തമ്മിൽതല്ലി സുധാകരനും ഐസക്കും, കിണർ വൃത്തിയാക്കി ഹസൻ

ക്ലാസ് ടീച്ചര്‍ പുറത്തേക്കൊന്നു പോയാലുടന്‍ കലപില ഒച്ചവയ്ക്കുന്ന ചില കുസൃതി കൂട്ടങ്ങളെ കണ്ടിട്ടില്ലേ. അതാണ് കേരള മനത്രി സഭയുടെ ഇപ്പോളത്തെ അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കക്ക് പോയി. പ്രധാനാധ്യാപകനില്ലാത്ത ആ തക്കത്തില്‍ രണ്ട് നാട്ടുകാര്‍ തമ്മില്‍ നാക്കുകൊണ്ട് കയ്യാങ്കളി തുടങ്ങി. ആലപ്പുഴയില്‍ നിന്നുള്ള ജി സുധാകരനും തോമസ് ഐസക്കും. വെള്ളവും പ്രളയവുമെല്ലാമാണ് വിഷയം. നാം ഒറ്റകെട്ടായി പ്രളയ കെടുതികളെ നേരിടണമെന്ന് മുഖ്യന്‍ കേരള ജനതയോട് പറഞ്ഞപ്പോള്‍ തലകുലുക്കി മുന്നില്‍ നിന്ന ടീംസാണ് ഇപ്പോള്‍ ഇങ്ങനെ പരസ്പരം ചെളിവെള്ളം വാരിയെറിയുന്നത്. കുട്ടനാട്ടില്‍ പമ്പിങില്‍ പിഴവുണ്ടെന്നും പണം നല്‍കേണ്ടവര്‍ അത് നല്‍കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കവി ജുബാക്കാരനെ വേദിയിലിരുത്തി അങ്ങ് കാച്ചി. അമ്പലപ്പുഴ ആലപ്പുഴ നിയോജകമണ്ഡലങ്ങള്‍ തമ്മിലുള്ള ആ പോര് കാണേണ്ട കാഴ്ചയാണ്. 

കുറച്ചുനാളായി രണ്ടും തമ്മില്‍ വലിയ കുഴപ്പമില്ലാതിരിക്കുകയായിരുന്നു. ആശയങ്ങള്‍ ഒന്നാണെങ്കിലും സുഝാകരന്‍ വിഷയങ്ങളെ സാഹിത്യപരമായി നോക്കി കാണുമ്പോള്‍ ഐസക് അങ്ങനെയല്ല. ഗണിത സൂത്രവാക്യങ്ങളിലൂടെയാണ് ഐസക്ക് വിഷയങ്ങളെ സമീപിക്കുന്നത്. ഇതാണ് ഒരേ ആശയത്തില്‍ നിന്നുകൊണ്ടുള്ള സമീപന വൈരുദ്ധ്യം. കായല്‍ നിലങ്ങളില്‍ മാത്രം വളരുന്നതിനാല്‍  ഇവിടെ മാത്രമേ ഇത് കാണാനാകൂ 

ടെക്നോളജിയൊക്കെ പുരോഗമിച്ച സ്ഥിതിക്ക്  രണ്ടിന്‍റേം ചെവിക്ക് അമേരിക്കയിലിരുന്ന് മുഖ്യന്‍ പിടിക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ചിലകാര്യങ്ങില്‍ അമേരിക്കയുമായി ആശയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവരുടെ സാങ്കേതിക വിദ്യയില്‍ പാര്‍ട്ടിക്ക് തെല്ലും സംശയമില്ലതന്നെ. പിണറായി ആബ്സന്‍റായതോടെ മാനസികമായി വിഷമം അനുഭവിക്കുന്നത് പാര്‍ട്ടിയോ മന്ത്രിമാരോ ഒന്നുമല്ല. പ്രതിപക്ഷ രാജ്യത്തെ രാജാവ് വീര വിരാടന്‍ രമേശ് ചെന്നിത്തലയാണ്. പിണറായിയോട് കട്ടക്ക് ഒന്നും രണ്ടും പറഞ്ഞ് കളം ഒന്ന് പിടിച്ചുവന്നതായിരുന്നു.  അപ്പോളാണ് മുഖ്യന്‍ ലീവെടുത്തത്. മൈതാനത്ത് എതിര്‍ ടീം ഇല്ലെങ്കിലും താന്‍ ഗോളടി നിര്‍ത്തില്ല എന്ന് വാശിപിടിക്കുന്ന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ള ഒന്നാംനമ്പര്‍ താരമാണ് രമേശന്‍. അതുകൊണ്ട് ഗോളടി തുടരും

ആ ലോട്ടറി ചെന്നിത്തലക്കുതന്നെ അടിക്കട്ടേ എന്ന് ആശംസിക്കാം. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടില്‍ ക്ലീനിങിനിറങ്ങണമെന്ന് കഴി‍ഞ്ഞയാഴ്ച കെപിസിസി തീരുമാനിച്ചിരുന്നു. എന്തുകൊണ്ടാണ് വൈകിയതെന്ന് ചോദിക്കരുത്. നല്ല ആണി ഏത് ചീത്ത ആണി ഏത് എന്ന് തിരിച്ചറിയാതെ ദുരന്തമുഖത്ത് എത്തിയിട്ട് കാര്യമില്ലല്ലോ. ആദ്യം തിയറി. പിന്നെ പ്രാക്ടിക്കല്‍. അതാണ് കോണ്‍ഗ്രസ് തത്വസംഹിതകളില്‍ എഴുതിവച്ചിരിക്കുന്നത്.   വൈകിവന്നാലും പക്ഷേ സെറ്റപ്പായേ വരൂ. 

കുട്ടനാട്ടിലെ മുറ്റവും വീടുകളും ചെന്നിത്തലയും കൂട്ടരും വൃത്തിയാക്കി. എന്നാല്‍ ഉപരിതലങ്ങളിലൂടെയുള്ള ആ പരിപാടിയില്‍ തെല്ലും വിശ്വാസമില്ലാത്ത ആളാണ് എംഎം ഹസന്‍. അതുകൊണ്ട് ഹസന്‍ജി കിണറുകളിലാണ് കോണ്‍സന്‍ട്രേറ്റ് ചെയ്തത്. വൃത്തിയാക്കല്‍ മഹായഞ്ജത്തെക്കുറിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്തപ്പോള്‍ തനിക്ക് കിണര്‍ മതിയെന്ന് ഹസന്‍ പറഞ്ഞതായാണ് വിവരം. കുട്ടനാട്ടിലെ കിണറുകളിലെ വെള്ളംവരം പുള്ളി വെള്ളമൊഴിച്ചു കഴുകി

മുഖ്യമന്ത്രിയില്ലാത്ത നാട്ടില്‍ ജീവിക്കാന്‍ കെസി ജോസഫ് തയ്യാറല്ല. പണ്ട് ഉമ്മന്‍ ചാണ്ടി മുഖ്യനായിരുന്ന നാളുകളില്‍ പുള്ളിക്ക് തിരക്കുകള്‍ വരുമ്പോള്‍  മന്ത്രിസഭായോഗ ഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കെസി ജോസഫിനെ നിയോഗിക്കാറുണ്ടായിരുന്നു. അന്ന് ഒരു സെമി ഉപമുഖ്യമന്ത്രി പദവി ആസ്വദിച്ച സുഖം പുള്ളിയുടെ മനസിലുണ്ട്. ഇടത് മന്ത്രിമാരില്‍ ഒരാള്‍ ആ സുഖം അനുഭവിക്കുന്നതില്‍ കെസിക്ക് തെല്ലും വിഷമമില്ല താനും. അല്ലെങ്കില്‍ പിന്നെ ഇപിക്കുവേണ്ടി ഇങ്ങനെ പരസ്യമായി രംഗത്തുവരില്ലല്ലോ.

 കേരളത്തെക്കുറിച്ച്, സര്‍ക്കാരിനെക്കുറിച്ച് നാഥനില്ലാ കളരിയെക്കുറിച്ച് എല്ലാത്തിനുമുപരി പിണറായി വിജയന്‍റെ മനസമാധാനത്തെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന മറ്റൊരാള്‍ മലയാളനാട്ടിലോ അമേരിക്കയിലോ ഉണ്ടാവില്ലെന്നുറപ്പ്.