‘ഇയാൾ മാത്രം അനുഭവിച്ച് തീർത്താൽ മതിയോ?’; ശിവശങ്കറിന്റെ ചിത്രവുമായി അനില്‍ അക്കര

170 ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷം ലൈഫ് മിഷന്‍ കേസില്‍ ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പുറത്തിറങ്ങിയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി ബുധനാഴ്ചയാണ് അദ്ദേഹത്തിന് സുപ്രീംകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. എറണാകുളം ജില്ലാ ജയിലില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം പുറത്തിറങ്ങി. പിന്നാലെ അദ്ദേഹത്തിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. 

‘സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?’ എന്ന കുറിപ്പിനൊപ്പമാണ് അനില്‍ അക്കരയുടെ പോസ്റ്റ്. രണ്ടു മാസത്തേക്കാണ് ശിവശങ്കറിനു സുപ്രീംകോടതി  ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്.

കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയിൽ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി. ശിവശങ്കർ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്നു രേഖകൾ പരിശോധിച്ചു കോടതി വ്യക്തമാക്കി. 

ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Congress leader Anil Akkara shares M. Sivasankar's photo

Enter AMP Embedded Script
MORE IN KERALA