പമ്പയ്ക്ക് ശാപമോക്ഷം; അപ്പോ 'നിർത്താല്ലേ?'

വല്‍സന്‍ തില്ലങ്കേരിയും ടീംസും ഇനി പതിനെട്ടാം പടി തപ്പി അലയണ്ട. പകരം മുഖ്യമന്ത്രിയുടെ ഓഫീസ് പടി കയറി വേണമെങ്കില്‍ ആ പിണറായി കസേരേലൊക്കെ ഇരിക്കാവുന്നതാണ്. കാരണം ശബരിമലയില്‍ അവതരിപ്പിച്ച പൊറോട്ടുനാടകം ബിജെപി തലസ്ഥാനത്തേക്ക് പറിച്ചുനടുകയാണ്. ആ പിന്നെ ഒരു കാര്യം. സ്റ്റാച്യു ജംഗ്ഷന്‍ വഴി നിരവധി യുവതികള്‍ തലങ്ങും വിലങ്ങും കടന്നുപോകാറുണ്ട്. സമരാവേശം മൂക്കുമ്പോ ആരെയും കയറി തടഞ്ഞേക്കരുത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളക്ക് ഇനി പറയാനും മാറ്റാനും നിലപാടുകള്‍ ബാക്കിയില്ലാത്തോണ്ടാവണം ശബരിമല സ്ത്രീപ്രവേശവിഷയത്തില്‍ ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ കണ്ടപോലെ ആക്രോശവും തടയലും അടിപിടി ബഹളങ്ങളൊന്നും കാണില്ല പുതിയ സമരത്തിന്. പകരം സാത്വികഭാവമായിരിക്കും. നിരാഹാരസമരം. അതും 15 ദിവസത്തെ എപ്പിസോഡുകളാണ് അണിയറയില്‍ റെഡി ആയിട്ടുള്ളത്. സ്വീകാര്യത നോക്കിയിട്ടു വേണം ബാക്കി എപ്പിസോഡുകള്‍ പ്ലാന്‍ ചെയ്യാന്‍.

സത്യം പറഞ്ഞാല്‍ ഇത്തരത്തിലുള്ള സാത്വിക സമരങ്ങള്‍ തന്നെയാണ് ഭക്തിയുടെ പേരിലൊക്കെ നടത്തേണ്ടത്. അതിപ്പോഴെങ്കിലും ബോധ്യപ്പെട്ടത് നന്നായി. അല്ലാതെ തെറിപറയുക, മുണ്ടുപൊക്കി കാണിക്കുക, തേങ്ങകൊണ്ട് എറിയുക ഇതൊന്നും വിശ്വാസത്തിന്‍റേയോ ഭക്തിയുടേയോ രീതികളല്ലല്ലോ. പിന്നെ ആ പറഞ്ഞത് കേട്ടല്ലോ... നിരാഹാരം. 15 ദിവത്തെ പ്ലാന്‍ പ്രകാരം റിലേ നിരാഹാരമെന്നെങ്ങാനും  ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ദാ പിള്ള വക്കീല്‍ അത് വിശദമാക്കി തരും. രാവിലെ പത്തുമണിമുതല്‍ ഉച്ചകഴിഞ്ഞ് ചായകുടിക്കാം നേരം തീരുന്ന നിരാഹാരം അനുഷ്ഠിക്കാന്‍ ഇത് കോണ്‍ഗ്രസല്ല, ബിജെപിയാണ്. അത് മറക്കണ്ട. 

മൂന്നുനാലു ആവശ്യങ്ങളാണ് എന്‍.എന്‍.രാധാകൃഷ്ണന്‍ജി നയിക്കുന്ന നിരാഹാര സമരത്തിനുള്ളത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പിന്നെ കേസും കൂട്ടവും ഒഴിവാക്കുക അങ്ങനെയങ്ങനെ. എന്താന്നറിയില്ല, യുവതികളെ പ്രവേശിപ്പിക്കരുത് എന്നത് നിരാഹാരസമരത്തിന്‍റെ ആവശ്യമേയല്ല കെട്ടോ. ഇത് നേരത്തേയും പിള്ളാജി പറഞ്ഞതാണ്. ബിജെപിയുടെ സമരം കമ്മ്യൂണിസ്്റ്റ് സര്‍ക്കാരിനെതിരെയാണെന്ന്. കേട്ട പാടേ മുഖ്യമന്ത്രി നേരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റാന്‍ ക്ഷണിക്കേം ചെയ്തിരുന്നു. 

അത് ശരി. നമുക്കും അതത്ര പെട്ടന്ന് മറക്കാന്‍ പറ്റില്ലല്ലോ ജി.

ആ അപ്പോ അങ്ങനെയാണ്. പിണറായി വിജയന്‍ പറഞ്ഞത് കേള്‍ക്കുന്നവരൊന്നും അല്ല ബിജെപിക്കാര്‍. പക്ഷേ അനുസരിച്ചെന്നൊക്കെ വരും. ഒരു കണക്കിന് ശബരിമലയിലെ സമരം മാറ്റിയത് നന്നായി. അല്ലെങ്കില്‍ ഓരൊന്ന് സംഘടിപ്പിച്ച് സംഗതി ഇനിയും പറയിപ്പിച്ചേനെ. ഇതിപ്പോ ഇനി കാര്യമായി നിലപാടൊന്നും എടുക്കേണ്ട കാര്യവും ഇല്ല. ഇന്ന് നിലയ്ക്കലിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് വരെ വേണ്ടെന്ന് വച്ചതും നന്നായി. പക്ഷേ സുരേന്ദ്രനെ അങ്ങനെയങ്ങ് മറക്കാന്‍ പാടില്ലല്ലോ. ഒന്നുല്ലെങ്കിലും സുവര്‍ണാവസരം ഉപയോഗിക്കാന്‍ മലകയറിയ സംഘബന്ധുവാണല്ലോ.  അദ്ദേഹമിപ്പോള്‍ കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. പൊലീസ് വണ്ടിയില്‍ പൊലീസ് അകമ്പടിയോടെ ഒരു കേരള യാത്ര ഒത്തു എന്നുകരുതിയാമതി എന്നാവും പിള്ള വക്കീല്‍ സുരേട്ടനോട് പറയുന്നത്.

ഏതായാലും നിരാഹാര സമരത്തിന്‍റെ ആവശ്യങ്ങളുടെ പട്ടികയില്‍ നാലാമതായി ഇടംപിടിച്ചിട്ടുണ്ട് കെ.സുരേന്ദ്രന്‍റെ കാര്യം. രക്ഷപ്പെട്ടു എന്നങ്ങ് വിചാരിക്ക്. പാര്‍ട്ടി ഇത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ. തൊണ്ടപൊട്ടിക്കീറി മുക്കിനും മൂലയിലും സര്‍ക്കാരിനേയും പൊലീസിനേയും തെറിവിളിച്ച ശോഭസുരേന്ദ്രനൊക്കെ ഇനി എന്തു പ്രസംഗിക്കുമോ ആവോ? 

നമുക്കത്ര പോസിറ്റീവ് ആയി ഒന്നും തോന്നാത്തതുകൊണ്ട് ചിലത് ചോദിക്കുകയാണ്. സത്യത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷകരെ സ്വന്തം നിലയില്‍ വച്ചശേഷമല്ലേ ഇനി ശബരിമലയില്‍ സമരം ചെയ്താല്‍ വിവരം അറിയുമെന്ന തോന്നലില്‍ ഈ ഒളിച്ചോട്ടം. അല്ലേ. അത് പോട്ടെ. വെറുതെ ചോദിച്ച് വിഷമിപ്പിക്കുന്നില്ല. ആ യുവതീ പ്രവേശവിഷയത്തില്‍ ഇപ്പോഴത്തെ നിലപാട് എന്താണ്? ശബരിമലയില്‍ യുവതികളെ കയറ്റാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നോ ഇല്ലയോ?

കൃത്യസമയത്ത് രമേശ് ജി വന്ന് വാലും തലയുമില്ലാതെ പറഞ്ഞതുകൊണ്ട് അധികം ഒന്നും ചോദിക്കുന്നില്ല. വയ്യ ഇങ്ങനെ ഉരുണ്ടുകളിക്കുന്നത് കാണാന്‍. ഒന്നുല്ലേലും മനുഷ്യരല്ലേ. തല്‍ക്കാലം പി.സി.ജോര്‍ജിനെകുറിച്ച് രണ്ടുവാക്ക് പറഞ്ഞാട്ടെ. ഇന്നലെ കറുപ്പുടുത്ത പി.സി. ഇന്ന് വെളുക്കനെ വന്നിട്ടുണ്ട് സഭയില്‍. 

പ്ലാത്തോട്ടത്തില്‍ ചാക്കോമകന്‍ ജോര്‍ജ് എന്ന പൂഞ്ഞാര്‍ ജോര്‍ജ് കണിക്ക് പറ്റിയ കക്ഷിയാണ്. ജോര്‍ജിന്‍റെ ഈരാറ്റുപേട്ടേലേ വീടിനുമുന്നിലും പൂഞ്ഞാറിലെ എംഎല്‍എ ഓഫീസിനുമുന്നിലും രാവിലെ ആ തിരുമുഖം കണികാണാന്‍ എത്തുന്നവരുടെ നീണ്ട നിരതന്നെയുണ്ട്. ഇതൊന്നും നമ്മള്‍ പറയുന്നതല്ല കേട്ടോ. ബിജെപിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമറിയിച്ച് താമര മക്കള്‍ കക്ഷിക്ക് പിസി നല്‍കിയ ബയോഡേറ്റയില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തിയതാണ്. പാവം ശ്രീധരന്‍ പിള്ള. കണ്ണടച്ച് ആ പ്രൊഫൈല്‍ വിശ്വസിച്ചു. ശ്രീധരന്‍ പിള്ള ക്രിമിനല്‍ വക്കീല്‍ ആണെങ്കില്‍ പിസി ജോര്‍ജിന്‍റെ നാക്ക് ഒരേ സമയം സിവിലും ക്രിമിനലുമാണ്. പറഞ്ഞുവന്നത് കണിയെപ്പറ്റിയാണ്. ജോര്‍ജ് ഇന്നലെയാണ് താന്‍ താമരക്കുളത്തില്‍ നീന്താനിറങ്ങിയകാര്യം വെളിപ്പെടുത്തിയത്. സന്തോഷത്തോടെ ബിജെപി ആ കുളിസീന്‍ സ്ഥിരീകരിച്ചു. പക്ഷേ വലതുകാല്‍ വച്ച് പിസി കയറിയതിന്‍റെ പിറ്റേദിവസം ശബരിമലെ സമരം പാര്‍ട്ടിക്ക് ചുരിട്ടി കെട്ടേണ്ടി വന്നു. സന്നിധാനത്തും പമ്പയിലും നിലക്കലിലും  കണ്ണില്‍ എണ്ണ ഒഴിച്ച് യുവതികളെ നിരീക്ഷിക്കുന്ന  സംഘ പുത്രരോട് കിട്ടുന്ന കെഎസ്ആര്‍ടിസിക്ക് വലിഞ്ഞുകയറി തിരുവന്തോരത്തോട്ട് പോരാന്‍ നിര്‍ദേശിക്കേണ്ടിവന്നു. 

തല്‍ക്കാലം ബിജെപി സംഘബന്ധുക്കള്‍ക്കുള്ള ഒരു ഗുണപാഠകഥയാണ്. കഥ പഴയതാണ്. ഒരുപാട് പഴയത്. പഴയശീലങ്ങള്‍ ഇന്നും ചിലര്‍ കാണിക്കുന്നതുകൊണ്ട് വീണ്ടും പറയുന്നുവെന്നേയുള്ളു.