ട്രംപ് ഭരണകൂടത്തില്‍ നിന്നും രാജിവച്ച് കോടീശ്വരന്‍ ഇലോണ്‍ മസ്ക്. എന്നാല്‍ എന്തുകൊണ്ടാണ് മസ്കിന്‍റെ രാജിയെന്ന് അന്വേഷിക്കുകയാണ് ലോകം മുഴുവനും. യുഎസ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്നാണ് മസ്കിന്‍റെ പടിയിറക്കം. ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് കുറയ്ക്കുന്നതുള്‍പ്പെടെ വലിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച ട്രംപിന്‍റെ ഉറ്റ സുഹൃത്താണ് 130 ദിവസങ്ങള്‍ക്ക് ശേഷം പടിയിറങ്ങുന്നത്. എന്തായിരിക്കും മസ്കിന്‍റെ പടിയിറക്കത്തിന് കാരണം?
ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്കിന്‍റെ പടിയിറക്കം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന വിഷയം, ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ആണത്രേ. പലതവണയായി ബില്ലിൽ മസ്ക് നിരാശ പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് അഭിപ്രായപ്പെട്ടിരുന്നു. ഇത് ട്രംപുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നാണ് കരുതുന്നത്.
ട്രംപിന്‍റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' നോടുള്ള മസ്കിന്‍റെ വിയോജിപ്പ് ഇതിനകം തന്നെ പരസ്യമാണ്. അതേസമയം ‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ സമയം അവസാനിക്കുകയാണ്. ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’ എന്ന് മസ്ക് എക്സിൽ കുറിച്ചു. പിന്നാലെ മസ്കിനെ ‘ടെറിഫിക്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മസ്ക് എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. മസ്ക് വളരെ മികച്ച വ്യക്തിയാണെന്നും എല്ലാവിധത്തിലും നമ്മെ സഹായിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ടെസ്‌ലയുടെ ലാഭത്തിൽ ഇടിവുണ്ടായതും കമ്പനിക്ക് നേരെ പ്രതിഷേധങ്ങൾ ഉയർന്നതും ശ്രദ്ധ കമ്പനിയില്‍ കൂടുതലായി കേന്ദ്രീകരിക്കാന്‍ മസ്കിനെ പ്രേരിപ്പിച്ചതായാണ് കരുതുന്നത്.
2024 ലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ സംഭാവനകള്‍ നൽകിയ വ്യക്തിയാണ് മസ്‌ക്. വോട്ടെടുപ്പിന് മുമ്പുള്ള പ്രചാരണങ്ങളിൽ ട്രംപിനോടൊപ്പം മസ്കുമുണ്ടായിരുന്നു. പ്രചാരണങ്ങളില്‍ മാത്രമല്ല റിപ്പബ്ലിക്കൻ പാര്‍ട്ടി അധികാരമേറ്റപ്പോൾ, ട്രംപ് തന്‍റെ രണ്ടാം ടേം തുടങ്ങിയപ്പോളും മസ്ക് ഉറ്റസൃഹൃത്തായി ഒപ്പമുണ്ടായിരുന്നു. അധികാരമേറ്റയുടനെ മസ്ക് ഡോജിനെ നയിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.