വിശ്വാസികളെ ഉപദേശിക്കാം; പക്ഷേ ഇങ്ങനെ നിരുത്തരവാദപരം ആകരുത്

ഫുട്‌ബോൾ ലഹരി ആകുന്നതിനെതിരെ സമസ്‌ത നല്‍കിയ മുന്നറിയിപ്പ് വലിയ ചര്‍ച്ചയായി. . വിശ്വാസികള്‍ക്ക് അമിതമായ താരാരാധന പാടില്ല. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്ത് ആണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണക്കുന്നതും തെറ്റ് ആണെന്നും സമസ്ത പറഞ്ഞതാണ് വിവാദമായത്. സമ്മിശ്രപ്രതികരണങ്ങളുണ്ടായി. രാഷ്ട്രീയകാലാവസ്ഥയില്‍ പാലിക്കേണ്ട സൂക്ഷ്മത സമസ്ത പുലര്‍ത്തിയോ? ഇല്ല എന്നാണുത്തരം. 

സമസ്ത കേരള ജംഇയത്തുല്‍ ഖുത്വബ ഖത്തീബുമാര്‍ക്കായി സമസ്ത നല്‍കിയ ജുമുഅ പ്രസംഗമാറ്ററാണ് ലോകകപ്പിനിടെ ഒരു രാഷ്ട്രീയചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത്. ലോകകപ്പിന്റെ ആവേശം ഉള്‍ക്കൊണ്ടു തന്നെ തുടങ്ങുന്ന കുറിപ്പില്‍ ആവേശം മതാചരണത്തിന് തടസമാകരുതെന്ന് ഓര്‍മിപ്പിക്കുന്നു. ലഹരിയായി പ്രശ്മാകരുതെന്ന് ധൂര്‍ത്തൊന്നും അംഗീകരിക്കാനാകില്ലെന്നും ഓര്‍മിപ്പിക്കുന്നു. സ്വാഭാവികമായും വാനോളം ആവേശത്തില്‍ സമസ്തയുടെ മുന്നറിയിപ്പ് പ്രതികരണങ്ങള്‍ ക്ഷണിച്ചു വരുത്തി. 

വിശ്വാസികളോട് ഒരു മതസംഘടന മതാനുഷ്ഠാനങ്ങള്‍ ഓര്‍മിപ്പിക്കുന്നത് തെറ്റൊന്നുമല്ല. മനുഷ്യരെ ജാതിമതഭേദമില്ലാതെ ഒന്നിപ്പിക്കുന്ന കായികമാമാങ്കത്തിന്റെ ലഹരിയില്‍ മതങ്ങളുടെ പിടിയില്‍ നിന്ന് വിശ്വാസികള്‍ പുറത്തുചാടുമെന്ന പേടി മതമേധാവികള്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. അവിടെ അനുഷ്ഠാനങ്ങളില്‍ വിശ്വാസികളെ പിടിച്ചു നിര്‍ത്താനും നിയന്ത്രിക്കാനുമുള്ള  സാമാന്യമായ ഉപദേശങ്ങളൊക്കെ തീര്‍ത്തും പ്രതീക്ഷിക്കാവുന്നതുമാണ്. പക്ഷേ ചുറ്റും നടക്കുന്നതൊന്നുമറിയാത്ത മട്ടില്‍ നിരുത്തരവാദപരമായി രണ്ടു വാചകങ്ങള്‍ അതിലുണ്ടാകുന്നത് പ്രശ്നം തന്നെയാണ്. 

സദുദ്ദേശപരമെങ്കിലും പിന്തിരിപ്പന്‍ എന്നൊക്കെ മാത്രം വിമര്‍ശിക്കാവുന്ന കുറിപ്പിന്റെ അവസാനത്തെ രണ്ടു വാചകങ്ങളാണ് അനാവശ്യവിവാദത്തിന് കളമൊരുക്കിയത്. കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല. എന്താണ് സമസ്ത ഉദ്ദേശിക്കുന്നതെന്നും നേതാക്കള്‍ തന്നെ വിശദീകരിക്കുന്നു. 

അധിനിവേശ ചരിത്രത്തിന്റെ പേരില്‍ ഒരു രാജ്യത്തെ എതിര്‍ക്കണമെന്നു പറയുന്നിടത്ത് പ്രശ്നം തുടങ്ങുന്നു. ഇസ്‍ലാമിക വിരുദ്ധരാജ്യങ്ങളെ അന്ധമായി ഉള്‍ക്കൊണ്ട് പതാക കെട്ടി നടക്കരുതെന്ന് പറയുന്നിടത്ത് പ്രശ്നം വീണ്ടും പ്രശ്നമാകുന്നു. അതുവരെ മതവും വിശ്വാസികളും തമ്മില്‍ നടന്ന ആശയവിനിമയം പൊടുന്നനെ രാഷ്ട്രീയമാകുന്നു. രാഷ്ട്രീയം കടന്നു വരുമ്പോള്‍ ചര്‍ച്ചകള്‍ വഴി മാറുന്നത് സ്വാഭാവികം. മുസ്‍ലിം രാജ്യത്ത് നടക്കുന്നതുകൊണ്ടാണ് ഖത്തര്‍ ലോകകപ്പിന് ഇത്രമേല്‍ ആഘോഷം നടക്കുന്നതെന്നു പറഞ്ഞു വന്ന വര്‍ഗീയവാദികളെ സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ഓടിച്ചു വിട്ട കേരളീയര്‍ക്കു മുന്നിലേക്കാണ് മതവും രാഷ്ട്രീയവും ഫുട്ബോളില്‍ കലര്‍ത്താനായി സമസ്ത വരുന്നത്. നിലവിലുള്ള സാമൂഹ്യരാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ഒരു സൂക്ഷ്മതയും പുലര്‍ത്താതെ അടിക്കാനുള്ള വടി വെട്ടിക്കൊടുക്കുന്ന പരിപാടി സമസ്ത  അവസാനിപ്പിക്കണം. 

കളിയില്‍ രാഷ്ട്രീയമുണ്ട്. ലോകകപ്പില്‍ കളിക്കളത്തിനകത്തും പുറത്തും രാഷ്ട്രീയം പ്രകടമാണ്. രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ ടീമുകളും താരങ്ങളും മടിക്കുന്നില്ല. പക്ഷേ അതൊന്നും മതാത്മക രാഷ്ട്രീയമല്ല. മാനവികതയിലൂന്നിയ നിലപാടുകളാണ്. മനുഷ്യര്‍ മുന്നോട്ടാണ് പോകേണ്ടത് എന്ന് പിന്തിരിപ്പന്‍ രാഷ്ട്രീയ–മതനേതൃത്വങ്ങളെ ഓര്‍മിപ്പിക്കുന്ന പ്രതിഷേധമാണ് ലോകകപ്പ് വേദിയിലെ രാഷ്ട്രീയത്തില്‍ എമ്പാടും കണ്ടത്. അങ്ങനെ മുന്നോട്ടു പോകുന്ന നിലപാടുകളാണ്, സ്വയം നവീകരിക്കുന്ന നിലപാടുകളാണ് സമസ്തയും മുന്നോട്ടു വച്ചതെങ്കില്‍ ഈ സംശയങ്ങളും വിമര്‍ശനങ്ങളും ഉയരുമായിരുന്നില്ല. യാഥാസ്ഥിതികത്വത്തെ മുറുകെ പിടിക്കാനേ ഒരു മതസംഘടന ആഹ്വാനം ചെയ്യൂ എന്നും അങ്ങനെയേ ആകാവൂ എന്നും നിര്‍ബന്ധം പിടിക്കേണ്ടതുമില്ല.