വൻമതിൽ പ്രക്ഷോഭം

സഭ ഇന്നും ശബരിമലയില്‍ തന്നെയാണ്. പ്രദക്ഷിണം വയ്ക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും കട്ടയ്ക്ക് മല്‍സരമാണ്. പിണറായി ഒന്നുപറയുമ്പോള്‍ ചെന്നിത്തല രണ്ടുപറയും. അതുകേട്ട് മറ്റുള്ളവര്‍ പലതും പറഞ്ഞോണ്ടുവരും. സര്‍ക്കാരിന്റെ പിടിപ്പുകേട് കണ്ട് സഹിക്കാതെ പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ കുത്തിയിരുപ്പുതുടങ്ങി. അതേസമയം തൊട്ടപ്പുറം സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപിയുടെ നിരാഹാരപരിപാടിയും. രണ്ടുഭാഗത്താണെങ്കിലും യുഡിഎഫും ബിജെപിയും ഒരേപാളത്തില്‍തന്നെയാണ്. വ്യവസായ പ്രമുഖ് ഇ പി ജയരാജന്റെ ഭാഷയില്‍ അവിടെ പാലുകാച്ചല്‍. ഇവിടെ താലികെട്ട്. കേരളം മാറിമാറിക്കാണുകയാണ്.

ലോക് സഭയിലോ രാജ്യസഭയിലോ അല്ല നിയമസഭയിലോ, താനവിടെയാണ് നില്‍ക്കുന്നതെന്ന കാര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് ചിലപ്പോള്‍ പിടികിട്ടില്ല. ശബരിമല വിഷയം തുടങ്ങിയതുമുതല്‍ ശ്രീധരന്‍പിള്ള അങ്ങനെയാണല്ലോ. അത് നാട്ടുകാര്‍ക്കും ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. കുറച്ചൊക്കെ രമേശ് ചെന്നിത്തലയ്ക്കും. സഭയില്‍ പിണറായിയെ അക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ്. വല്‍സന്‍ തില്ലങ്കേരിയെ ആഭ്യന്തരമന്ത്രിയാക്കിയ പിണറായി വിജയനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെന്നിത്തല.

ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍പോലും മുട്ടുകുത്താത്ത പിണറായി വിജയന്‍ പക്ഷെ, ഇന്ന് ഒരാള്‍ക്ക് മുന്നില്‍ കീഴടങ്ങി. സഭാചട്ടമാണെങ്കിലും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രി മാറുന്ന കാഴ്ച കൗതുകമുണ്ടാക്കി. അച്ചടക്കത്തിന്റെ കാര്യത്തില്‍ നമ്മുടെ സ്പീക്കര്‍ അങ്ങനെയാണ്. മുഖം നോക്കാതെ നടപടിയെടുക്കും. പണ്ട് പ്രതിപക്ഷത്തിരിക്കുമ്പോഴും ശ്രീരാമകൃഷ്ണന് അച്ചടക്കം ലഹരിയായിരുന്നു.

സ്തംഭിച്ച് സ്തംഭിച്ച് സഭയ്ക്ക് തന്നെ സത്യത്തില്‍ മടുത്തു. പ്രതിപക്ഷത്തെ ശാസിച്ചെങ്കിലും അടക്കവും ഒതുക്കവും പഠിപ്പിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. അതിനിടയിലാണ് സഭ നിര്‍ത്താന്‍ മുഖ്യമന്ത്രി, സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കിയെന്ന് ആരോപണം വന്നത്. മൊത്തത്തില്‍ കളറായി വന്ന സഭ നാട്ടുകാര്‍ക്ക് ഗുണില്ലാത്ത അട്ടഹാസത്തില്‍ മുങ്ങിപ്പോയി. പോട്ടെ.

ശബരിമലയില്‍ തോറ്റു. സമരം നിര്‍ത്തി മലയിറങ്ങി... എന്നൊക്കെ ബിജെപിയെകുറിച്ച് പറയാത്ത കുറ്റങ്ങളില്ലായിരുന്നു. ബിജെപി ഇന്ന് ആരംഭിച്ച നിരാഹാരസമരം  സമരത്തിന്റെ മൂന്നാംഘട്ടമാണ്. ആദ്യ രണ്ടുഘട്ടത്തിലും ബിജെപിയാണ് ജയിച്ചതെന്ന് ഇക്കൂട്ടത്തില്‍ എത്രപേര്‍ക്കറിയാം...?

കൊഴുപ്പുകൂട്ടാന്‍ വിചാരിച്ചുതന്നെയാണ് ബിജെപിയുടെ വിപ്ലവം സിംഹം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍ ഒരു മൈലേജ് പ്രതീക്ഷിക്കുന്ന ഏത് നേതാവും ഇമ്മാതിരി പണിയൊക്കെ ഏറ്റെടുക്കും. സ്വാഭാവികം. പക്ഷെ, ഈ ശ്രീധരന്‍ പിള്ള പറഞ്ഞുപറഞ്ഞ് കൊളമാക്കിക്കളഞ്ഞു. ഏതായാലും പട്ടിണിക്കിടക്കുയല്ലേ, വയറ് നിറഞ്ഞോട്ടെ എന്ന് വിചാരിച്ചാവും രാധാകൃഷ്ണനെകുറിച്ച് തള്ളിമറിച്ചുകളഞ്ഞു പിള്ള. രാധാകൃഷ്ണനെകാണുമ്പോള്‍ പലര്‍ക്കും മുട്ടുവിറയ്ക്കുംപോലും.

കാലുമുന്നോട്ടോ പിന്നോട്ടോ വച്ചോളൂ. പക്ഷെ, ഇരുന്ന സ്ഥലത്ത് നിന്ന് മാറരുത്. ഇടവേളയാണ്. പെട്ടെന്ന് വരാം.  തന്ത്രമാരെ തേക്കുന്ന ജോലി മന്ത്രി ജി. സുധാകരന് ഹോബിയാണ്. മുമ്പ് അണ്ടര്‍ ഗ്രൗണ്ട് ആക്ഷേപത്തിന്റെ പേരില്‍ ക്ഷമ ചോദിച്ചതൊക്കെ പുള്ളക്കാരന്‍ മറന്നുപോയി. അല്ലെങ്കിലും കവികളൊക്കെ മാപ്പ് പറയുന്നത് അതേ അര്‍ഥത്തിലാവണമെന്നില്ല. അതിന് മറ്റു ചില വികാരപരിസരങ്ങളൊക്കെ കാണും. പക്ഷെ, തന്ത്രിയെന്നുകേട്ടാല്‍ മന്ത്രിക്ക് വികാരം പൊട്ടുന്ന അവസ്ഥയാണ്. അവരെ നല്ല വാക്കുകള്‍കൊണ്ട് പുഷ്പാഞ്ജലി കഴിപ്പിച്ച് നക്ഷത്രമെണ്ണിക്കുകയാണ് സുധാകരന്‍ മന്ത്രിയുടെ ഒരു രീതി. അത് വലിയ കുരുവാകാതെ നോക്കുകയാണ് മുഖ്യമന്ത്രിയുടെ ജോലി.

പക്ഷെ, സുധാകരന്‍ മന്ത്രിക്ക് അനുഭവം പോരാ. അനുഭവം കുറവായ മറ്റൊരാള്‍ ശബരിമലയില്‍ സൗകര്യമുണ്ടോ എന്ന് നോക്കാന്‍ പോയ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ്. കണ്ണന്താനം മലയില്‍പ്പോയത് ഷൈന്‍ ചെയ്യനാണെന്ന് കവി കണ്ടെത്തിയിട്ടുണ്ട്. കണ്ണന്താനത്തിന്റെ കണ്ടെത്തലുകള്‍ അനുഭവക്കുറവിന്റെ പശ്ചാത്തലത്തിലാണ്.

സുപ്രീംകോടതി വിധി വന്നതുമുതല്‍ നവോത്ഥാനമുണ്ടായ വാക്കാണ് നവോത്ഥാനം എന്നത്. കുറച്ചുകാലങ്ങളായി പൊടിപിടച്ചുകിടക്കുകയായിരുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ മഹാ ബഹുജനസംഗമം അതിഗംഭീരമായിരുന്നു. നങ്ങേലി മുതല്‍ നാരായണഗുരുവരെയുള്ളവരുടെ കഥകളുമായി നവോത്ഥാനനായകനാകാനുള്ള ശ്രമത്തിലായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴയിലെ സകലവിപ്ലവങ്ങളെകുറിച്ചും വിപ്ലവകാരികളെകുറിച്ചും പിണറായി അറിഞ്ഞുതന്നെ പറഞ്ഞു. നന്നായി. പക്ഷെ, ഈ ഒരു ഘട്ടത്തില്‍ നാട്ടുകാരനായ വിഎസിന്റെ പേരൊന്നു പറയാമായിരുന്നു. ഒന്നിച്ചുനില്‍ക്കണം എന്ന് പ്രളയത്തിനും വിധിക്കും ശേഷം നൂറാവര്‍ത്തിക്കുന്ന പിണറായി അതിന് മടികാണിക്കരുത് എന്നാണ് പറയാനുള്ളത്. അങ്ങനെ പറഞ്ഞാല്‍ നവോത്ഥാനം കൂടുതല്‍ പൊളിക്കും.