sarfaraz-khan-replaces-sai-sudharsan-sl-test
  • 'അതെല്ലാം വാസ്തവമായിരുന്നുവെങ്കില്‍ ഇന്ത്യ എ ടീമിലേക്കും പിന്നീട് ശ്രീലങ്കന്‍ പര്യടനത്തിനും ഞാന്‍ സിലക്ട് ആകുമായിരുന്നോ? ആരാണിതൊക്കെ പറഞ്ഞ് പരത്തുന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നി. ഞാന്‍ വിളിച്ചവരാരും ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കിയില്ല'

ബോര്‍ഡര്‍ –ഗവാസ്കര്‍ ട്രോഫി മല്‍സരങ്ങള്‍ക്കിടെയുണ്ടായ ഡ്രസിങ് റൂം വിവാദത്തില്‍ മനസ് തുറന്ന് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ഫറാസ് ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പുറത്ത് വന്ന വാര്‍ത്തകള്‍ കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുടുംബം ഒന്നടങ്കം ബാധിക്കപ്പെട്ടുവെന്നും ഗംഭീര്‍ തന്നെ സ്വകാര്യമായി വിളിച്ച് ശകാരിച്ചതായുള്ള വാര്‍ത്തകള്‍ തകര്‍ത്തുകളഞ്ഞുവെന്നും സര്‍ഫറാസ് വെളിപ്പെടുത്തി. 

'എനിക്കെന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യേണ്ടി വന്നു. ജിജി സര്‍ രണ്ടുവട്ടം വിളിച്ചു. വേണ്ടാത്ത സംസാരങ്ങളാണ് പുറത്ത് നടക്കുന്നത്. ആ പൊളിറ്റിക്സില്‍ തലവച്ച് കൊടുക്കരുത്, കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. എനിക്കിത് മനസിലാകും, പക്ഷേ എന്‍റെ പിതാവ് സങ്കടത്തിലാണ്, എന്‍റെ ഭാര്യ ഇപ്പോഴും കരയുകയാണ് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പിതാവിനോട് സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും സര്‍ഫറാസ് ക്രിക്കറ്റ്  കളിക്കട്ടെ, അവന്‍ നല്ല താരമാണ് എന്നും എന്താവശ്യമുണ്ടെങ്കിലും വിളിക്കൂവെന്നും പറഞ്ഞു. എന്നെ ആദ്യം ബന്ധപ്പെട്ട് അദ്ദേഹം തന്നെയാണ്'- സര്‍ഫറാസ് വെളിപ്പെടുത്തി.

വിവാദവും വാര്‍ത്തയും തന്നെ വല്ലാതെ മുറിവേല്‍പ്പിച്ചുവെന്നും താരം പറഞ്ഞു. 'എനിക്ക് വല്ലാതെ മുറിവേറ്റു. എന്‍റെ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ മുതല്‍ ഫോണ്‍ വിളിയുടെയും മെസജുകളുടെയും പ്രളയമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിറയെ ഇക്കാര്യം മാത്രം. പര്യടനത്തിനിടെ പരുക്കേറ്റതിനാല്‍ ഞാന്‍ എന്‍സിഎയില്‍ റീഹാബിന് പോയി. പെട്ടെന്നാണ് ഡ്രസിങ് റൂമിലെ 'വാര്‍ത്തകള്‍' നിറഞ്ഞത്. ആരോടാണ് പോയി സംസാരിക്കേണ്ടത് എന്ന് എനിക്ക് തന്നെ മനസിലായില്ല'- സര്‍ഫറാസ് വിശദീകരിച്ചു. 

വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാദിച്ചു.  'ആരോടാണ്  പോയി പറയേണ്ടത്. ഇങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ എ ടീമിലേക്കും പിന്നീട് ശ്രീലങ്കന്‍ പര്യടനത്തിനും ഞാന്‍ സിലക്ട് ആകുമായിരുന്നോ? ആരാണിതൊക്കെ പറഞ്ഞ് പരത്തുന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നി. ഞാന്‍ വിളിച്ചവരാരും ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കിയില്ല. കുടുംബത്തിന് ഞാന്‍ കാരണം ചീത്തപ്പേരായി. 

 ഡ്രസിങ് റൂമിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സര്‍ഫറാസ് ഖാന്‍ ആയിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായത്. ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 3–1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. 

ENGLISH SUMMARY:

Indian cricketer Sarfaraz Khan has opened up about the dressing-room controversy during the Border-Gavaskar Trophy, revealing the emotional toll it took on him and his family. In an interview with Aakash Chopra, Sarfaraz said he had to switch off his phone because of the flood of calls and messages, while his wife was left crying over reports accusing him of leaking dressing-room secrets. He revealed that head coach Gautam Gambhir was the first person to contact him, calling him twice, advising him to ignore the rumours and focus on cricket, and reassuring his father that Sarfaraz was a talented player. Sarfaraz denied leaking any information, describing the allegations as baseless and saying the controversy had deeply hurt him and brought unwanted embarrassment to his family.