കലവറയില്‍ കണ്ണുംനട്ട് തീറ്ററപ്പായിമാർ

ഭാഗ്യം തൃശൂരുകാര്‍ക്കാണ്. തീറ്റ റപ്പായിയുടെ നാട്ടിലാണ് കലോ‍ല്‍സവം. നല്ല പൊളി ഗഡിമാരുടെ നാടാണ്. സംഗതി കലക്കും. സംഗതി എല്ലാം മാറിയാലും മാറാത്ത ഒന്നേയുള്ളൂ. അത് കലവറയും മോഹനന്‍ നമ്പൂതിരിയുമാണ്. പാല് കാച്ചിക്കഴിഞ്ഞാപ്പിന്നെ ഒരു വയ്പാണ്. പാചകം കഴിഞ്ഞ് സര്‍ക്കാര്‍ പണം കൊടുക്കാന്‍ മറക്കരുത്. മറന്നാല്‍ അദ്ദേഹം വീണ്ടും രാജിവയ്ക്കും. അഞ്ചാറുതവണ വിരമിച്ചയാളാണ്. കറി മാറിയാലും രുചി മാറാന്‍ അനുവദിക്കില്ല. അതാണ് പ്രത്യേകത. 

കോഴിക്കോട് ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ചാലും സന്തോഷിക്കാന്‍ വിഷമിക്കുന്ന ഒരു മാഷുണ്ട്. സിപിഎം ജില്ലാസെക്രട്ടറി പി.മോഹനന്‍ മാഷ്. പണ്ട് നടന്ന ഒരു മല്‍സരത്തില്‍ നമ്മുടെ പാര്‍ട്ടി ഓഫീസിനിട്ട് ബോംബെറിഞ്ഞ് ഓടിയ ചില വരുതന്‍മാരുണ്ട്. അവരെ പിടിക്കാന്‍ ഇതുവരെ ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും ടീപീകേസിലൊക്കെ കാണിക്കുന്ന ഒരിത് ഇക്കാര്യത്തില്‍ ഒരു പോലീസുകാരനുമില്ല. അതാണ് സങ്കടം. നമ്മളായിപ്പോയി ഭരണത്തില്‍. ഇല്ലെങ്കില്‍ കാണിച്ചുതരാമായിരുന്നു. 

ബീജേപ്പീക്കാര്‍ നാട്ടിലുടനീളം മൈക്കുംകെട്ടി പ്രസംഗിച്ചുനടക്കുന്നത് മോഹനന്‍ മാഷും കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ അറിവോടെയാണ് ബോംബേറ് നടന്നത് എന്നാണ് കെ.സുരേന്ദ്രനും ടീംസും തള്ളിവിടുന്നത്. സമാധാനം ആഗ്രഹിക്കുന്ന സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിയെ ഇങ്ങനെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്നത് എന്തൊരു കഷ്ടമാണ്.