ഇറാനുമായുള്ള യുദ്ധം രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍, നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി നിലവിൽ യാതൊരുവിധ ചർച്ചകൾക്കും താൽപ്പര്യമില്ലെന്നും, ടെഹ്‌റാനിലെ സൈന്യവും ഭരണനേതൃത്വവും പൂർണമായും ഇല്ലാതായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രസ്താവന.
ഇറാനിലെ പ്രധാന നേതാക്കള്‍ വധിക്കപ്പെടുകയും സൈന്യം തകർക്കപ്പെടുകയും ചെയ്താൽ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തിയുണ്ടാകില്ലെന്ന് ട്രംപ് നിരീക്ഷിച്ചു. 'ഒരു ഘട്ടത്തിൽ, തങ്ങൾ കീഴടങ്ങുന്നു എന്ന് പറയാൻ പോലും അവിടെ ആരും അവശേഷിക്കുമെന്ന് ഞാൻ കരുതുന്നില്ല,' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇറാന്റെ നിരുപാധികമായ കീഴടങ്ങലാണ് ട്രംപ് ലക്ഷ്യമിടുന്നത്.
യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കിടയിൽ, അയൽരാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ക്ഷമാപണം നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ രോഷം തണുപ്പിക്കാനായിരുന്നു ഈ നീക്കമെങ്കിലും, സ്വന്തം നാട്ടിലെ തീവ്രനിലപാടുകാരിൽ നിന്ന് അദ്ദേഹത്തിന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. തങ്ങളുടെ പ്രദേശം ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാതിരുന്നാൽ അയൽരാജ്യങ്ങൾക്കെതിരായ നടപടികൾ നിർത്തിവെക്കാൻ തയ്യാറാണെന്നും പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ കീഴടങ്ങൽ ആവശ്യം വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
പ്രസിഡന്റിന്റെ ക്ഷമാപണം ഇറാനിലെ ഉന്നത നേതൃത്വത്തിൽ ഭിന്നതയുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. സുപ്രീം നേതാവിന്റെ അധികാരങ്ങൾ താൽക്കാലികമായി വഹിക്കുന്ന കൗൺസിലിലെ കടുത്ത നിലപാടുകാരനായ ജുഡീഷ്യറി മേധാവി മൊഹ്‌സെനി-എജെയ്, തിരിച്ചടി തുടരുമെന്ന് പ്രഖ്യാപിച്ചു. മണിക്കൂറുകൾക്ക് ശേഷം അബുദാബിക്ക് സമീപമുള്ള യുഎസ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി റെവല്യൂഷണറി ഗാർഡുകൾ അവകാശപ്പെട്ടു.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാൻ സൈന്യത്തിന് ആയുധം താഴെ വയ്ക്കാൻ മുന്നറിയിപ്പ് നൽകി. ആയുധം ഉപേക്ഷിക്കുന്നവർക്ക് പരുക്കേൽക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ സംഘർഷം പുകയുന്നതിനിടെ ഓസ്ലോയിലെ യുഎസ് എംബസിയിലുണ്ടായ സ്ഫോടനവും ലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.