പാലായിലെ രണ്ടിലയും നനഞ്ഞ ഖദറും

1965 ല്‍ പിറന്ന പാലാ മണ്ഡലം ഇന്നേവരെ ഇങ്ങനൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. എന്നുമാത്രമല്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെളിച്ചുപറഞ്ഞാല്‍ മാണിസാറിന്‍റെ ഭൂരിപക്ഷം എത്രയാന്നേ എന്നതിനപ്പുറം മറ്റൊരു ആകാംഷയും ഇവിടുത്തെ വോട്ടര്‍മാര്‍ക്കോ ഈ നാടിനെ അറിയുന്നവര്‍ക്കോ ഇന്നേവരെ ഉണ്ടായിട്ടുമില്ല. പാലാ മണ്ഡലത്തിന്‍റെ ചരിത്രം സമം കെഎം മാണിയുടെ ചരിത്രം. അതാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നതും. മൂന്നുതവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ഒറ്റക്കുമല്‍സരിച്ച് രണ്ടില പറപ്പിച്ച പാര്‍ട്ടിയാണ് മാണിസാറിന്‍റെ കേരള കോണ്‍ഗ്രസ്. ആ പാര്‍ട്ടിയാണ് ഇപ്പോള്‍ രണ്ട് അടിത്തറക്കുമേല്‍ രണ്ടടുക്കള തുറന്നിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏവരും വിചാരിച്ചത് പാര്‍ട്ടിയുടെ ഉടമസ്ഥാവകാശത്തിനായി  കോടതി കയറിനടക്കുന്ന ജോസും ജോസഫും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു. എവിടെ.  ആരുടെ കീഴിലുള്ള കേരള കോണ്‍ഗ്രസാണ് പാലായില്‍ മല്‍സരിക്കുക എന്നതാണ് ഇപ്പോളത്തെ തര്‍ക്കം. ഇത്രയും കാലം മാണിസാറിനെക്കൊണ്ടുമാത്രമായിരുന്നു യുഡിഎഫിന് തലവേദന എങ്കില്‍ ഇപ്പോള്‍  തലവേദനയും പല്ലുവേദനയും ഒന്നിച്ചുവന്ന അവസ്ഥയാണ്. 

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവം മഴ നനഞ്ഞ ഖദര്‍ പോലെയാണ്. സൂക്ഷിച്ചുനോക്കിയാല്‍ ഉള്ളിലുള്ളതെല്ലാം കാണാം. പിജെ ജോസഫിനും കൂട്ടര്‍ക്കും ആകെയുള്ളത് ഒരേ ഒരു ആഗ്രഹമാണ്. തന്നെയും സഹായികളെയും ജോസും കൂട്ടരും അംഗീകരിക്കണം. ബഹുമാനിക്കണം. അതിന് എതിര്‍പക്ഷം തെല്ലും തയ്യാറല്ല. ഇനി ജോസിന്‍റെ ആവശ്യമോ. അത് അതിലും സിംപിള്‍. ലോക്സഭയും രാജ്യസഭയും കയറിയിറങ്ങിയ കക്ഷിക്ക് ഡല്‍ഹി മടുത്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത ഇന്ദ്രപ്രസ്ഥത്തിലെ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വരണം. എന്നിട്ട് കേരള നിയമസഭയിലേക്കങ്ങ് മല്‍സരിക്കണം. കേരളത്തിന്‍റെ ഇതുവരെയുള്ള ശീലംവച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്ന വിശ്വാസമാണ് അടിസ്ഥാനം. അങ്ങനെ വന്നാല്‍ മന്ത്രിയാകും എന്നതില്‍ നൂറുക്കുമേല്‍ ശതമാനം ഉറപ്പ്. അത് വിദൂര ഭാവിയിലെ കാര്യമാണ്. അതും ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പും തമ്മില്‍ എന്താണ് എന്നല്ലേ. ഉപതിരഞ്ഞടുപ്പില്‍ മറ്റൊരാള്‍ ജയിച്ചാല്‍ സിറ്റിങ് എംഎല്‍എ എന്നൊരു ക്ലയിം അവിടെ കിടക്കും. സ്വന്തം കുടുംബത്തില്‍ നിന്ന് എന്നുവച്ചാല്‍ തന്നെ അനുസരിക്കുന്ന ഭാര്യ മല്‍സരിച്ചാല്‍ ഭര്‍ത്താവിന്‍റെ വിദൂരഭാവിയിലെ സീറ്റ് റിസര്‍വായി കിടക്കും. ഇതിനായുള്ള കസേരകളിയാണ് ഇപ്പോള്‍ നമ്മള്‍ തല്‍സമയം കാണുന്നത്.

കേരള കോണ്‍ഗ്രസില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്ന ഈ ലോകത്തെ ഏക കൂട്ടര്‍ കോണ്‍ഗ്രസുകാരാണ് . ചിലപ്പോള്‍ അത് സ്വയം ആശ്വസിക്കലാകാം. മാണി കോണ്‍ഗ്രസ് ജോസഫിന്‍റെ പാര്‍ട്ടിയല്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. കേരള കോണ്‍ഗ്രസ് വിട്ടുപോയാലും യുഡിഎഫ് വിടില്ല എന്ന് പണ്ടേ ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ പാലായില്‍ വോട്ടുള്ള ജോസ് വിഭാഗത്തെ വെറുപ്പിക്കാതിരിക്കാനും കോണ്‍ഗ്രസ് ശ്രദ്ധിച്ചാല്‍ തെറ്റുപറയാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവര്‍ത്തിക്കണം. ഒപ്പം മധ്യകേരളത്തില്‍ പ്രത്യേകിച്ച് പാലായില്‍ മറ്റൊരു മുന്നണി വരാതിരിക്കാന്‍ നോക്കുകയും വേണം. ഉമ്മന‍് ചാണ്ടി സ്നേഹത്തോടെ പറഞ്ഞാല്‍ പിജെ കേള്‍ക്കുമെന്ന ചെറുതല്ലാത്ത ആത്മവിശ്വാസവും കോണ്‍ഗ്രസ് കാത്തുസൂക്ഷിക്കുന്നു. 

ഇതിനിടക്ക് കേരളാ കോണ്‍ഗ്രസില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റില്‍ നിന്നും നാട്ടാരുടെ ശ്രദ്ധ തിരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് വലിയ ശ്രമം നടക്കുന്നുണ്ട്. പൂരപ്പറമ്പില്‍ വെടിക്കെട്ടുനടക്കുന്നതിടയില്‍ പൊട്ടാസ് പൊട്ടിക്കുന്ന എഫക്ടാണ് അതുകൊണ്ട് ഉണ്ടാകുന്നത് എന്നുമാത്രം. 

വിഷയം കേരള കോണ്‍ഗ്രസ് ആയതിനാല്‍ പതിവുകള്‍ക്ക് യാതൊരു മാറ്റവുമില്ല. പൂ‍ഞ്ഞാറുനിന്ന് പിസി ജോര്‍ജ് വണ്ടിയില്‍ കയറും. ഇടവേള കഴിഞ്ഞ്.

പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലുള്ള പിസി ജോര്‍ജിന് പാലാ മണ്ഡലത്തില്‍ എന്താണ് കാര്യം എന്ന് ആരും ചോദിക്കില്ല. അതിന് രണ്ടാണ് കാരണം. ഒന്ന് ലോകത്തില്‍ ഏത് വിഷയത്തിലും ഇടപെടാന്‍ ലൈസന്‍സുണ്ട് എന്ന് വിശ്വസിക്കുന്ന അമേരിക്കയുടെ അതേ മാനസികാവസ്ഥയാണ് പിസി ജോര്‍ജിനുമുള്ളത്. എന്തിനാണ് ഏതിനാണ് എന്നൊന്നുമില്ല. ഇടപെടും. അതാണ് ശീലം. പിന്നെ മറ്റൊന്ന് ഏത് താമരക്കുണ്ടിലൊളിച്ചാലും ആ സിരകളിലൊഴുകുന്നത് കേരള കോണ്‍ഗ്രസ് രക്തമാണ്. ജോസ് കെ മാണിക്കെതിരെ രണ്ടുപറയാന്‍ അവസരം കിട്ടിയാല്‍ അച്ചായന്‍ അത് മിസ്സീക്കത്തേയില്ല. റബര്‍ക്കുരുവിന്‍റെ ജനുസാണ്.  പാറപ്പുറത്തേക്ക് വലിച്ചെറിഞ്ഞാലും  അവിടെക്കിടന്ന് കിളിര്‍ക്കും.

കണ്ടോ നിഷ ജോസ് മാണിയുടെ പേര് ഇത്രയും നേരം എല്ലാവരുടെയും നാവില്‍ തത്തിക്കളിച്ചെങ്കിലും ആരും അതങ്ങോട്ട് തുറന്നു പറഞ്ഞിരുന്നില്ല .അതിനും പിസി തന്നെ വരേണ്ടിവന്നു. വല്യമാണിയെ പേടിച്ചിട്ടില്ല. പിന്നാ കുഞ്ഞുമാണിയെ. ബിജെപിക്ക് ഇതിലും നല്ലൊരു അവസരം കിട്ടാനില്ല എന്നു വേണമെങ്കില്‍ പറയാം. പാലായിലെ വഴികള്‍ കാണാപ്പാടമറിയുന്ന പിസി തോമസും  കുറുക്കുവഴികളുടെ തമ്പുരാന്‍ പിസി ജോര്‍ജും. രണ്ടു പിസിമാര്‍ ചേര്‍ന്ന് ഇക്കുറി കാര്യങ്ങള്‍ ജോറാക്കും.

ഒരേ ഒരു സംശയമേ ബാക്കിയുള്ളൂ. പിസി തോമസിന് ബാറ്റണ്‍ നല്‍കണമെന്നുപറയുന്ന അച്ചായന്‍ ഷോണ്‍ ജോര്‍ജിനെ മറന്നതൊന്നുമല്ലല്ലോ അല്ലെ

അപ്പോ ഈ പാലാ വണ്ടിയുടെ ഇന്നത്തെ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. മുന്‍ കളക്ഷനുകള്‍ മനോരമ ന്യൂസ് ഡോട്കോമിലും യുട്യൂബിലുമുണ്ട്. കാണണം. അപ്പോ നന്ദി നമസ്കാരം.