'സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശം'; വിവാദങ്ങൾക്കിടെ ജലീൽ; കുറിപ്പ്

വിവാദങ്ങൾക്കിടെ മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു എന്ന് തുടങ്ങുന്ന കുറിപ്പ് ജലീൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

കുറിപ്പ് ഇങ്ങനെ: സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു. 

ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാള ഹസ്തങ്ങളിൽ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല. ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവ്വം നമുക്ക് അനുസ്മരിക്കാം. ധീര രക്തസാക്ഷികളേ, ബിഗ് സെല്യൂട്ട്. 

കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് തിരിച്ചു. ജലീൽ മടങ്ങിയത് വീട്ടില്‍നിന്ന് സന്ദേശം ലഭിച്ചതിനാലെന്നാണ് എ.സി.മൊയ്തീന്‍ പറഞ്ഞത്.