AI Generated Image
നടുറോഡില്‍ കുഞ്ഞിനെയും യുവതിയെയും അപമാനിച്ച കേസില്‍ തേപ്പുകാരനായ യുവാവ് കുറ്റക്കാരനെന്ന് ഡല്‍ഹി കോടതി. സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ കരഞ്ഞ മൂന്നുവയസ്സുള്ള കുഞ്ഞിനോട് അച്ഛന്‍ ഇപ്പോള്‍ എത്തുമെന്ന് യുവതി പറഞ്ഞു. ഇതുകേട്ട് തൊട്ടടുത്തുനിന്ന യുവാവ് ‘ഏത് അച്ഛന്‍?’ എന്ന് ചോദിക്കുകയായിരുന്നു. യുവാവിന്റെ ഈ പരാമര്‍ശം ലൈംഗികാധിക്ഷേപമാണെന്ന് കോടതി വിലയിരുത്തി.
Also Read: 'സ്മിത് മച്ഛാറിന്‍റെ തല പിളര്‍ന്നു, കൈ ഏറെക്കുറെ ഛേദിക്കപ്പെട്ട നിലയില്‍'
യുവതിക്ക് ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ടെന്ന ധ്വനിയുണ്ടാക്കുന്ന ചോദ്യമാണിതെന്നും കുഞ്ഞിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചു. യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെ ഭര്‍തൃപിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023 മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി
വൈകിട്ട് നാലുമണിയോടെ റോഡിലൂടെ നടക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോള്‍ ‘അച്ഛന്‍ വരും, കരയാതിരിക്കൂ’ എന്ന് യുവതി പറഞ്ഞു. ഇതുകേട്ട തേപ്പുകാരന്‍ ‘ഏത് അച്ഛനാണ് വന്നത്?’ എന്ന് ചോദിച്ചതാണ് പരാതിക്കാധാരം. യുവതി ആദ്യം ഈ കമന്റ് കാര്യമാക്കിയില്ലെങ്കിലും വീട്ടിലെത്തി സംഭവം പറഞ്ഞതോടെയാണ് അമ്മായിയച്ഛന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.
സംഭവത്തെക്കുറിച്ച് കോടതി വിധിന്യായത്തില്‍ ഇങ്ങനെ വ്യക്തമാക്കി: ‘പരാതിക്കാരിയോട് പ്രതി “ഏത് അച്ഛനാണ്?” എന്ന വാക്കുകള്‍ ഉപയോഗിച്ചതായി പ്രോസിക്യൂഷന്‍ കണ്ടെത്തി. പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയാണ് പ്രതി ചെയ്തത്. ഐപിസി സെക്ഷന്‍ 509 പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു’
കുട്ടിക്ക് ഒന്നിലധികം പിതാക്കന്മാരുണ്ടാകാമെന്ന ധ്വനിയോടെ സ്ത്രീയെ മനപ്പൂര്‍വം അപമാനിക്കാനും അവരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനുമുള്ള നീക്കമായി മാത്രമേ ഈ സംഭവത്തെ കാണാനാകൂവെന്നും കോടതി പറഞ്ഞു. സ്ത്രീയുടെ സ്വഭാവശുദ്ധിയെയും വിശ്വസ്തതയെയും സംശയനിഴലിലാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും കോടതി വ്യക്തമാക്കി. താന്‍ ഈ വാക്കുകള്‍ പറഞ്ഞതായി പ്രതി സമ്മതിച്ചെങ്കിലും ദുരുദ്ദേശ്യമില്ലായിരുന്നുവെന്നായിരുന്നു വാദം.
എന്നാല്‍, ഈ കേസില്‍ പ്രതിയെ വെറുതേ വിടാനുള്ള സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍ മറ്റാരുമില്ലാത്ത സംഭവമാണെങ്കിലും പരാതിക്കാരിയുടെ മൊഴി വിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുവാവിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.