Image Credit:X
വാര്‍ധക്യ കാലത്തെ ഒറ്റപ്പെടല്‍ മാറാന്‍ വിവാഹം കഴിച്ച 75കാരന് വിവാഹപ്പിറ്റേന്ന് മരണം. ഉത്തര്‍പ്രദേശിലെ ജോന്‍പുറിലാണ് സംഭവം. ശങ്കുറാ(75)മെന്നയാളാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ശങ്കുറാമിന്‍റെ ഭാര്യ മരിച്ചത്. ഈ ബന്ധത്തില്‍ മക്കള്‍ ഉണ്ടായിരുന്നില്ല. തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാന്‍ ആലോചിക്കുകയായിരുന്നു. ബന്ധുക്കളോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ നിരുല്‍സാഹപ്പെടുത്തി.
ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ സെപ്റ്റംബര്‍ 29ന് തന്‍റെ പകുതി മാത്രം പ്രായമുള്ള 35കാരി മന്‍ഭവതിയെ ശങ്കുറാം വിവാഹം കഴിക്കുകയായിരുന്നു. വിവാഹം റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അടുത്ത അമ്പലത്തിലെത്തി ആചാരപ്രകാരം താലി ചാര്‍ത്തി. വിവാഹത്തിന് പിന്നാലെ സംഘടിപ്പിച്ച വിരുന്നില്‍ ' താന്‍ വീട്ടിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും കുട്ടികളുടെ കാര്യങ്ങളടക്കം എല്ലാം നോക്കിക്കോളാമെന്ന് ശങ്കുറാം പറഞ്ഞുവെന്നും വിരുന്നിനെത്തിയവരെ സന്തോഷത്തോടെ അറിയിച്ചു.
വിവാഹം കഴിഞ്ഞ രാത്രി മുഴുവന്‍ സന്തോഷത്തോടെ ഇരുവരും സംസാരിച്ച് കൊണ്ടിരുന്നുവെന്നാണ് മന്‍ഭവതി പറയുന്നത്. പുലര്‍ച്ചെ ആയതോടെ ശങ്കുറാമിന്‍റെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശങ്കുറാമിന്‍റെ മരണം ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശങ്കുറാമിന്‍റെ മരണം സ്വാഭാവികമാണെന്ന് ചിലരും എന്നാല്‍ സംശയമുണ്ടെന്ന് ബന്ധുക്കളും പറയുന്നു. പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും സ്വത്തടക്കം തട്ടിയെടുക്കാന്‍ മന്‍ഭവതി കരുതിക്കൂട്ടി എന്തെങ്കിലും ചെയ്തോ എന്ന് കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.