Israeli security forces inspect a damaged apartment building struck by an Iranian missile in Tel Aviv, Israel, Sunday, March 8, 2026. (AP Photo/Ohad Zwigenberg)

Israeli security forces inspect a damaged apartment building struck by an Iranian missile in Tel Aviv, Israel, Sunday, March 8, 2026. (AP Photo/Ohad Zwigenberg)

ടെഹ്റാനില്‍ നടത്തിയ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ടെല്‍ അവീവില്‍ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമാക്കിയെങ്കിലും സാരമായ നാശനഷ്ടങ്ങള്‍ ഇസ്രയേലില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പത്തിലേറെ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റൊരാള്‍ക്ക് സാരമായി പരുക്കേറ്റു. ശേഷിക്കുന്ന നാലുപേര്‍ക്ക് നിസാര പരുക്കാണുള്ളത്. സ്ഫോടനത്തില്‍ ടെല്‍ അവീവിലെ റോഡുകളിലൊന്നില്‍ വലിയ ഗര്‍ത്തം പ്രത്യക്ഷപ്പെട്ടതിന്‍റെ ചിത്രങ്ങള്‍ ഇസ്രയേലി മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഇസ്രയേലില്‍ കനത്ത നാശമുണ്ടായതിന് പിന്നാലെ ടെല്‍ അവീവിലെ ഹബീമ ചത്വരത്തില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി നടന്നു. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ' 'ചോരക്കളി നിര്‍ത്തൂ, യുദ്ധം വേണ്ട ബിബി, ട്രംപ്' എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

അതേസമയം, ഇതാദ്യമായി മിസൈല്‍ ശേഖരം പ്രദര്‍ശിപ്പിച്ച് ഇറാന്‍റെ ശക്തിപ്രകടനം. രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മിസൈലുകള്‍ക്ക് നടുവിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന റവല്യൂഷനറി ഗാര്‍ഡ് തലവന്‍മാരുടെ ചിത്രങ്ങളും സെജ്ജല്‍, ഫത്താ തുടങ്ങിയ മിസൈലുകളും ഇറാന്‍ പ്രദര്‍ശിപ്പിച്ചവയിലുണ്ട്. തീവ്രമായ യുദ്ധമാണെങ്കില്‍ പോലും ആറുമാസം യുദ്ധം ചെയ്യാനുള്ള എല്ലാത്തരത്തിലുമുള്ള ശേഷി ഇറാനുണ്ടെന്ന് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ശക്തിപ്രകടനം. ഈ യുദ്ധത്തിന് ഇറാന്‍ കരുതിത്തന്നെയാണെന്നും ദീര്‍ഘദൂര മിസൈലുകളും അത്യാധുനിക മിസൈലുകളും വരും ദിവസങ്ങളില്‍ പ്രയോഗിക്കുമെന്നും റവല്യൂഷനറി ഗാര്‍ഡ് വെളിപ്പെടുത്തിയിരുന്നു. പൊറുക്കാനാവാത്ത തെറ്റാണ് ട്രംപും അമേരിക്കയും ചെയ്തതെന്നും അതിന്‍റെ വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും സ്വയം  പ്രതിരോധിക്കാനാണ് യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു.

എന്നാല്‍ ഇറാന്‍റെ ശക്തി ക്ഷയിച്ചുവെന്നും ഇറാന്‍റെ വ്യോമമേഖല മുഴുവന്‍ ഇസ്രയേലിന്‍റെയും യുഎസിന്‍റെയും കീഴിലാണെന്നുമായിരുന്നു നെതന്യാഹുവിന്‍റെ അവകാശവാദം. ഗള്‍ഫ് രാജ്യങ്ങളിലും ഇസ്രയേലിലേക്കും ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി കുറ‍ഞ്ഞുവെന്നും മിസൈല്‍ ലോഞ്ചറുകള്‍ വ്യാപകമായി തകര്‍ത്തുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അതിന് അധികം ആയുസ്സുണ്ടാവില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി. 

ENGLISH SUMMARY:

On March 8, 2026, Iran launched a massive missile attack on Tel Aviv in retaliation for strikes on Tehran, causing multiple explosions and injuring at least six people. Despite Israel's air defense interceptions, significant structural damage occurred, including a large crater on a major road. Following the attack, massive protests erupted in Tel Aviv against Prime Minister Netanyahu and President Trump, demanding an end to the war. Simultaneously, Iran's Revolutionary Guard showcased its secretive missile arsenal, including Fattah and Sejjil missiles, asserting their capability to sustain high-intensity combat for over six months. While Netanyahu claims Iran's aerial strength is depleted, Tehran warns of further deployments of advanced long-range weaponry