ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് പിറകില്‍ അമിതവേഗത്തില്‍ വന്ന യാത്രാബസ് ഇടിച്ചുകയറുകയായിരുന്നു. ഡല്‍ഹിയിലെ പ്രേം നഗറില്‍ നിന്ന് രാജസ്ഥാനിലെ ധോല്‍പുരിലേക്ക് പോവുകയായിരുന്ന 13 പേരാണ് വാനിലുണ്ടായിരുന്നത്. മൂന്ന് കുട്ടികള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കും ഗുരുതരമായി പരുക്കേറ്റു. വാന്‍ ഡ്രൈവര്‍ മാത്രം അല്‍ഭുതകരമായി രക്ഷപെട്ടു.
പുലര്‍ച്ചെ 4.20ന് യമുന എക്സ്പ്രസ് വേയില്‍ സാദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. നോയിഡയില്‍ നിന്ന് ഗോരക്പുരിലേക്ക് പോയ ഡബിള്‍ ഡക്കര്‍ സ്‍ലീപ്പര്‍ ബസ് വാനിന് പിന്നില്‍ ഇടിച്ചു. ആഘാതത്തില്‍ വാന്‍ തകര്‍ന്ന് യാത്രക്കാരില്‍ പലരും റോഡില്‍ തെറിച്ചുവീണു. പരുക്കേറ്റ കുട്ടികളെ എസ്.എന്‍. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാം ആനന്ദ് കുശ്‍വാഹ അറിയിച്ചു.
അപകടമുണ്ടായത് അതിരാവിലെ ആയതിനാല്‍ അധികം ആളുകള്‍ പരിസരത്തുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സാദാബാസ് സി.ഐ പൊലീസുകാരുമായി സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നും എഎസ്പി പറഞ്ഞു.അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.