വര്‍ഷങ്ങളായി കുടുംബത്തിന്റെ മുന്നില്‍ വെജിറ്റേറിയനായി ജീവിച്ച 77 കാരനെ കുടുക്കി മീന്‍ മുള്ള്. കാണ്‍പൂരിലെ ബാരയിലാണ് സംഭവം. മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആരോടും പറയാനാവാതെ 7 ദിവസമാണ് വയോധികന് വേദന സഹിച്ചത്.
വയോധികനായ ഗംഗാ ബക്ഷിന് മീന്‍ വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ കുടുംബത്തിലുള്ള എല്ലാവരും വെജിറ്റേറിയന്‍ ആയതിനാല്‍ വയോധികന് മീനിനോടുള്ള ഇഷ്ടം മറ്റുള്ളവരില്‍ നിന്ന് മറച്ചുവച്ചു. മീന്‍ കഴിക്കാന്‍ തോന്നുമ്പോള്‍ കുടുംബത്തിലെ ബാക്കിയുള്ളവരുടെ കണ്ണു വെട്ടിച്ച് ഇദ്ദേഹം മീന്‍ കഴിക്കും. ആരും അറിയാതെ മീന്‍ കഴിക്കുന്നത് വയോധികന് തുടര്‍ന്നു.
കഴിഞ്ഞ ഒക്ടോബര്‍ 25ന് വയോധികന് ആരുമറിയാതെ മീന്‍ കഴിക്കുന്നതിനിടയില്‍ മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി. വീട്ടിലെ ആരോടും ഇക്കാര്യം പറയാതെ മറച്ചുവച്ചെങ്കിലും ദിവസം കഴിയുന്തോറും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാന്‍ പോലും ഗംഗാ ബക്ഷിന് കഴിയാതെയായി. പല ആശുപത്രികളില്‍ പോയെങ്കിലും മുള്ള് എടുക്കാന്‍ സാധിച്ചില്ല.
ഒടുവില്‍ സഹിക്കെട്ട് വയോധികന് വീട്ടുകാരോട് തൊണ്ടയില്‍ എന്തോ കുടുങ്ങിയെന്നും അസഹനീയമായ വേദനയാണെന്നും പറഞ്ഞു. ഡോക്ടര്‍മാരുടെ ചോദ്യത്തിന് വീട്ടുകാര്‍ പറഞ്ഞത് തങ്ങള്‍ വെജിറ്റേറിയന്‍ ആണ്, എന്തോ തൊണ്ടയില്‍ കുടുങ്ങി എന്നാണ്. തൊണ്ടയില്‍ കുടുങ്ങിയത് മീനിന്റെ മുള്ളാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ അത്രയും കാലം ആരോടും പറയാതിരുന്ന കള്ളത്തരം പൊളിയുകയായിരുന്നു. ഒടുവിൽ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ വെച്ച് മുള്ള് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.