Image: AFP
ട്രംപിന്‍റെ പുതിയ ധനവിനിയോഗ ബില്‍ കണ്ടിട്ട് അറപ്പും വെറുപ്പും തോന്നുന്നുവെന്ന് ഇലോണ്‍ മസ്ക്. എക്സിലാണ് യുഎസ് പ്രസിഡന്‍റിനെ വിമര്‍ശിച്ച് മസ്ക് രംഗത്തെത്തിയത്. ബില്ലിന് അനുകൂലമായി വോട്ടുചെയ്തവരെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും അമേരിക്കന്‍ ജനതയെ വഞ്ചിച്ച രാഷ്ട്രീയക്കാരെ അടുത്ത നവംബറില്‍ ജനം പുറത്താക്കുമെന്നും മസ്ക് കുറിച്ചു. അറിയാതെയൊന്നുമല്ല ജനദ്രോഹപരമായ ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പാസാക്കിയതെന്നും മസ്ക് വിമര്‍ശനം കടുപ്പിച്ചു. Read More: ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള രാജിക്ക് പിന്നിലെന്ത്?
ഓവല്‍ ഓഫിസിലെ 'പ്രത്യേക സര്‍ക്കാര്‍ ജോലി' മതിയാക്കിയതിന് പിന്നാലെയാണ് മസ്ക് ട്രംപിനെതിരെ തിരിഞ്ഞത്. എന്നെക്കൊണ്ട് ഇവിടെ തുടരാന്‍ പറ്റില്ലെന്നായിരുന്നു കാര്യക്ഷമതാ വിഭാഗത്തില്‍ നിന്ന് പിരിയുന്നതിന് കാരണമായി മസ്ക് ചൂണ്ടിക്കാട്ടിയത്. അതേസമയം, ട്രംപുമായി ലോകകോടീശ്വരന്‍ അത്ര രസത്തിലല്ലെന്നും അടിച്ചു പിരിഞ്ഞുവെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 250 ദശലക്ഷം യുഎസ് ഡോളറാണ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്ക് സംഭാവനയായി നല്‍കിയത്. Also Read: എക്സ്റ്റസി, മാജിക് മഷ്റൂം, കെറ്റാമൈൻ; ലഹരിയില്‍ മുങ്ങി മസ്ക്?
അതേസമയം, മസ്കിന്‍റെ വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും ബില്ലിന്‍മേല്‍ മസ്കിന്‍റെ നിലപാട് ട്രംപിന് നേരത്തെ തന്നെ വ്യക്തമായതാണെന്നും അതുകൊണ്ട് തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞു. ബൃഹത്തും മനോഹരവുമായ ബില്ലാണിതെന്നും ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. ട്രംപ് കൊണ്ടുവന്ന ടാക്സ് ബില്‍ ഖജനാവിന് ബാധ്യതയാകുമെന്നാണ് മസ്കിന്‍റെ പക്ഷം. ധനക്കമ്മി ഇപ്പോള്‍ തന്നെ കൂടുതലാണ്. അത് പിടിവിട്ട് കുതിക്കാന്‍ മാത്രമേ നിലവിലെ ബില്‍ വഴിവയ്ക്കുകയുള്ളൂവെന്നും മസ്ക് പറയുന്നു. Read More: ട്രംപിന്റെ പേരക്കുട്ടിയെ കല്യാണം കഴിക്കണം
എന്താണ് ടാക്സ് ബില്‍? മസ്കിനെ ചൊടിപ്പിച്ചതെന്ത്?
ഹൗസ് പാസാക്കി സെനറ്റില്‍ ചര്‍ച്ച കാത്തിരിക്കുകയാണ് ട്രംപിന്‍റെ ടാക്സ് ബില്‍. ബില്‍ നിലവില്‍ വരുന്നതോടെ മസ്കിന്‍റെ ടെസ്ലയ്ക്കുള്ള സബ്സിഡി ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെടും. ഇലക്ട്രിക വാഹനങ്ങള്‍ക്കും സമാന സാങ്കേതിക വിദ്യകള്‍ക്കുമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2017ല്‍ അംഗീകരിച്ച നികുതി നീട്ടുന്നതിനൊപ്പം,പുതിയ നികുതികള്‍ കൊണ്ടുവരാനും ബജറ്റ് പാക്കേജ് ലക്ഷ്യമിടുന്നു. മാത്രമല്ല അതിര്‍ത്തി സുരക്ഷ, നാടുകടത്തല്‍, ദേശീയ സുരക്ഷ എന്നിവയ്ക്കായി 350 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനും ബില്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. അതേസമയം സാധാരണക്കാരായ അമേരിക്കന്‍ ജനതയ്ക്ക് ബില്‍ ആശ്വാസമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ടെസ്‍ലയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന ഭയത്തെ തുടര്‍ന്നാണ് മസ്ക് ബില്ലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നതെന്നാണ് റിപ്പബ്ലിക്കന്‍ അനുകൂലികള്‍ പറയുന്നത്.