പിണറായി വിജയനും പിണറായി ഫാനോ? പാര്‍ട്ടി പഴയ പാര്‍ട്ടിയല്ല

അതൊക്കെ നമ്മുടെ പ്രധാനമന്ത്രി. നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു പാട്ടിന്റെയും സ്തുതിപാഠകരുടെയും സഹായം വേണ്ട. തേക്കിന്‍ കാട് മൈതാനത്തെവരെ വിറപ്പിച്ചിരിക്കുന്നു മോദിയുടെ ഗാരന്റി. ഒരു പ്രസംഗത്തില്‍ ഒരു നേതാവിന് എത്ര തവണ സ്വയം പുകഴ്ത്താനാകും. നമ്മുടെ പ്രധാനമന്ത്രി അക്കാര്യത്തില്‍ ലോകത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കും. അത്യൂപൂര്‍വമായ ആ നേട്ടത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. 

അഞ്ചും പത്തും തവണയല്ല,  പതിനാറു  പതിനെട്ടു തവണയെങ്കിലും ഒരു പ്രസംഗത്തില്‍ ഇപ്പോള്‍ ഈ മോദിയുടെ ഗാരന്റി ഇന്ത്യന്‍ ജനത കേള്‍ക്കുന്നുണ്ട്. കേരളത്തിനും അത് നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യമുണ്ടായതാണ് ഇക്കേട്ടത്. തൃശൂരില്‍ ബി.ജെ.പിയുടെ മഹിളാസമ്മേളനത്തില്‍. രണ്ടു ലക്ഷത്തോളം സ്ത്രീകളെ മുന്നിലിരുത്തി പ്രധാനമന്ത്രി മോദി സ്തുതിയുടെ കെട്ടഴിച്ചു. 

തൃശൂരിലെ സമ്മേളനത്തില്‍ പ്രധാനമന്ത്രി 16 തവണ മോദിയുടെ ഗാരന്റി എന്ന് മലയാളത്തില്‍ ആവര്‍ത്തിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മുതല്‍ പ്രധാനമന്ത്രി ഈ ഗാരന്റിയാണ് ജനങ്ങളോടു പറയുന്നത്. മോദിയുടെ ഗാരന്റി. മനഃശാസ്ത്രപരമായി അങ്ങനെയൊരു വാഗ്ദാനത്തിന് വലിയ പ്രഭാവമുണ്ടാക്കാന്‍ കഴിയും. ഒരു വ്യക്തിയുടെ ഗാരന്റിയാണ്. ദൃശ്യതയും കൃത്യതയുമുള്ള വാഗ്ദാനം. രാഷ്ട്രീയമായി അത് ഇന്ത്യ ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയെ കൃത്യമായി വിളിച്ചു പറയുകയും ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടിയോ മുന്നണിയോ അല്ല ഒരു വ്യക്തിയുടെ ഗാരന്റിയാണ്.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തനിക്കു മുകളിലൊരു സ്പേസ് ഇല്ലെന്ന് പ്രധാനമന്ത്രി  കൃത്യമായി സ്ഥാപിക്കുന്നു. സ്വന്തമായി തന്നെ മാര്‍ക്കറ്റ് ചെയ്യുന്നു. 

രാഷ്ട്രീയം വ്യക്തിയിലേക്കു കേന്ദ്രീകരിക്കുമ്പോള്‍ പല സൗകര്യങ്ങളുണ്ട്. വ്യക്തിയോടുള്ള വിശ്വാസം വിജയത്തിലേക്ക് മുതല്‍ക്കൂട്ടാം. പരാജയങ്ങളില്‍ വിശദീകരണമൊഴിവാക്കാന്‍ വ്യക്തിയുടെ മൗനം പ്രയോജനപ്പെടുത്താം. വ്യക്തിയുടെ മാസ്മരികതയും നാടകീയതയും കാതലായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രയോജനപ്പെടുത്താം. ലോകത്തെങ്ങും പബ്ലിക് റിലേഷന്‍സിന്റെ കെട്ടുകാഴ്ചകളില്‍ നേതാക്കളും നയവും രൂപപ്പെടുന്നു. അതില്‍ ഏറ്റവും വിജയകരമായ മാതൃക നമ്മുടെ പ്രധാനമന്ത്രി ലോകത്തിനു കാണിച്ചുകൊടുക്കുന്നു

മോദിയുടെ ഗാരന്റിയാണ് രാജ്യത്ത് ഇപ്പോള്‍ കാണുന്ന എല്ലാ നല്ല കാര്യങ്ങളുടെയും പിന്നിലെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. സംസ്ഥാനതിരഞ്ഞെടുപ്പുകളിലെ വിജയം മോദിയുടെ ഗാരന്റി കൊണ്ടു വന്നതാണ്.  വടക്കുകിഴക്കന്‍ മേഖലകളിലെ ബി.ജെ.പി. മുന്നേറ്റം മോദിയുടെ ഗാരന്റിയുടെ പ്രതിഫലനമാണ്. പക്ഷേ മണിപ്പൂരില്‍ മോദിയുടെ ഗാരന്റിയില്ല. മോദിയുടെ ശബ്ദം പോലും രാജ്യം കേട്ടിട്ടില്ല. അഞ്ചാറു മാസമായി പുകഞ്ഞു കത്തുന്നു നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനവും അവിടത്തെ ജനതയും. മോദിയുടെ ഗാരന്റി മണിപ്പൂരിന്റെ പേരില്‍ ഒരു തവണ പോലും നമ്മള്‍ കേട്ടിട്ടില്ല. ഗുസ്തി താരങ്ങള്‍ സര്‍വോന്നത മെഡലുകള്‍ വഴിയിലുപേക്ഷിച്ചു പ്രതിഷേധിക്കുമ്പോള്‍ മോദിയുടെ ഗാരന്റി കേള്‍ക്കുന്നില്ല. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ മോദിയുടെ ഗാരന്റി കേട്ടിട്ടില്ല. 

പ്രധാനമന്ത്രിക്കു  സൗകര്യമുള്ളപ്പോള്‍, സൗകര്യമുള്ള മേഖലകളില്‍, സൗകര്യമുള്ള വിഷയങ്ങളില്‍ മാത്രമാണ് മോദിയുടെ ഗാരന്റി ഉയരുന്നത്. ചരിത്രപരമായി രാജ്യം എത്തിച്ചേര്‍ന്ന വികസനനേട്ടങ്ങളുടെ തുടര്‍ച്ചകള്‍ അവതരിപ്പിക്കാന്‍ ഒരു ഗാരന്റിയും ആവശ്യമായി വരില്ല. പക്ഷേ അവിചാരിതമായി രാജ്യം നേരിടുന്ന വെല്ലുവിളികളില്‍, പ്രതിസന്ധികളില്‍ ഭരണാധികാരിയുടെ ഗാരന്റി ഉണ്ടാവണം. മണിപ്പുരിലാണ് മോദിയുടെ ഗാരന്റി രാജ്യം കേള്‍ക്കേണ്ടത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍, അദാനിക്കെതിരായ ആരോപണങ്ങളില്‍ എല്ലാം നീതിയുക്തമായ തീരുമാനമെന്ന ഗാരന്റി മുന്നോട്ടു വയ്ക്കാന്‍ പ്രധാനമന്ത്രിയുണ്ടോ? അതാണ് രാജ്യത്തിന്റെ ചോദ്യം. 

parayathe vayya about pinarayi praise