kamal-hassan-trump-open-letter

ഇറാന്‍–യുഎസ്–ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും വ്യാപാര തീരുമാനങ്ങളിലും കൈകടത്തുന്ന അമേരിക്കൻ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംപിയുമായ കമൽഹാസൻ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് 30 ദിവസത്തെ ‘താല്‍ക്കാലിക ഇളവ്’ നൽകിയെന്ന ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഡൊണാൾഡ് ട്രംപിന് കമൽഹാസൻ തുറന്ന കത്തെഴുതി. ഒരു വിദേശ രാജ്യത്തിന്റെയും ഉത്തരവുകൾ അനുസരിക്കാൻ ഇന്ത്യ ബാധ്യസ്ഥരല്ലെന്ന് അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു.

എക്സ് അക്കൗണ്ടിലൂടെയാണ് ‘അഭിമാനിയായ ഇന്ത്യൻ പൗരൻ’ എന്ന പേരിൽ കമൽഹാസൻ കത്ത് പങ്കുവെച്ചത്. ‘പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലാണ് ജീവിക്കുന്നത്. വിദൂര വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കുന്നില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നോക്കുക’ എന്ന് അദ്ദേഹം കത്തിൽ കുറിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ആഗോള സമാധാനത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ആധാരം. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ ഇളവ് നൽകുന്നുവെന്ന യുഎസ് നിലപാട്, ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ പശ്ചിമേഷ്യയിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം ലഘൂകരിക്കാനാണ് ഈ നീക്കമെന്നും ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സ്കോട്ട് ബെസെന്റ് പറഞ്ഞിരുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളിൽ നിബന്ധനകൾ വെക്കാൻ അമേരിക്കയ്ക്ക് അധികാരമില്ലെന്നാണ് മക്കൾ നീതി മയ്യം നേതാവ് കൂടിയായ കമൽഹാസൻ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വിദേശനയവും വ്യാപാരവും ആരുടെയും അനുമതിയോടെയല്ല മറിച്ച് രാജ്യതാൽപ്പര്യം മുൻനിർത്തിയാണെന്ന സന്ദേശം ഈ തുറന്ന കത്തിലൂടെ വലിയ ചർച്ചയായിരിക്കുകയാണ്.

ENGLISH SUMMARY:

Actor and MP Kamal Haasan slammed US President Donald Trump in an open letter, stating India is a sovereign nation that doesn't take orders from foreign powers. This comes after the US Treasury offered a "30-day waiver" for India to buy Russian oil.