ശിവശങ്കറിന്റെ പുറംവേദന നാടകമോ.?; കസ്റ്റംസ് നീക്കം രാഷ്ട്രീയപ്രേരിതമോ?

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്നാണ് അദ്ദേഹം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം തടയാനുള്ള നീക്കമാണിതെന്ന് കസ്റ്റംസ് പറയുന്നു. ആശുപത്രിയിലാണെങ്കിലും കസ്റ്റംസ് സംഘത്തിന്റ് നിരീക്ഷണത്തിലാണ് ശിവശങ്കര്‍. നാളെ അദ്ദേഹം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. 

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് കേന്ദ്രമന്ത്രി വി.മുരളീധരനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വരുന്നത്. അതിങ്ങനെയാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപെട്ട് നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനവും അധികാരദുര്‍വിനിയോഗവുമാണ്. ബിജെപി നിര്‍ദേശിക്കുന്നപോലെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരസ്യപ്രഖ്യാപനംകൂടിയാണ് വി.മുരളീധരന്റെ വാര്‍ത്താസമ്മേളനമെന്നും സിപിഎം. മിനിഞ്ഞാന്ന് വൈകിട്ട് മൂന്ന് മുരളീധരന്‍ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് വൈകിട്ട് അഞ്ചോടെ കസ്റ്റംസ് സംഘം എം.ശിവശങ്കറെ ചോദ്യംചെയ്യാനായി അവരുടെ വാഹനത്തില്‍ കൊണ്ടുപോകുന്നതും പിന്നാലെ അദ്ദേഹം ആശുപത്രിയിലാകുന്നതും. ശിവശങ്കറിനെതിരായ കസ്റ്റംസ് നീക്കം രാഷ്ട്രീയപ്രേരിതമോ? വി.മുരളീധരന്റെ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച സിപിഎം, പിന്നാലെ ശിവശങ്കറിനെതിരായ നീക്കത്തെ കാണുന്നതെങ്ങനെയാണ്?