന് എണ്ണ വിൽക്കാൻ നൽകിയ ലൈസൻസ് റദ്ദാക്കിയതായി അമേരിക്ക പ്രഖ്യാപിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ എനർജിയുടെ മൂന്ന് എൽഎൻജി കപ്പലുകൾ ഇതിനകം തന്നെ യാത്രാദിശ മാറ്റിയിട്ടുണ്ട്. കുവൈത്തിൽ നിന്ന് അസംസ്കൃത എണ്ണയുമായി മടങ്ങുകയായിരുന്ന ഇന്ത്യൻ കപ്പലും ഹോർമൂസ് കടലിടുക്കിൽ വച്ച് സുരക്ഷിതമായി യു-ടേൺ എടുത്തു. ആക്രമണങ്ങൾക്ക് പിന്നാലെ കപ്പൽ ഗതാഗതം പൂർണമായി സ്തംഭിച്ചതോടെ വിവിധ കപ്പലുകളിലായി ആറായിരത്തോളം നാവികരാണ് ഇപ്പോൾ ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്നത്.

ENGLISH SUMMARY:

Following Trump's announcement that the Iran nuclear deal will no longer hold, the Gulf region is again gripped by war fears. Iran launched aerial attacks on Kuwait and Bahrain shortly after ships from Qatar and Saudi Arabia were attacked in the Strait of Hormuz.