സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കിന്‍റെ ലഹരി ഉപയോഗം മുന്‍പും ചര്‍ച്ചയായിട്ടുള്ള വിഷയമാണ്. എന്നാല്‍ ഇപ്പോളിതാ ഉറ്റസുഹൃത്ത് ട്രംപിന്‍റെ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇലോണ്‍ മസ്ക് ലഹരി ഉപയോഗിച്ചിരുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രചാരണകാലത്ത് മസ്കിന്‍റെ ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്കിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
തന്‍റെ ലഹരി ഉപയോഗം മൂത്രാശയത്തെ പോലും ബാധിച്ചുവെന്ന് മസ്ക് ചിലരോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. കെറ്റാമൈൻ ഉപയോഗിച്ചതാണ് മൂത്രസഞ്ചിയെ ബാധിച്ചത് എന്നാണ് കരുതുന്നത്. 2024 മാർച്ചിൽ പത്രപ്രവർത്തകനായ ഡോൺ ലെമണിനോട് രണ്ടാഴ്ച കൂടുമ്പോൾ ചെറിയ അളവിൽ കെറ്റാമൈൻ കഴിക്കാറുണ്ടെന്ന് മസ്ക് പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ അളവില്‍ മസ്ക് കെറ്റാമൈന്‍ ഉപയോഗിച്ചിരുന്നതായാണ് കരുതുന്നത്.
ഡോണള്‍ഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇലോണ്‍ മസ്ക് 20 ഗുളികകൾ അടങ്ങിയ ഒരു പെട്ടി കൈവശം വച്ചിരുന്നു. മസ്‌കിന്റെ ദിവസേനയുള്ള ഉപയോഗത്തില്‍ അഡെറാൾ ഉൾപ്പെടെ ഏകദേശം 20 ഗുളികകൾ അടങ്ങിയിരുന്നു. എക്സ്റ്റസി, സൈക്കഡെലിക് മഷ്റൂം എന്നിവയും മസ്‌ക് കഴിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രംപ് ഭരണകൂടത്തില്‍ ഡോജിന്‍റെ തലപ്പത്തിരിക്കുമ്പോളും മസ്ക് ലഹരി ഉപയോഗിച്ചതായാണ് കരുതപ്പെടുന്നത്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ നിയന്ത്രിച്ചിട്ടുള്ളതാണ് എക്സ്റ്റസിയുടെ ഉപയോഗം. ഇതിന് മെഡിക്കൽ ഉപയോഗമില്ല. കൂടാതെ കൂടാതെ ഫെഡറൽ ജീവനക്കാർക്ക് ഇത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. എന്നാല്‍ മസ്‌ക് ഒരു ‘സ്പെഷല്‍ സർക്കാർ ജീവനക്കാരൻ’ ആയതിനാൽ ഈ കർശനമായ നിയമങ്ങൾക്ക് വിധേയമായിരുന്നില്ല.
ഡോജിന്‍റെ തലപ്പത്തെത്തിയതു മുതല്‍, ട്രംപ് ഭരണത്തില്‍ മസ്കിന്റെ പങ്ക് വർദ്ധിച്ചതോടെ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പലരും ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. കാബിനറ്റ് അംഗങ്ങളെ അപമാനിക്കുന്നതും റാലിയിൽ നാസികള്‍ സല്യൂട്ട് ചെയ്യുന്നതുപോലെ സല്യൂട്ട് ചെയ്തതും വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. അദ്ദേഹത്തിന്‍റെ പഴയ സുഹൃത്ത് സാം ഹാരിസ് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള മസ്കിന്‍റെ ധാരണയിൽ പോലും ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഡോജില്‍ നിന്നുള്ള മസ്കിന്‍റെ രാജിക്ക് പിന്നാലെ പുറത്തുവന്ന റിപ്പോര്ട്ട് ഇവയെ പരസ്പരം ബന്ധിപ്പിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
മസ്‌കിന്റെ ലഹരി ഉപയോഗത്തെ കുറിച്ച് ഫോക്‌സ് ന്യൂസിന്റെ പീറ്റർ ഡൂസി ചോദിച്ച ചോദ്യത്തിന് ‘റഷ്യ-ഗേറ്റിനെക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകിയതിന് പുലിറ്റ്‌സർ സമ്മാനം നേടിയ അതേ പ്രസിദ്ധീകരണമല്ലേ ന്യൂയോർക്ക് ടൈംസ്? എന്നായിരുന്നു മസ്കിന്‍റെ മറുപടി. മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വൈറ്റ് ഹൗസിന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് അതിർത്തിയിലൂടെ ഒഴുകുന്ന ലഹരിയെ കുറിച്ചാണ് ഞങ്ങള്‍ക്ക് ആശങ്ക എന്നായിരുന്നു വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പ്രതികരിച്ചത്.