വിവാഹ വിപണിയിലെ വിചിത്രമായ ഡിമാൻഡുകളും മാറുന്ന ട്രെൻഡുകളും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരം പിടിവാശി കാരണം ഒരു യുവതിയെയും കുടുംബത്തെയും മാച്ച് മേക്കിങ് സർവീസ് തന്നെ 'ബാൻ' ചെയ്ത വാർത്തയാണ് സോഷ്യലിടത്ത് വൈറലാവുന്നത്. 28 വയസുള്ള, പ്രതിവർഷം 11 ലക്ഷം രൂപ വരുമാനമുള്ള യുവതി തനിക്ക് പങ്കാളിയായി വരേണ്ടത് ഒരു കോടി രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള വരനായിരിക്കണം എന്ന് നിർബന്ധം പിടിച്ചതോടെയാണ് മാച്ച് മേക്കിങ് സർവീസ് യുവതിയെയും കുടുംബത്തെയും ബാന്‍ ചെയ്തത്.
'ദി ഡേറ്റ് ക്രൂ' എന്ന പ്രമുഖ മാച്ച് മേക്കിങ് സർവീസിന്റെ സ്ഥാപക ഓന്ദ്രില കപൂർ ആണ് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ തങ്ങൾക്കുണ്ടായ ഈ ദുരനുഭവം പങ്കുവെച്ചത്. ആഴ്ചകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ യുവതിയെയും കുടുംബത്തെയും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും വിലക്കാൻ ഓന്ദ്രില തീരുമാനിക്കുകയായിരുന്നു. 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മികച്ച പശ്ചാത്തലമുള്ള യുവാക്കളുടെ പ്രൊഫൈലുകൾ നൽകിയെങ്കിലും, അതൊന്നും തങ്ങളുടെ 'വൈബിന്' ചേരുന്നതല്ലെന്ന് പറഞ്ഞ് യുവതിയും കുടുംബവും നിരസിക്കുകയായിരുന്നു.
തുടർന്ന് അവർക്ക് താല്പര്യമുള്ള പ്രൊഫൈലുകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മാച്ച് മേക്കിങ് ടീം ശരിക്കും ഞെട്ടിയത്. അവർ തിരഞ്ഞെടുത്ത 15-20 പ്രൊഫൈലുകളിലെ പുരുഷന്മാരെല്ലാം ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരും ഒരു കോടി രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവരുമായിരുന്നു. എന്നാൽ 11 ലക്ഷം രൂപ മാത്രം വരുമാനമുള്ള ഈ യുവതിയുടെ പ്രൊഫൈലിൽ താല്പര്യം പ്രകടിപ്പിക്കാൻ ഉയർന്ന ശമ്പളമുള്ള ആ പുരുഷന്മാരാരും തയ്യാറായിരുന്നില്ല എന്നതാണ് യാഥാർഥ്യം.
'നിങ്ങൾക്ക് മുൻഗണനകൾ ഉണ്ടാകാം, പക്ഷേ അത് വെറും മതിഭ്രമം ആകരുത്,' എന്ന് ഓന്ദ്രില വിഡിയോയിൽ കുറിച്ചു. ഇതൊരു വിവാഹാലോചനയല്ല, മറിച്ച് ഒരു മരുമകനെ വാങ്ങാനുള്ള ഷോപ്പിങ് ലിസ്റ്റ് പോലെയാണ് തോന്നുന്നതെന്നും അവർ തുറന്നടിച്ചു. ഉയർന്ന ശമ്പളവും നിലവാരവുമുള്ള പുരുഷന്മാർക്ക് ഇത്തരം 'അഹന്ത' പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും, പ്രായോഗികമല്ലാത്ത ഡിമാൻഡുകൾ വെക്കുന്നവരുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഇവരെ പ്ലാറ്റ്‌ഫോമിൽ നിന്നും ഒഴിവാക്കിയത്. പോസ്റ്റിന് താഴെ നിരവധി പേരാണ് യുവതിയുടെയും കുടുംബത്തിന്റെയും നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയത്.