ഇ.ഡിക്ക് മുന്നില്‍ ജലീല്‍; രാജിക്കായി മുറവിളി; ഇനിയെന്ത്..?

തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനിരിക്കെയാണ്  വൈകിട്ട് ആറേകാലോടെ മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്സ്െന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്ന വിവരം വരുന്നത്. ഇഡി മേധാവിയുടെ സ്ഥിരീകരണമാണ് ആദ്യമേ വരുന്നത്. യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍, സ്വപ്ന സുരേഷടക്കം ഉള്ളവരുമായുള്ള ബന്ധം, മതഗ്രന്ഥം കൊണ്ടുവന്നതിലെ സംശയങ്ങള്‍ ഒക്കെ മന്ത്രിയില്‍നിന്ന് ഇഡി വിവരങ്ങളായി തേടിയെന്നാണ് മനസിലാക്കുന്നത്. രാവിലെ അരൂരിലെത്തിയ മന്ത്രി ഔദ്യോഗിക വാഹനം വിട്ട് സ്വകാര്യ വാഹനത്തിലാണ് യാത്ര ചെയ്തത്. ഉച്ചയോടെ തിരിച്ചെത്തി ഔദ്യോഗിക വാഹനത്തില്‍ മലപ്പുറത്തേക്ക് പോയി. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമല്ല. പക്ഷെ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു.  ഇനിയെന്താണ് ഈ കേസില്‍ സംഭവിക്കുന്നത്..?   

കോവിഡിങ്ങനെ ഒരു പിടിയും തരാതെ പടരുമ്പോള്‍ ചവറയിലും കുട്ടനാട്ടിലും റിസ്കെടുത്ത് ഒരു തിരഞ്ഞെടുപ്പുവേണോ, ഒരു ചുരുങ്ങിയ കാലത്തേക്ക്? സര്‍ക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും പിന്നെ ബിജെപിയും മൂന്നുകൂട്ടരും ഒരഭിപ്രായത്തിലാണ്. വേണ്ട. പക്ഷെ ഒക്ടോബറില്‍ നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അങ്ങനെ ഒരു ഏകാഭിപ്രായമില്ല. ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരും യുഡിഎഫും തിരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന നിലപാടിലാണ്. പക്ഷെ സമയത്തുതന്നെ നടക്കണമെന്ന് ബിജെപി. എന്നുമാത്രമല്ല. ഇടതുവലത് മുന്നണികള്‍ക്ക് ജനങ്ങളെ നേരിടാന്‍ ഭയമാണെന്നും ബിജെപിയുടെ ആരോപണം. തിരഞ്ഞെടുപ്പ് മാറ്റണമെന്നതില്‍ സര്‍ക്കാരും യുഡിഎഫും ധാരണയോടെയാണ് സര്‍വകക്ഷിയോഗത്തിന് വന്നതെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. അപ്പോള്‍ കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിക്കപ്പുറം ഒരു ഘടകം ഇവിടെയുണ്ടോ? തിരഞ്ഞെടുപ്പിനെ ആരെങ്കിലും ഭയക്കുന്നുണ്ടോ?