വേണ്ടത് ഈ നവകേരളമോ? ഭയക്കണം മുഖ്യമന്ത്രിയുടെ ഈ ജനാധിപത്യബോധം

pv
SHARE

നവകേരളസദസ് കൊണ്ട് നമുക്കെന്തു നേട്ടമുണ്ടായി? മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളത്തില്‍ ജനാധിപത്യത്തിന്റെ അവസ്ഥയെന്തായിരിക്കുമെന്ന് പകല്‍വെളിച്ചത്തില്‍ ബോധ്യമായി. പ്രതിപക്ഷനേതാക്കളെ നേരിടാന്‍ കണ്ണീര്‍വാതകവും ജലപീരങ്കിയുമായി പൊലീസിനെ അഴിച്ചു വിടുന്ന നവകേരളമുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം നേടി. 

മുഖ്യമന്ത്രി തന്നെ പ്രതിപക്ഷസമരത്തെ അക്രമത്തിലൂടെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന നവകേരളത്തില്‍ ഈ പരിണാമം അതിശയിപ്പിക്കുന്നില്ല. പക്ഷേ ആശങ്കപ്പെടുത്തുന്നു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന നമ്മുടെ രാജ്യത്ത് കേരളമെന്ന പ്രതീക്ഷയുടെ തുരുത്ത് എന്ന ആശ്വാസമാണ് തലസ്ഥാനത്തെ കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമം തല്ലിക്കെടുത്തിക്കളയുന്നത്. ഈ നവകേരളമാണോ നമുക്കു വേണ്ടത്? ഈ നവകേരളജനാധിപത്യസങ്കല്‍പത്തിനു വേണ്ടിയാണോ നമ്മള്‍ സ്വപ്നം കാണേണ്ടത്?

പ്രതിപക്ഷനേതാവ് സംസാരിക്കുകയാണ് വേദിയില്‍, വേദിയെ മൂടി ആദ്യമെത്തിയത് പൊലീസിന്റെ ജലപീരങ്കി. പിന്നാലെ മുതിര്‍ന്ന പ്രതിപക്ഷനേതാക്കളൊന്നാകെ അണിനിരന്ന വേദിയിലേക്ക് ടിയര്‍ ഗ്യാസ് എത്തി. ഒന്നിനു പിന്നാലെ ഒന്നായി ഒട്ടേറെ ടിയര്‍ഗ്യാസ് ഷെല്ലുകള്‍. വി.ഡി.സതീശന്‍ പ്രസംഗം നിര്‍ത്തി. പ്രധാന നേതാക്കളെ സുരക്ഷിതമായി സ്ഥലത്തു നിന്നു മാറ്റാന്‍ പാടുപെട്ടു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന KPCC പ്രസിഡന്റ് കെ.സുധാകരനെ നേരെ ആശുപത്രിയിലേക്കാണ് മാറ്റിയത്. 

ഒരു ന്യായീകരണവുമില്ലാത്ത ഭരണകൂട അതിക്രമമാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷപാര്‍ട്ടി തലസ്ഥാനത്ത് നേരിടേണ്ടി വന്നത്. ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും ജനാധിപത്യത്തില്‍ അവകാശങ്ങളുണ്ട്. വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള ജനങ്ങളുടെ അവകാശത്തെയാണ് പ്രതിപക്ഷം പ്രതിനിധീകരിക്കുന്നത്. പ്രതിപക്ഷപ്രവര്‍ത്തനങ്ങളോടും വിയോജിക്കാം, ചോദ്യം ചെയ്യാം, ആശയപരമായി നേരിടാം. പകരം സകലമര്യാദകളും ലംഘിച്ച് ഭരണകൂടത്തിന്റെ ഏജന്‍സികളെ ഉപയോഗിച്ച്  നേരിടുന്നത് ജനാധിപത്യമല്ല. പ്രതിപക്ഷനേതാവും KPCC അധ്യക്ഷനും നയിക്കുന്ന ഒരു സമരത്തോട് എന്തു സമീപനം സ്വീകരിക്കണമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി അറിയാതെ കേരളാപൊലീസ് തീരുമാനിക്കില്ല. ഇതാണ് മുഖ്യമന്ത്രിയുടെ ജനാധിപത്യബോധ്യമെങ്കില്‍ കേരളം ഭയക്കണം.

ഇതാദ്യമായല്ല കേരളത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങുന്നത്.  പക്ഷേ സമരത്തിനു നേരെ, അതും പ്രതിപക്ഷനേതാവ് നേതൃത്വം നല്‍കുന്ന ഒരു സമരത്തിനെതിരെ മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് ഇത്തരത്തില്‍ അഴിഞ്ഞാടുന്നത് ചരിത്രത്തിലാദ്യമായാണ്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിക്കയറാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.പക്ഷേ തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും തലസ്ഥാനത്ത് പ്രതിപക്ഷസമരങ്ങളുണ്ടായിരുന്നു. യൂത്ത്കോണ്‍ഗ്രസ് സമരത്തില്‍ പ്രവര്‍ത്തരുടെ വൈകാരികപ്രതികരണത്തില്‍ രണ്ടുമണിക്കൂര്‍  പൊലീസ് അനങ്ങാതെ നിന്നു. ഒടുവിലാണ് ലാത്തിച്ചാര്‍ജും സംഘര്‍ഷവുമുണ്ടായത്. കെ.എസ്.യു സമരത്തോടും പൊലീസ് തുടക്കത്തില്‍ പെരുമാറിയത് ഇത്തരത്തിലായിരുന്നില്ല. ഇത് പക്ഷേ തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു. പ്രതിപക്ഷനേതാവ് സംസാരിച്ചു തുടങ്ങിയ ഉടന്‍ വേദിയിലേക്ക് ജലപീരങ്കിയെത്തി. തൊട്ടുപിന്നാലെ ടിയര്‍ ഗ്യാസും. ഒന്നല്ല, ഒന്‍പതു റൗണ്ട് ടിയര്‍ഗ്യാസ് പ്രയോഗമാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷനേതാക്കള്‍ക്കു നേരെയുണ്ടായത്. 

സമരങ്ങള്‍ക്കു നേരെ നിയമപരമായ നടപടിയുണ്ടാകും. പക്ഷേ ജനാധിപത്യത്തില്‍ പൊലീസ് ആസൂത്രിതമായി, രാഷ്ട്രീയനിര്‍ദേശപ്രകാരം പെരുമാറുന്നതിന് ഒരു ന്യായവുമില്ല. പൊലീസിനെയാണ് വിശ്വാസമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് പ്രതിപക്ഷനേതാക്കള്‍ക്കെതിരെയുള്ള നടപടിയുണ്ടായത്. പൊലീസിനെ മുഖ്യമന്ത്രിക്കു മാത്രമല്ല, പൊലീസിന് മുഖ്യമന്ത്രിയെയും നല്ല വിശ്വാസമാണെന്ന് കേരളത്തിനു മനസിലായി. കേരളാപൊലീസ് മുഖ്യമന്ത്രിയുടെ രാഷ്്ട്രീയതാല്‍പര്യം നടത്തിയെടുക്കാനുള്ള ഏജന്‍സിയായി തരംതാഴുന്നത് അപലപനീയമാണ്. 

നവകേരളസദസില്‍ അവിശ്വസനീയമായ പലതും കേരളം കണ്ടു, സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയുടെ വിചിത്രമായ ന്യായവാദങ്ങള്‍ കേട്ടു. സമരം ചെയ്യുന്ന പ്രതിപക്ഷപ്രവര്‍ത്തകരെ അടിച്ചൊതുക്കാന്‍ നേരിട്ടു തന്നെ മുഖ്യമന്ത്രി പിന്തുണ നല്‍കുന്നതു കണ്ടു.  മുഖ്യമന്ത്രിയുടെ ആഹ്വാനം ജനാധിപത്യവിരുദ്ധമാണെന്നും പറയാന്‍ പാര്‍ട്ടിയിലാരുമുണ്ടായില്ല. തിരുവായ്ക്കെതിര്‍വായില്ലാത്ത ഇന്നത്തെ സി.പി.എമ്മില്‍ സെക്രട്ടറി വരെ മുഖ്യമന്ത്രി പറഞ്ഞതേറ്റു പാടി പിന്തുണ പ്രഖ്യാപിച്ചു.  മുഖ്യമന്ത്രിയുടെ ആഹ്വാനം ഊര്‍ജമാക്കി മാറ്റിയ സി.പി.എം- DYFI പ്രവര്‍ത്തകര്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രതിപക്ഷസമരക്കാരെ ആക്രമിച്ചു.  അതും പോരെന്നു തോന്നിയപ്പോള്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ തന്നെ വണ്ടി നിര്‍ത്തി ചാടിയിറങ്ങി സമരക്കാരുടെ തലയ്ക്കടിച്ചു തുടങ്ങി. പ്രവര്‍ത്തകരെ അടികൊള്ളാന്‍ പറ‍ഞ്ഞു വിട്ട് നോക്കിനില്‍ക്കുന്നുവെന്ന വിമര്‍ശനം കനത്തപ്പോഴാണ് പ്രതിപക്ഷനേതാവ് അടിച്ചു തിരിച്ചടിയെന്ന പ്രഖ്യാപനവുമായെത്തിയത്.  ആ പറഞ്ഞത് മുഖ്യമന്ത്രിക്കു വലിയ പ്രശ്നമായി തോന്നി.  അടിക്കരുത് എന്ന് ആദ്യം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അദ്ദേഹം പറഞ്ഞത് ഈ മാതൃകാരക്ഷാപ്രവര്‍ത്തനം ഇനിയും ആവര്‍ത്തിക്കണമെന്നാണ്. പ്രതിപക്ഷത്തിന്റെ സമരത്തെ കൈയൂക്കിലൂടെ നേരിടാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയാണ്. േകരളത്തിലുടനീളം  സംഘര്‍ഷസാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണ്. ഒടുവില്‍ അടിക്ക് തിരിച്ചടിയെന്ന് പ്രതിപക്ഷം പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലൊരു വിമര്‍ശനം പോലും ഉയരാതിരുന്നത് മുഖ്യമന്ത്രിയുടെ ജനാധിപത്യവിരുദ്ധതയില്‍ മനം മടുത്തതുകൊണ്ടു കൂടിയാണ്. ഒടുവില്‍ ഭരണകൂടത്തിന്റെ സകല ഏജന്‍സികളെയും പാര്‍ട്ടിയുടെ സംഘടനാബലവും എല്ലാമുപയോഗിച്ച് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ പോലും അമിതാധികാരം പ്രയോഗിക്കുമ്പോള്‍ കൈയടിക്കുന്ന അണികള്‍ മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസെടുത്തു മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിയുടെ സി.പി.എമ്മാണ് ദേശീയ തലത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസുമായി കൈകോര്‍ത്തു പോരാടുന്നത് എന്നോര്‍ക്കുമ്പോള്‍ വിരോധാഭാസം വാക്കിന്റ അര്‍ഥമുപേക്ഷിച്ചു പോകും. 

പ്രതിപക്ഷസമരക്കാര്‍ക്കു നേരെ മാത്രമല്ല, പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും തുരുതുരാ കേസെടുത്തു പോവുകയാണ് സി.പി.എം സര്‍ക്കാരിന്റെ പൊലീസ്. പൊലീസാണോ സര്‍ക്കാരാണോ എന്നു സംശയം തോന്നിയാല്‍ മറുപടി റെഡിയാണ്.  മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഇനി മുഖ്യമന്ത്രി പറയും. അദ്ദേഹത്തിന്റെ പാര്‍ട്ടി പറയും. പ്രതിപക്ഷം എങ്ങനെ  പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി തീരുമാനിക്കും. പ്രതിപക്ഷവും മാധ്യമങ്ങളും താന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു നവകേരളമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്നം കാണുന്നത്. ആ നവകേരളത്തിലെ ജനാധിപത്യം എന്തായിരിക്കുമെന്നും മുഖ്യമന്ത്രി തീരുമാനിക്കും. അണികള്‍ നടപ്പാക്കും. നിയമവാഴ്ചയോടും സ്വൈര്യജീവിതത്തോടുമുള്ള ബഹുമാനം മനസിലാക്കാന്‍ ഒരു ദൃശ്യം കൂടി കാണാം

ഏഴരവര്‍ഷമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക്  കേന്ദ്രീകരിക്കേണ്ടി വന്ന DYFIയ്ക്ക് നവകേരളസദസോടെ രാഷ്ട്രീയജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വകാര്യ സുരക്ഷാ ഏജന്‍സിയായി DYFI സ്വയം അവരോധിച്ചു. തുടര്‍ഭരണത്തോടെ അടക്കി വയ്ക്കേണ്ടി വന്ന സമരോര്‍ജം മുഴുവന്‍ പ്രതിപക്ഷസമരക്കാര്‍ക്കു നേരെ പ്രയോഗിച്ചു.  കണ്ണൂര്‍ കല്യാശേരിയില്‍ തുടങ്ങിയ സമരപ്രതിരോധം മുഖ്യമന്ത്രിയുടെ ആശിര്‍വാദങ്ങള്‍ കൂടി കിട്ടിയതോടെ തിരുവനന്തപുരത്ത് സദസ് തീരുന്നതുവരെ മുടങ്ങാതെ DYFI പാലിച്ചുപോന്നു. സമരം ചെയ്യുന്നവര്‍ അടി കൊള്ളേണ്ടവരാണ് എന്ന രാഷ്ട്രീയകീഴ്‍വഴക്കം നവകേരളത്തില്‍ എഴുതിച്ചേര്‍ത്തതിന് DYFIയ്ക്ക് അഭിമാനിക്കാം. 

നവകേരളസദസ് സമാപിക്കുന്ന സ്ഥിതിക്ക് സംഭരിച്ച ഊര്‍ജം ഇനി എന്തു ചെയ്യുമെന്ന് DYFI സഖാക്കള്‍ക്ക് ആശങ്ക തോന്നുന്നത് സ്വാഭാവികം. പിണറായി വിജയന്റെ പി.ആര്‍.ഏജന്‍സിയായി സി.പി.എം രംഗത്തുള്ള സ്ഥിതിക്ക് DYFI–യ്ക്ക് ആ  മേഖലയില്‍ കൂടുതല്‍ സാധ്യതകളില്ല. ഇടതുപക്ഷസമരവീര്യം പ്രതിപക്ഷത്തോടു തീര്‍ക്കാനായില്ലെങ്കില്‍ പൊലീസിനോടു തീര്‍ക്കാമെന്ന മാതൃക ചാലക്കുടിയില്‍ നിന്ന് അവതരിപ്പിക്കുന്നു, DYFI തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം നിധിന്‍ പുല്ലന്‍. പൊലീസ് ജീപ്പിനു മുകളില്‍ കയറി ജീപ്പ് അടിച്ചു തകര്‍ക്കുന്ന യുവജനനേതാവിനെ പൊലീസില്‍ നിന്നു രക്ഷിക്കാനായി കെട്ടിപ്പിടിച്ച് നിലത്തു കിടന്നുരുളുന്നത് ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്.അശോകന്‍. പൊലീസ് ഇന്നേരമത്രയും പ്രതിയെ പിടിക്കാതെ ഒളിച്ചുകളി തുടരുകയാണ്. നവകേരളസദസിനായി ഏതു സ്കൂളിന്റെയും മതില്‍ പൊളിക്കാം. കുട്ടികളെ പൊരിവെയിലത്തു മുഖ്യമന്ത്രിയെ കാണാന്‍ നിര്‍ത്താം. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു തോന്നിയതുപോലെ പിരിവ് നടത്താം. ഒരു സുതാര്യതയുമില്ലാതെ ഒരു കണക്കുമില്ലാതെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് നവകേരളയാത്ര കെട്ടിപ്പടുക്കാം. ഇടയ്ക്ക് കോടതി ഇടങ്കോലിട്ടതുകൊണ്ടു മാത്രം എല്ലാ നവകേരളതീരുമാനങ്ങളും വേണ്ടതുപോലെ നടത്താന്‍ കഴിഞ്ഞില്ലെന്നു മാത്രം. 

നവകേരള സദസ്സ് ജനാധിപത്യത്തിലെ അത്യപൂര്‍വ അധ്യായമെന്നാണ് മുഖ്യമന്ത്രി സമാപനദിവസം അവകാശപ്പെട്ടത്. ശരിയാണ്.  രാജ്യത്തു തന്നെ മന്ത്രിസഭയൊന്നാകെ ഒരു മാസത്തിലേറെ ഇങ്ങനെ ഒരു ബസില്‍ സഞ്ചരിച്ചിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളിലും ഒന്നിച്ചെത്തിയിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരുമായി സംവദിച്ചു കൊണ്ടു പ്രഭാതസദസ് നടത്തിയിട്ടില്ല. സ്വകാര്യഹോട്ടലിലും മന്ത്രിയുടെ വീട്ടിലും ഗസ്റ്റ് ഹൗസിലുമായി മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്നതും അത്യപൂര്‍വമാണ്. 

നവകേരളത്തിന് വഴികാട്ടുന്ന ചരിത്രസംരംഭം എന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അണികളും ഒരു മാസത്തിലേറെ നീണ്ട പരിപാടി സമാപിക്കുമ്പോള്‍ ഉറപ്പിച്ചു പറയുന്നത്. എങ്ങനെ എന്നു ചോദിച്ചാല്‍ വ്യക്തതയൊന്നുമില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍ കാണാന്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും സുവര്‍ണാവസരമുണ്ടാക്കിയതില്‍ പല വട്ടം മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ട് പക്ഷേ എന്തിനായിരുന്നു നവകേരളസദസ് എന്നു ചോദിച്ചാല്‍ ഉത്തരത്തില്‍ ഒരു വ്യക്തതയില്ല. പക്ഷേ ജനപങ്കാളിത്തം കൊണ്ടു തന്നെ പരിപാടി വിജയമാണെന്നു മുഖ്യമന്ത്രിക്ക് അവകാശപ്പെടാമായിരുന്നു. സദസിന്റെ പേരില്‍ കേരളത്തിലുടനീളം കാണിച്ചു പോന്ന ജനാധിപത്യവിരുദ്ധത തിരുത്താമായിരുന്നു. പല അവസരങ്ങളുണ്ടായിരുന്നു. വന്‍വിജയവും പാര്‍ട്ടിയിലെ സമഗ്രാധിപത്യവും തിരുത്തല്‍ എന്ന പ്രക്രിയ അനാവശ്യമാണെന്ന വിശ്വാസം മുഖ്യമന്ത്രിക്കുണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. 

നവകേരളത്തില്‍ ഇനിയും ഇത്തരം നവജനാധിപത്യകാഴ്ചകള്‍ കാണേണ്ടി വരുമെന്ന  മുന്നറിയിപ്പ്  മുഖ്യമന്ത്രിയുടെ ശബ്ദത്തിലുണ്ട്. മുഖ്യമന്ത്രി ഇച്ഛിക്കുന്നതാണ് നവകേരളത്തിന്റെ നിയമവും വാഴ്ചയും.  പ്രതിപക്ഷത്തിന്റെ അവകാശങ്ങളും മുഖ്യമന്ത്രി തീരുമാനിക്കും . മുഖ്യമന്ത്രി തീരുമാനിക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യം. ഇനി എന്തെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയും അണികളും കൂടി  തീരുമാനമാക്കിക്കോളും. നവകേരളം ജനാധിപത്യത്തില്‍ പുതിയ മാതൃക തീര്‍ക്കുമെന്ന് ആര്‍ക്കും സംശയം വേണ്ട.

Parayathe vayya on navakerala sadas

MORE IN PARAYATHE VAYYA
SHOW MORE