parayathe-vayya

എം.ടി.വാസുദേവന്‍ നായരെ  സി.പി.എം മലയാളം പഠിപ്പിക്കണോ? പറയാനുദ്ദേശിച്ചതെന്തെന്ന് വ്യക്തമാക്കാന്‍ ആരുടെയെങ്കിലും സഹായം വേണോ മലയാളത്തിന്‍റെ എം.ടി.ക്ക്? എം.ടിയുടെ വാക്കുകളില്‍ സി.പി.എമ്മിന് ആദ്യമായി ഇത്രയും സംശയം വന്നതെന്തുകൊണ്ടാണ് ? അത് എം.ടിയുടെ പ്രശ്നമല്ല, സി.പി.എം ഇപ്പോള്‍ നേരിടുന്ന അവസ്ഥയുടെ പ്രശ്നമാണ്. എന്തുകൊണ്ടാണ് പിണറായിവിജയന്‍ എന്ന ഭരണാധികാരിയും പിണറായി സര്‍ക്കാര്‍ എന്ന ഭരണകൂടവും വിമര്‍ശിക്കപ്പെടേണ്ടതല്ല എന്ന് സി.പി.എം തീര്‍ച്ചപ്പെടുത്തുന്നത്? പാര്‍ട്ടിസെക്രട്ടറിയും മുന്നണി കണ്‍വീനറുമടക്കം നിരന്നു നിന്ന് പൂജിക്കുന്ന ഒരു വിഗ്രഹമാകാന്‍ പിണറായി വിജയന്‍ നിന്നുകൊടുക്കുന്നതെന്തുകൊണ്ടാണ്?

 

 

ഒരൊറ്റ വാചകമാണ് 20 വര്‍ഷം മുന്‍പത്തെ ലേഖനത്തോട് എം.ടി. കൂട്ടിച്ചേര്‍ത്തത്. ഇത്  കാലത്തിന്‍റെ ആവശ്യമെന്ന് അധികാരത്തിലിരിക്കുന്നവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്ന് പ്രത്യാശിക്കുന്നു. അത്രയും വ്യക്തമായ ഒരു രാഷ്ട്രീയവിമര്‍ശനത്തെയാണ് വ്യാഖ്യാനിക്കാനും കേന്ദ്രവിമര്‍ശനമാക്കാനുമൊക്കെ സി.പി.എം ശ്രമിച്ചത്.  സത്യം പറഞ്ഞാല്‍ എം.ടിയുടെ വിമര്‍ശനം ആരെ ഉദ്ദേശിച്ചാണ് എന്ന് ഏറ്റവും നന്നായി മനസിലായത് സി.പി.എമ്മിനാണ്. എം.ടിയുടെ മലയാളം മലയാളികള്‍ക്കു മുന്നില്‍ വിവര്‍ത്തനം ചെയ്യാന്‍ തുനിഞ്ഞ സാഹസത്തില്‍ അത് വ്യക്തമാണ്. 

 

 

ആചാരോപചാരനേതൃത്വപൂജകളിലൊന്നും ഇ.എം.എസിനെ കണ്ടിരുന്നില്ലെന്ന് എം.ടി.ഓര്‍മിപ്പിച്ചതാരെയന്ന് സംശയമാര്‍ക്കാണ്? നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പം മാറ്റിയെടുക്കാനാണ് ഇ.എം.എസ്. ശ്രമിച്ചത് എന്നോര്‍മിപ്പിച്ചതാരെയാണ്? മാര്‍ക്സിന്റെയും റഷ്യയുടെയും ചരിത്രം പറഞ്ഞശേഷം ഇ.എം.എസിന്‍റെ ശൈലി എങ്ങനെ വേറിട്ടു നിന്നുവെന്ന് ഇപ്പോഴത്തെ നേതാവിനെ ഓര്‍മിപ്പിച്ചതെന്തിനാണ്? അത്രയും നിഷ്കളങ്കത സി.പി.എമ്മിന് ചേരുമോ? 

 

 

സി.പി.എമ്മിന് എം.ടിയുടെ വാക്കുകളെ പ്രതിരോധിക്കാമായിരുന്നു എങ്ങനെ? ഞങ്ങളുടെ പാര്‍ട്ടിയില്‍ അങ്ങനെ ഒരു നേതൃപൂജയും നടക്കുന്നില്ലെന്ന് പറയണം. ഇപ്പോഴത്തെ നേതാവ് പിണറായി വിജയന്‍ അങ്ങനെ ഒരു പൂജയ്ക്കും നിന്നു കൊടുക്കുന്ന വിഗ്രഹമല്ലെന്ന് പറയണം. നയിക്കാന്‍ കുറച്ചു പേര്‍ മാത്രം എന്നൊരു സ്ഥിതിവിശേഷം ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലെന്നു പറയണം.  എം.ടി. ഉന്നയിച്ച വിമര്‍ശനമൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കു ബാധകമേയല്ലെന്ന് പറയണം. അങ്ങനെയൊക്കെ സ്വബോധത്തോടെ എങ്ങനെ പറയും?

 

 

എന്നുവച്ചാല്‍ ആരും ചൂണ്ടിക്കാട്ടാത്തതുകൊണ്ടല്ല, ആര്‍ക്കും അറിയാത്തതുകൊണ്ടുമല്ല, സി.പി.എമ്മിന് നേതാവിനെ തിരുത്താനാകാത്തത്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നേതാവ് തയാറല്ല. വിമര്‍ശിക്കുന്നവരെ നേരിടുകയും ആക്രമിക്കുകയുമല്ലാതെ പാര്‍ട്ടിക്ക് വേറെ വഴിയൊന്നുമില്ല. സ്വയം വിമര്‍ശനത്തിനും വിശദീകരണത്തിനും പിണറായി വിജയന്‍ സന്നദ്ധനല്ലാത്തിടത്തോളം പ്രതിരോധമല്ലാതെ സി.പി.എമ്മിന് ഒരു നിവൃത്തിയുമില്ല. പിണറായിയെ പ്രതിരോധിക്കാന്‍ സി.പി.എം ഏതറ്റം വരെയും പോകുമെന്ന് കേരളം കണ്ടതും മകള്‍ക്കെതിരായ ആരോപണത്തിലാണ്. ഇപ്പോള്‍ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ നേരിട്ടുള്ള അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രിയും മകളും കമ്പനിയും.

നേരിട്ടേറ്റെടുത്ത സ്ഥിതിക്ക് മകളെയും പ്രതിരോധിക്കുകയല്ലാതെ സി.പി.എമ്മിനു മുന്നില്‍ മറ്റൊരു സാധ്യതയുമില്ല. 

 

പക്ഷേ മുഖ്യമന്ത്രിയുടെ മകളും കമ്പനിയും ക്രമക്കേടില്‍ അന്വേഷണം നേരിടുന്നു. നിയമപരമായി ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ എന്തുകൊണ്ട് മകള്‍ നിരപരാധിയാണ് എന്ന് കേരളത്തോടു വ്യക്തമായി വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും ആ ജനാധിപത്യമര്യാദയ്ക്ക് തയാറല്ല. പാര്‍ട്ടിക്ക് അതാവശ്യപ്പെടാനുള്ള ധൈര്യവുമില്ല. അഴിമതി ആരോപണത്തിലെ വിശദീകരണത്തില്‍ മാത്രമല്ല, സ്വന്തം നേതാവ് പൊലീസ് അതിക്രമം നേരിട്ടാലും ഇന്നത്തെ സി.പി.എമ്മിന് അതു മുഖ്യമന്ത്രിക്കു മുന്നില്‍ ഉന്നയിക്കാന്‍ ധൈര്യമില്ല. 

 

 

സി.പി.എമ്മിലെ പിണറായി ഭക്തി എവിടെയും അവസാനിക്കുന്നില്ല. പ്രതിപക്ഷയുവജനസംഘടനയുടെ സംസ്ഥാന അധ്യക്ഷനെ പുലര്‍ച്ചെ വീടു വളഞ്ഞ് പിടികൂടുന്നതിനെ മാത്രമല്ല, സ്വന്തം വനിതാസഖാവിനെതിരെയുണ്ടായ പൊലീസ് അതിക്രമത്തെ വരെ ന്യായീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് സി.പി.എം ഇടിഞ്ഞു വീഴുന്നു. പിണറായി വിജയന്‍ എന്ന അതിമാനുഷനേതാവിന് തെറ്റു പറ്റില്ല എന്ന് നാമം ജപിക്കുന്ന നിലയിലേക്ക് യുവജനനേതാക്കളെല്ലാം കമിഴ്ന്നു വീഴുന്നു. സംഭവിക്കുന്നതെന്ത് എന്നത്  ചോദ്യമേയല്ല. എന്തു സംഭവിച്ചാലും, എത്ര അതിക്രമം ഇടതുപക്ഷത്തിനു പോലും നേരിടേണ്ടി വന്നാലും പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രി ചോദ്യം ചെയ്യപ്പെടില്ല എന്നുറപ്പാക്കാന്‍ ചാടിമറിയുന്ന അനുചരസംഘമായി സി.പി.എമ്മും ബഹുജനസംഘടനകളും വീണു താഴുന്നു.