പിള്ളയുടെ ഉപദേശങ്ങളും വെള്ളാപ്പള്ളിയുടെ വീക്ഷണങ്ങളും; നടയടച്ചിട്ടും തുടരുന്ന ചർച്ചകൾ

ക്ഷേത്രത്തിന്റെ നട അടച്ച സ്ഥിതിക്ക് പിന്നെ നമ്മളിവിടെ പട്ടിണിക്കിരുന്നിട്ട് വല്ല കാര്യവുമുണ്ടോ. അങ്ങനെയാണ് സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലടച്ചുപൂട്ടി പിള്ളേം കൂട്ടരും സ്ഥലം കാലിയാക്കിയത്. അഞ്ചാഘട്ടസമരം വെടിക്കെട്ട് സമരമായിരുന്നു. നിരാഹാരം കിടക്കാന്‍ നേതാക്കളുടെ കടുത്ത മല്‍സരം. എ. എന്‍. രാധാകൃഷ്ണന്‍ സ്വയമേറ്റെടുത്ത ചലഞ്ച് സ്ത്രീപുരുഷഭേദമില്ലാതെ 49 ദിവസമാണ് പൊടിപൊടിച്ചത്. സമരം നാടകമാണെന്നും പൊട്ടിപ്പോളീസായെന്നും ബിജെപി വിരുദ്ധരായ ദോഷൈകദൃക്കുകള്‍ നാട്ടില്‍ പറഞ്ഞുനടക്കുന്നുണ്ട്. പക്ഷെ അതൊന്നും ശ്രീധരന്‍ പിള്ളയുടെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും സ്പര്‍ശിച്ചിട്ടില്ല.  നാടകത്തിന്റെ, സോറി സമരത്തിന്റെ ആറാംഘട്ടം ഉടന്‍ ആരംഭിക്കും. കരുതിയരുന്നോ.

സംഗതി എന്തോ ആവട്ടെ. പട്ടിണിക്കിടന്നവര്‍ക്ക് ഭക്ഷണോം വെള്ളോം കിട്ടു എന്നതാണ് മഹത്തായ കാര്യമാണ്. അതിനെ കളിയാക്കരുത്. അതില്‍ രാഷ്ട്രീയം കാണുകയുമരുത്. നിരാഹാരസമരപടനായകരെ കുടിച്ചാലും, തിന്നാലും. തലസ്ഥാനത്ത് രണ്ടുപരിപാടികളുണ്ടായിരുന്നു. ഒന്ന് ഭക്തരുടെ സംഗമം. മറ്റൊന്ന് ബിജെപി തുടര്‍ന്നുവന്ന നിരാഹാരം. ദൈവത്തിന്റെയും ജനങ്ങളുടെയും നിയമത്തിന്റെയും ഹിതം തങ്ങള്‍ക്കൊപ്പമായിരുന്നുവെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. പക്ഷെ, വെള്ളാപ്പള്ളിയുടെ ഹിതം എതിര്‍പക്ഷത്തായിരുന്നു. രണ്ടുപരിപാടികളിലും സവര്‍ണ്ണരുടെ അയ്യരുകളിയായിരുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ ആക്ഷേപം. മറ്റൊന്നുകൂടി അദ്ദേഹം വെളിപ്പെടുത്തുന്നു. ഭക്തരുടെ പരിപാടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നുവത്രെ. പക്ഷെ, എതിരാളികളുടെ തന്ത്രത്തില്‍ വെള്ളാപ്പള്ളി വീണില്ല. കാരണം നിലപാടില്‍ വെള്ളം ചേര്‍ക്കാനറിയില്ല, അത്രതന്നെ.

മേല്‍പ്പറഞ്ഞ രണ്ടുപരിപാടികളും അവസാനിച്ചതോടെ ജാതിചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. വലതുപക്ഷവല്‍ക്കരണവും നവോത്ഥാനവുമൊക്കെ തല്ലക്കെട്ടില്‍ മാത്രം. വേദിയിലിരുന്നവരില്‍ സവര്‍ണത്രെത്ര അവര്‍ണരെത്ര എന്ന ചര്‍ച്ച. ജാതിയറിഞ്ഞ് സഹായിക്കണം എന്നാണല്ലോ. അജ്ജാതി ചര്‍ച്ചയാണ്.

സത്യം. സത്യത്തില്‍ വിശ്വസിക്കുന്ന മറ്റൊരാള്‍ ശ്രീധരന്‍ പിള്ളയാണ്. വിശ്വാസത്തെ ഹനിച്ചുകൊണ്ടുള്ള പിണറായിയുടെ നടപടികള്‍ സഹിക്കുന്നതിനുമില്ലേ ഒരതിര്. സഹികെട്ട് വല്ലതുംപറഞ്ഞാലോ, ഈ പത്രക്കാര് രണ്ടക്ഷരം കൊടുത്തിട്ടുവേണ്ട. അതാണ് സങ്കടം.

പത്രക്കാരുടെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിലും പിള്ളയ്ക്കാവശ്യമില്ല. അത് നല്‍കാന്‍ വേറെ നാലുപേരുണ്ട്. അവരുടെയെല്ലാം ഗുഡ് ബുക്കിലാണ് വക്കീലിന്റെ സ്ഥാനം. കേരളത്തിലെ കാര്യങ്ങളെല്ലാം നല്ല വെടിപ്പായി നടക്കുന്നുണ്ടെന്നാണത്രെ ഡല്‍ഹിയിലെ രണ്ടുദൈവങ്ങളും പറയുന്നത്. ഇനി ആ വി. മുരളീധരനോ കെ. സുരേന്ദ്രനോ വല്ല അള്ളും വെച്ചാലെ അതിന് മാറ്റമുണ്ടാകൂ. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അല്ലെങ്കിലും ബിജെപിയെന്നുകേട്ടാലേ ചതുര്‍ത്ഥിയാണ്. ബിജെപിയുടെ ത്യാഗം കാണാന്‍ ബിബിസിയെകണ്ടുപഠിക്കണം എന്നാണ് പിള്ളയുടെ ഉപദേശം.

പി. എസ് . ശ്രീധരന്‍ പിള്ളയെ അംഗീകരിക്കാത്ത ചിലരുണ്ട്. മോദിയുടെ സ്വന്തക്കാരനായതുകൊണ്ട് തനിക്കീ ഗതികേടെന്ന് പിള്ളയ്ക്കുമറിയാം. മോദി കേരളത്തില്‍ വന്ന് എന്തെങ്കിലും പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പിള്ളയ്ക്കാണത്രെ കുറ്റം. അതുകൊണ്ട് ബിജെപി കേരളഘടകം പുതിയൊരു പരിപാടി അവതരിപ്പിക്കുകയാണ്. ചില അവതാരകരുടെ മുന്‍കൂര്‍ ഉപദേശം വാങ്ങിയാണ് ഇനി മോദി കേരളത്തില്‍ പ്രസംഗിക്കുക. അങ്ങനെയെങ്കില്‍ പരിഭാഷയും അവതാരകരെ തന്നെ ഏല്‍പ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത പട്ടികയെകുറിച്ച് ഇ.പി. ജയരാജനും പലരെയും പോലെ കേട്ട അറിവേയുള്ളൂ. ആ കടകംപള്ളിയോടും പത്കുമാറിനോടുമൊക്കെ ചോദിക്കേണ്ട ചോദ്യങ്ങള്‍ പിള്ളയും പത്രക്കാരും ചേര്‍ന്ന് പാവം ഇപിയോട് ചോദിച്ചാല്‍ എന്തുചെയ്യും. 51 പേരാണോ വെട്ടാണോ എന്നുപോലും ഇ പി, ശരിക്കുകേട്ടിട്ടില്ല. എങ്കിലും പിടിച്ചുനിന്നു. അയ്യപ്പന്റെ കടാക്ഷം.