കോടതി നടത്തുന്ന ഇടപെടലിനെ എങ്ങനെ കാണണം?

കോവിഡ് ബാധിതരുടെ വിവരശേഖരണവും വിലയിരുത്തലും സംബന്ധിച്ച കരാറിനെക്കുറിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തുടക്കത്തില്‍ ഒന്നും പറഞ്ഞില്ല. പിന്നീടൊരു ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു, അത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയലക്ഷ്യംവച്ചുള്ളത്. ഈസമയം അതിന് പിന്നാലെ പോകാനുള്ളതല്ല. സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലെ പറഞ്ഞു. പ്രതിപക്ഷം കോവിഡ് നേരിടുന്നതിലെ ഒരുമ അട്ടിമറിച്ചു, ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത പ്രചാരവേലയെന്നും പാര്‍ട്ടി സെക്രട്ടറി. ഇന്ന് പക്ഷെ കേരള ഹൈക്കോടതി ഈ വിഷയത്തിലെ ഹര്‍ജികള്‍ കേട്ടശേഷം ഇടക്കാല ഉത്തരവില്‍ പറയുന്നത് അങ്ങനെയല്ല. വിവരങ്ങളുടെ രഹസ്യാത്മക ഉറപ്പാക്കിയിട്ടേ അത് സ്പ്രിന്‍ക്ളറിന് നല്‍കാവൂ. സ്വകാര്യത സംരക്ഷിക്കണം, വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. വിവരദാതാവിന്റെ അനുമതിയില്ലാതെ ഡേറ്റ ശേഖരിക്കരുത്. കരാര്‍ കാലാവധിക്കുശേഷം വിവരം തിരിച്ചുനല്‍കണം. സര്‍ക്കാരിന്റെ മുദ്ര ഉപയോഗിക്കരുതെന്നും ഹൈക്കോടതി. അപ്പോള്‍ ഈ വിഷയത്തില്‍ കോടതി നടത്തുന്ന ഇടപെടലിനെ എങ്ങനെ കാണണം? എന്തുകൊണ്ടാണ് ഇതൊക്കെ ഉത്തരവായി കോടതിക്ക് സര്‍ക്കാരിന് മുന്നില്‍ വയ്ക്കേണ്ടിവരുന്നത്?