മുഖ്യമന്ത്രിയുടെ വിദേശയാത്ര; സ്പോണ്‍സര്‍ഷിപ്പ് ആരോപണവുമായി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിദേശയാത്രയില്‍ സ്പോണ്‍സര്‍ഷിപ്പ് ആരോപണവുമായി പ്രതിപക്ഷം. സ്പോണ്‍സര്‍ഷിപ്പ് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് കെ.സുധാകരനും വി.മുരളീധരനും ആവശ്യപ്പെട്ടു. അത് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഇ.പി.ജയരാജന്റെ മറുപടി. വിദേശ പര്യടനസമയത്ത് അധികാരചുമതല മറ്റാര്‍ക്കും കൈമാറാത്തതിലും വിമര്‍ശനം ഉയരുന്നു.

ഇന്തോനേഷ്യയും സിംഗപ്പൂരും കണ്ട് 16 ദിവസം നീളുന്ന സകുടുംബ വിദേശപര്യടനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും. കേന്ദ്ര അനുമതി തേടിയുള്ള സ്വകാര്യ സന്ദര്‍ശനമെന്നാണ് വിശദീകരണം. ഇത്രയും ദിവസം നീളുന്ന യാത്രയുടെ പണം എവിടെ നിന്നെന്ന ചോദ്യമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഉന്നയിക്കുന്നത്. ഇക്കാര്യം ഇ.പിയോട് ചോദിച്ചപ്പോള്‍ നിങ്ങളല്ലല്ലോ ചെലവ് വഹിക്കുന്നതെന്ന രോഷം കലര്‍ന്ന മറുപടിയായിരുന്നു.

കനത്ത ചൂടില്‍ ജനങ്ങള്‍ വലയുമ്പോള്‍ ചുമതല ആര്‍ക്കും നല്‍കാതെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പോയതിനെയും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണിക്കായി പ്രചാരണത്തിന് പോകാത്ത നിലപാടും വിമര്‍ശിക്കപ്പെടുന്നു.

കൃത്യമായ അനുമതിയോടെയും പാര്‍ട്ടി അറിഞ്ഞുമാണ് യാത്രയെന്നും മുഖ്യമന്ത്രി യാത്രപോകുമ്പോള്‍ ചുമതല കൈമാറുന്ന പതിവില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വിശദീകരിക്കുന്നു. വിവാദം ഇങ്ങിനെ കൊഴുക്കുന്നതിനിടെ വിദേശത്ത് നിന്നുള്ള ചിത്രം ഫാമിലി എന്ന തലക്കെട്ടോടെ മുഹമ്മദ് റിയാസ് പങ്കുവച്ചു.

The opposition has accused the Chief Minister and his family of sponsoring the foreign trip

Enter AMP Embedded Script