മുഖ്യമന്ത്രി തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന നവകേരളം

pv
SHARE

നവകേരളസദസ് ആലപ്പുഴ കഴിഞ്ഞതേയുള്ളൂ, നവകേരളം തന്നെ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെയും പ്രതിപക്ഷമര്യാദയുടെയും പുതിയ മാതൃകകള്‍ തീര്‍ത്താണ് നവകേരളസദസ് മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര പൂര്‍ത്തിയാകുമ്പോഴേക്കും ഇന്നത്തെ കേരളമായിരിക്കില്ല പുതിയൊരു കേരളമായിരിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നവകേരളജനാധിപത്യസങ്കല്‍പം വ്യക്തമായ സ്ഥിതിക്ക് ഒന്നുകില്‍ പ്രതിപക്ഷം സ്വന്തം അണികളെ സംരക്ഷിക്കണം, അതിനു പറ്റില്ലെങ്കില്‍ ഈ പ്രതിഷേധത്തിനിറങ്ങുന്നത് അവസാനിപ്പിക്കണം. 

ഒരു അല്‍ഭുതവും അതിശയവും വേണ്ട. മുഖ്യമന്ത്രി തന്നെ അക്രമത്തിന് പരസ്യമായി ലൈസന്‍സ് നല്‍കിയിരിക്കുന്ന നവകേരളത്തില്‍ പൊലീസ് മാത്രമല്ല, പാര്‍ട്ടിക്കാരും, ഗണ്‍മാനുമെല്ലാം വടിയെടുക്കും. തല തല്ലിപ്പൊളിക്കും.  മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള  ന്യായവാദങ്ങളുമായി മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അണികളും ക്യൂ നില്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും അടി കിട്ടാതിരിക്കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെയും ആരാധകരുടെയും വെറും ഔദാര്യമായി കണ്ടാല്‍ മതി. സര്‍ക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നവകേരളസൃഷ്ടിയോട് ഫലപ്രദമായ ഒരു പ്രതിരോധം പോലുമില്ലാത്ത പ്രതിപക്ഷത്തിന്റെ ആശയക്കുഴപ്പം ജനതയുടെ മറ്റൊരു വിധി. 

‌നവകേരളബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിക്കു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും പൊലീസിന്റെയും മര്‍ദനത്തിനിരയായത്. മുദ്രാവാക്യം മുഴക്കിയതായിരുന്നു പ്രകോപനം. ഇവരുടെ പക്കല്‍ കരിങ്കൊടി പോലുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും സംഘവും കടന്നു പോയതാണ്. തൊട്ടു പിന്നിലുണ്ടായിരുന്ന എസ്കോര്‍ട്ട് വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലാണ് ലാത്തി കൊണ്ട് രണ്ടു പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്. ഒപ്പം  എസ്കോര്‍ട്ട് കാറില്‍ നിന്നിറങ്ങിയ മറ്റു സുരക്ഷാഉദ്യോഗസ്ഥരും പൊലീസുകാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്ന സമരക്കാരെ ക്രൂരമായി ലാത്തി കൊണ്ട് മര്‍ദിച്ചു. ലോക്കല്‍ പൊലീസ് നോക്കി നിന്നു.  മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുമായി അനുഗമിക്കുന്ന സംഘമാണ് വഴിയരികില്‍ പ്രതിഷേധമുദ്രാവാക്യമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ചാടിയിറങ്ങിയത്. ഇറങ്ങുന്നതു തന്നെ കൈയില്‍ ലാത്തിയുമായാണ്. അപ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതികരണമല്ല. വഴിയരികിലെ പ്രതിഷേധക്കാരെ ലാത്തിയുമായി അടിച്ചൊതുക്കുക എന്ന് ആസൂത്രണം ചെയ്തു തന്നെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്‍മാര്‍ ചാടിയിറങ്ങിയത്. 

ഇതൊന്നും നടക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല, മുഖ്യമന്ത്രി അറിഞ്ഞാലുടന്‍ തള്ളിപ്പറയുമെന്ന് കേരളത്തിലാരും പ്രതീക്ഷിക്കുന്നുമില്ല.  മുഖ്യമന്ത്രി ഇതു തിരുത്തുമെന്ന് പിണറായി വിജയനെ അറിയാവുന്നവരാരും കരുതുകയുമില്ല. പ്രതീക്ഷയ്ക്കപ്പുറം ഒന്നും സംഭവിച്ചതുമില്ല. ശ്രദ്ധയില്‍ പെട്ടില്ലെന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടിമാത്രമാണ് സുരക്ഷാഭടന്‍മാര്‍ പോലും 

ഈ ഭക്തിപ്രകടനം നടത്തുന്നത് എന്നത് കേരളത്തിന്റെ ശ്രദ്ധയിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചു പറ്റാന്‍ വേണ്ടിയാണ് സമരക്കാരെ അടിച്ചൊതുക്കുന്ന ജനാധിപത്യവിരുദ്ധത ആരാധകരും അനുചരന്‍മാരും സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രിക്കുമറിയാം, കേരളത്തിനുമറിയാം. ഈ മാതൃകാ ജീവന്‍രക്ഷാപ്രവര്‍ത്തനം ഇനിയും തുടരണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി അക്രമം തള്ളിപ്പറയുമെന്ന് ആരു പ്രതീക്ഷിച്ചു? ഒരു അല്‍ഭുതവുമില്ല. എനിക്കു നേരെ പ്രതിഷേധിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആദ്യമേ പറഞ്ഞു കൊടുത്തത്.  നവകേരളസദസ് കണ്ണൂര്‍ പഴയങ്ങാടിയില്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാര്‍ ചെടിച്ചട്ടി കൊണ്ടും ഹെല്‍മറ്റ് കൊണ്ടും ആക്രമിച്ചത്. അതിവിചിത്രമായ ന്യായവുമായെത്തിയ മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുക മാത്രമല്ല, എല്ലായിടത്തും ഇതാവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ആ ആഹ്വാനം കേരളത്തിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടപ്പാക്കുന്നതാണ് നമ്മള്‍ പിന്നീട് കണ്ടത്. എല്ലാ ജില്ലകളിലും പ്രതിഷേധക്കാരെ  പൊലീസ് നോക്കിനില്‍ക്കേ പാര്‍ട്ടിക്കാര്‍ ആക്രമിച്ചു. ഹെല്‍മറ്റ് കൊണ്ട്  തലയ്്ക്കടിച്ചും മാരകമായി മര്‍ദിച്ചും മുഖ്യമന്ത്രി പറഞ്ഞപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തി.

മുഖ്യമന്ത്രിയുടെ പ്രീതിക്കായി രാഷ്ട്രീയഎതിരാളികളെ തല്ലിയൊതുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ എത്രനാള്‍ കണ്ടു നില്‍ക്കും? സമരക്കാരെ നേരിടേണ്ടത് ലോക്കല്‍ പൊലീസാണെന്ന ചട്ടം നോക്കി മാറിനിന്നാല്‍ ഭക്തി പ്രകടിപ്പിക്കാന്‍ എങ്ങനെ അവസരം കിട്ടും? മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചു പറ്റാന്‍ നടക്കുന്ന മല്‍സരം കേരളത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ അക്രമോല്‍സുകമായ ഭീകരാന്തരീക്ഷത്തിലെത്തിച്ചിരിക്കുന്നു. തികഞ്ഞ ജനാധിപത്യവിരുദ്ധതയെ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ട്ടി അണികള്‍ സൈബര്‍ ഇടത്തിലും. 

 ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു തന്നെ ഈ നാടിനെതിരാണ് മുഖ്യമന്ത്രി. തിരുവായ്ക്കെതിര്‍വായില്ലാത്ത രാഷ്ട്രീയസംസ്കാരം ജനാധിപത്യമല്ല. എന്റെ പ്രീതിക്കായി മല്‍സരിക്കൂ, എന്റെ ഈഗോ തൃപ്തിപ്പെടുത്താനായി ചാടിയിറങ്ങൂവെന്ന് അണികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കുന്നത് രാഷ്ട്രീയവുമല്ല. കരിങ്കൊടി ജനാധിപത്യസമരമാര്‍ഗമാണെന്നു പണ്ടു പറഞ്ഞതോര്‍മയുണ്ടാകുമല്ലോ. കരിങ്കൊടി കാണിച്ചാല്‍ കൈവീശി കാണിക്കുമെന്ന് ഈയിടെ പറഞ്ഞതെങ്കിലും മറന്നിട്ടുണ്ടാകില്ലല്ലോ. പ്രതിപക്ഷം മാത്രമല്ല കേരളത്തില്‍ സമരം ചെയ്യുന്നത്. ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷവും സമരത്തിലാണ്. പ്രതിപക്ഷത്തിന്റെ കരിങ്കൊടി പ്രതിഷേധക്കാരെ ആത്മഹത്യാസ്്ക്വാഡെന്നു സംശയിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എസ്.എഫ്.ഐക്കാരെ ഗവര്‍ണര്‍ക്കു മുന്നിലേക്കു വിട്ടിരിക്കുന്നത് രക്തസാക്ഷികളെ സൃഷ്ടിക്കാനാണോ? എസ്.എഫ്.ഐയും ഗവര്‍ണറും തെരുവില്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കണം? പദവിയുടെ ഔന്നത്യം പോലും മറന്നു കൊണ്ട് വിദ്യാര്‍ഥിസമരക്കാരെ നേരിടാനിറങ്ങുന്ന ഗവര്‍ണറാണ് ശരിയെന്നു പറയണോ? സമരം ചെയ്യാന്‍ എസ്.എഫ്.ഐയ്ക്ക് അവകാശമില്ലെന്ന നിലപാട് സ്വീകരിക്കണോ? സമരവും പ്രതിഷേധവും നേരിടുന്ന ഒരു അധികാരകേന്ദ്രവും ഇന്നു വരെ സമരകാരണങ്ങള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ സമരാവശ്യങ്ങളോടും എല്ലാവര്‍ക്കും യോജിപ്പുണ്ടാകണമെന്നുമില്ല. പക്ഷേ സമരം ചെയ്യാനുള്ള അവകാശത്തെ പാര്‍ട്ടിക്കാരുടെ കൈയൂക്ക് കൊണ്ടും അംഗരക്ഷകരുടെ ഭക്തിപാരവശ്യം കൊണ്ടു നേരിടുന്നതും രാഷ്ട്രീയമല്ല. അധികാരപ്രമത്തത മാത്രമാണ്. 

പ്രതിപക്ഷം ചോദ്യമുന്നയിച്ചാലും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചാലും മുഖ്യമന്ത്രി ചോദ്യം ചോദിക്കുന്നവരുടെ മാനസികനില പരിശോധിക്കാനിറങ്ങും. മുഖ്യമന്ത്രി ആദ്യം സ്വന്തം മാനസികനില പരിശോധിക്കണം. ജനാധിപത്യസമൂഹത്തില്‍ യോജിപ്പും വിയോജിപ്പുമുണ്ടാകുമെന്ന് അംഗീകരിക്കണം. അധികാരത്തിന്റെ ബലത്തില്‍ പ്രതിഷേധക്കാരെ കൈയൂക്ക് കൊണ്ടു നേരിടുന്നത് അവസാനിപ്പിക്കണം. എന്തൊരു കരുതലാണെന്ന് ആരാധകര്‍ വാഴ്ത്തിപ്പാടിയതോര്‍ത്തെങ്കിലും സ്വന്തം മുന്നണിയിലെ ജനപ്രതിനിധികളോടെങ്കിലും കുറച്ചു കൂടി മര്യാദയോടെ പെരുമാറണം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയാണ്,  മുഖ്യമന്ത്രി മാത്രമാണ്.  മട്ടന്നൂരില്‍ കെ.കെ.ശൈലജയെ പരസ്യമായി ശാസിച്ച മുഖ്യമന്ത്രി  ആ മര്യാദകേടിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളെ മാധ്യമങ്ങളുെട സൂക്കേടാക്കി ഒഴിഞ്ഞു മാറി. പാലായിലെത്തിയപ്പോള്‍ മുന്നണിയിലെ പ്രബലകക്ഷിയുടെ എം.പിയെ പരസ്യമായി ശാസിച്ചു തന്നെ വീണ്ടും മര്യാദ പ്രകടിപ്പിച്ചു. ഈ നവകേരളസദസിന്റെ ലക്ഷ്യമെന്താണെന്ന് സ്വന്തം മുന്നണിയിലെ എം.പിക്കു പോലും ബോധ്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഈ പറയുന്നതിന്റെ അര്‍ഥം. പക്ഷേ അതു മാത്രമല്ല പ്രശ്നം. കോട്ടയം മണ്ഡലത്തിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത് ലോക്സഭയിലേക്കയച്ച ഒരു ജനപ്രതിനിധിയാണ് തോമസ് ചാഴിക്കാടന്‍. മുഖ്യമന്ത്രിയെപ്പോലെ തന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി. പരിപാടിയിലെ ക്രമീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താം. പരസ്യമായി അസ്വസ്ഥതയുണ്ടാക്കാതെ തന്നെ വിയോജിപ്പ് അറിയിക്കാം. പക്ഷേ മട്ടന്നൂരിലാണെങ്കിലും പാലായിലാണെങ്കിലും പരസ്യശാസനയ്ക്കാണ് മുഖ്യമന്ത്രി മുതിര്‍ന്നത്. കാരണം ഇത് ഇനി കാത്തിരിക്കുന്ന ജനനേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഇഷ്ടപ്പെടാത്തതൊന്നും എവിടെയും ആരും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന പരസ്യമായ മുന്നറിയിപ്പ്. മുഖ്യമന്ത്രി ഉള്ളില്‍ തോന്നുന്നത് ഉള്ളതു പോലെ പറയുമെന്ന് അണികള്‍ ന്യായീകരിക്കുന്നു. മറ്റു ജനനേതാക്കളെ ചെറുതാക്കി സംസാരിക്കുന്നതും അവഹേളിക്കുന്നതുമായ പ്രതികരണം ഉള്ളില്‍ നിന്നു വരുമ്പോള്‍ തന്നെ നിയന്ത്രിക്കുകയാണ് വേണ്ടത്. പക്ഷേ ജയ് വിളിക്കാന്‍ മാത്രം കഴിയുന്ന പാര്‍ട്ടി ചുറ്റും നില്‍ക്കുമ്പോള്‍ മറ്റൊന്നും മുഖ്യമന്ത്രി കാണുന്നില്ല, ശ്രദ്ധിക്കുന്നുമില്ല. മുഖ്യമന്ത്രിയുടെ ആഹ്വാനം മാതൃകയാക്കി പഴയങ്ങാടിയില്‍ ആദ്യമായി ആക്രമണപരമ്പര തുടങ്ങി വച്ച ഡി.ൈവഎഫ്.ഐക്കാര്‍ ജയില്‍ മോചിതരായപ്പോള്‍ പാര്‍ട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ മാലയിട്ടു സ്വീകരിച്ചിട്ടുണ്ട്. എല്ലായിടത്തും ജീവന്‍രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതേ മാതൃകയില്‍ പാര്‍ട്ടി സ്വീകരണവും സര്‍ക്കാര്‍ സംരക്ഷണവും മുഖ്യമന്ത്രിയുടെ ധീരതാസര്‍ട്ടിഫിക്കറ്റും കിട്ടുമെന്നുറപ്പ്. 

എന്തുകൊണ്ടാണ് സമരമാര്‍ഗങ്ങളെ ഇത്രയും ജനാധിപത്യവിരുദ്ധമായി നേരിടാന്‍ ഒരു സര്‍ക്കാരിനും പാര്‍ട്ടിക്കും കഴിയുന്നത്. അതില്‍ കേരളത്തിലെ പ്രതിപക്ഷത്തിന്റെ മിടുക്കാണ് എടുത്തു പറയേണ്ടത്. സമരത്തിനിറങ്ങുന്ന പ്രവര്‍ത്തകരെ ഭരണപക്ഷം തല്ലിക്കൂട്ടുന്നത് നോക്കിനില്‍ക്കുകയാണ് പ്രതിപക്ഷം. മുന്നറിയിപ്പുകളും ഭീഷണിയുമൊക്കെ ദിവസം നാലു നേരം വച്ചു പുറത്തു വിടുന്നുണ്ട്. ഒന്നുകില്‍ അണികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകണം. അല്ലെങ്കില്‍ അവരെ ഇത്തരത്തില്‍ തല്ലുകൊള്ളാന്‍ ഇറക്കിവിടാതിരിക്കണം.  എന്നുവച്ചാല്‍ അധികാരം തിരിച്ചു കിട്ടുന്നതിന് കാത്തിരിക്കുകയാണ് കേരളത്തിലെ  പ്രതിപക്ഷം. അധികാരം കിട്ടുമ്പോള്‍ നിന്റെയൊന്നും മുഖം മറക്കില്ലെന്ന് തല്ലിച്ചതയ്ക്കുന്ന പൊലീസുകാര്‍ക്കും മുന്നറിയിപ്പ്. അതുവരെ അണികള്‍ അക്രമം നേരിട്ടു തല്ലു കൊള്ളുക മാത്രമാണ് വഴിയെന്ന്. ശക്തമായ ഒരു രാഷ്ട്രീയപ്രതിരോധസമരം തീര്‍ക്കാന്‍ പോലും പ്രതിപക്ഷനേതൃത്വത്തിന് ഏകോപിതമായൊരു പദ്ധതിയുമില്ല. തെരുവില്‍ നിയമവും നിയമവാഴ്ചയും അട്ടിമറിക്കപ്പെടുന്നത് നോക്കി നില്‍ക്കുകയാണ് കേരളം. സമരക്കാരെ പൊലീസിന് നേരിടാം. പക്ഷേ വഴിയേ പോകുന്നവരെല്ലാം സമരം ചെയ്യുന്നവരെ നേരിടാന്‍ ഇറങ്ങുന്നതും അതിനെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരും ജനാധിപത്യത്തെ പൂര്‍ണമായി അട്ടിമറിക്കുകയാണ്. നവകേരളത്തില്‍ ജനാധിപത്യത്തിന്റെ ഭാവി വളരെ ശോഭനമായിരിക്കുമെന്ന് എന്തായാലും ഉറപ്പാണ്.

Parayathe vayya on governor cm clash

MORE IN PARAYATHE VAYYA
SHOW MORE