sindhu-krishna-birthday-post

തന്‍റെ 55ാം ജന്മദിനം ആഘോഷമാക്കി സിന്ധു കൃഷ്ണ. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിച്ചതിന്‍റെ വിഡിയോയും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. 

എന്റെ 55-ാം ജന്മദിനം വളരെ മനോഹരവും അവിസ്മരണീയവുമായി മാറ്റി. ഇത്രയും അടിപൊളിയാക്കിയതിന് എന്റെ പ്രിയപ്പെട്ട മക്കൾക്ക് ഒത്തിരി നന്ദി!  എങ്കിലും, ഹൻസുവിനെ ഒരുപാട് മിസ് ചെയ്തു!  പ്രിയ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്നപ്പോൾ സ്നേഹവും ചിരിയും സന്തോഷവും നിറഞ്ഞുനിന്നു... എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ദിവസം! എന്ന അടിക്കുറിപ്പോടെയാണ് സിന്ധു പിറന്നാള്‍ വിഡിയോ പോസ്റ്റ് ചെയ്തത്. 

സിന്ധുവിന്റെ ഒരു വയസ് മുതൽ 55 വയസുവരെയുള്ള അപൂർവ ചിത്രങ്ങളും പൂക്കളും കൊണ്ടുള്ള മനോഹരമായ അലങ്കാരങ്ങളായിരുന്നു പാര്‍ട്ടിയുടെ പ്രധാന ആകർഷണം.  കുടുംബത്തിന് പുറത്തുനിന്നുള്ള സുഹൃത്തുക്കളും മറ്റും പങ്കെടുത്ത ഇത്തരത്തിലുള്ളൊരു പിറന്നാൾ പാർട്ടി തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ റിസോർട്ടുകളിലോ വീട്ടിലോ ഒതുങ്ങിയിരുന്ന ആഘോഷങ്ങളിൽ നിന്നും കശ്മീർ യാത്രയിലെ ചെറിയ കേക്ക് മുറിക്കലിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇതെന്നും ഓരോ ഫോട്ടോയിലൂടെയും തന്റെ പഴയകാല അനുഭവങ്ങളെക്കുറിച്ചും സിന്ധു ഓർത്തെടുത്തു. ഭർത്താവ് കൃഷ്ണകുമാറും തങ്ങളുടെ കുടുംബജീവിതത്തിലെ മനോഹരമായ ഓർമകൾ പാര്‍ട്ടിയില്‍ പങ്കുവച്ചു.

പിറന്നാള്‍ ഏഴാം തീയതി ആയിരുന്നുവെങ്കിലും ഇളയമകള്‍ ഹൻസികയുടെ സിനിമയുടെ പ്രമോഷൻ പരിപാടികൾ കാരണം ആഘോഷം 11-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സിനിമാ തിരക്കുകള്‍ കാരണം അന്നും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഹന്‍സു എന്ന ഹന്‍സികയ്ക്ക് സാധിച്ചില്ല. പിറന്നാള്‍ ആഘോഷത്തിന്‍റെ ഡെക്കറേഷന്‍ ഇത്തവണ പൂര്‍ണമായും പ്ലാന്‍ ചെയ്തത് അഹാനയാണെന്ന് ഇഷാനി വെളിപ്പെടുത്തി. ഡെക്കറേഷന്‍ ഏകദേശം എങ്ങനെയായിരിക്കുമെന്ന ഒരു ഐഡിയ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂവെന്നും കണ്ടപ്പോള്‍ വളരെയധികം അതിശയം തോന്നിയെന്നും ഇഷാനി കൂട്ടിച്ചേര്‍ത്തു. അമ്മയോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് അഹാന കൃഷ്ണ പങ്കുവെച്ച  കുറിപ്പ് സോഷ്യൽ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

ENGLISH SUMMARY:

Sindhu Krishna celebrated her 55th birthday in style surrounded by close family members and friends, sharing a heartwarming video of the festivities on social media. Organized primarily by her eldest daughter Ahaana Krishna, the party featured unique floral decorations showcasing rare photographs of Sindhu from age one to 55.