ബിജെപി ഒഴുക്കുന്ന കണക്കില്ലാത്ത കോടികള്‍; അത് ജനത്തിന്‍റെ പണമല്ലേ?

കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ, രാഷ്ട്രീയ എതിരാളികള്‍ക്കു പോലും സഹതാപമുണ്ടാക്കുന്നതാണ്. കുഴല്‍പ്പണ ഇടപാടെന്ന ആരോപണത്തില്‍ മറുപടി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഘടകക്ഷി നേതാവിനും അപരനും പണം നല്‍കി സ്വാധീനിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ കൂടി പുറത്തു വരുന്നത്.  ബി.ജെ.പിക്കെതിരായ കള്ളപ്പണ ആരോപണം കൊടകരയിലായാലും ബത്തേരിയിലായാലും മഞ്ചേശ്വരത്തായാലും തമാശകളിലൂടെ തള്ളിക്കളയേണ്ടതല്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കണക്കില്ലാതെ ചെലവാക്കാന്‍ കോടികള്‍ ഒഴുകിയെത്തിയെങ്കില്‍ ആ പണം ആരുടേതാണ്? അത് നമ്മുടെ പണമല്ലേ? പകല്‍ക്കൊള്ളയായി മാറിയിരിക്കുന്ന ഇന്ധനവിലവര്‍ധനയിലൂടെ നമ്മള്‍ വഹിക്കുന്ന നഷ്ടമല്ലേ ഈ കള്ളപ്പണം? രാജ്യത്തെ ഓരോ പൗരനും സൗജന്യവാക്സീന്‍ അര്‍ഹമായിട്ടും സ്വകാര്യകമ്പനികള്‍ക്ക് കുത്തക ലാഭത്തിന് അവസരമൊരുക്കുമ്പോഴെല്ലാം ഈ അനധികൃത സമ്പാദനത്തിനുള്ള സാധ്യതകളല്ലേ തുറന്നു വയ്ക്കപ്പെടുന്നത്? 

രാജ്യം ഭരിക്കുന്ന പാര്‍ട്ടി കേരളത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി കൂടുതല്‍ കുരുക്കുകളില്‍ അകപ്പെട്ടിരിക്കുന്നു. രാജ്യത്തിനെതിരായ ഏറ്റവും  വലിയ കുറ്റമായി ബി.ജെ.പി. തന്നെ പ്രഖ്യാപിച്ച കള്ളപ്പണ ഇടപാടുകള്‍ക്ക് മറുപടി പറയാനാകാതെ പ്രതിക്കൂട്ടിലാണ് പാര്‍ട്ടി സംസ്ഥാനനേതൃത്വം.  

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയും ബി.ജെ.പിയുമായുള്ള ബന്ധം മാത്രമല്ല ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത്. എന്‍.ഡി.എ സഖ്യകക്ഷിയാകാന്‍ സി.കെ.ജാനുവിന്റെ ജെ.ആര്‍.പിയുമായി സാമ്പത്തികവിലപേശല്‍ നടന്നുവെന്നും പത്തുകോടി ചോദിച്ച ജാനുവിന് പത്ത് ലക്ഷം നല്‍കിയാണ് മുന്നണിയിലെത്തിച്ചതെന്നും ജെ.ആര്‍.പി. ട്രഷറര്‍ തന്നെ വെളിപ്പെടുത്തി.  

പ്രസീതയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു കെ.സുരേന്ദ്രന്‍ തള്ളിക്കളഞ്ഞെങ്കിലും ഫോണില്‍ സംസാരിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംഭാഷണം എഡിറ്റ് ചെയ്തതാവാമെന്ന ദുര്‍ബലമായ പ്രതിരോധം മാത്രമാണ് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റിന്് മുന്നോട്ടു വയ്ക്കാനുണ്ടായത്. എഡിറ്റ് ചെയ്തതാണോയെന്ന് പരിശോധന നടത്തി തെളിയിക്കട്ടെയെന്ന വെല്ലുവിളിയുമായി പ്രസീത ഉറച്ചു നില്‍ക്കുന്നു.  

ഈ രണ്ട് ആരോപണങ്ങളിലും സ്വന്തം പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ പോലും പ്രതിരോധിക്കാന്‍ തയാറാകാത്ത പ്രതിസന്ധിയിലാണ് സംസ്ഥാന അധ്യക്ഷന്‍. പക്ഷേ അവിടെയും തീര്‍ന്നില്ല. കെ.സുരേന്ദ്രന്‍ മല്‍സരിച്ച മഞ്ചേശ്വരത്തെ അപരന്‍ അടുത്ത ആരോപണവുമായെത്തി. രണ്ടരലക്ഷം രൂപയും ഫോണും നല്‍കിയാണ് തന്നെക്കൊണ്ട് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് കെ.സുന്ദര. 

ഈ മൂന്ന് ഇടപാടുകളിലും കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രധാന പ്രശ്നമാകേണ്ടത് ബി.ജെ.പി. നേരിടുന്ന രാഷ്ട്രീയപ്രതിസന്ധി മാത്രമല്ല. പൂര്‍ണമായും ഡിജിറ്റല്‍ ഫണ്ടിങായിരുന്നുവെന്നു അവകാശപ്പെട്ട ബി.ജെ.പിക്ക് ഇങ്ങനെ ഒഴുക്കാന്‍ മാത്രം കോടികള്‍ എവിടെ നിന്നു കിട്ടി എന്നതാണ്. ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്ന പണമല്ലാതെ രാജ്യത്തെ ഭരണകക്ഷിയുടെ അക്കൗണ്ടിലേക്ക് കണക്കില്ലാതെ കുമിഞ്ഞു കൂടുന്ന പണം എവിടെനിന്നാണ്? രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് അനധികൃതമായും അവിഹിതമായും കോടികള്‍ ചെലവഴിക്കാനുണ്ടെങ്കില്‍ അത് ജനതയെ കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നതിന്റെ വിഹിതമല്ലാതെ മറ്റെന്താണ്? കോവിഡ‍് പ്രതിസന്ധിക്കിടെ പോലും സ്വകാര്യമേഖലയ്ക്ക് സ്വന്തം ജനതയെ സാമ്പത്തിചൂഷണത്തിനു വിധേയമാക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നതിന്റെ പ്രതിഫലമല്ലാതെ മറ്റെവിടെ നിന്നാണ് ഭരണകക്ഷിക്ക് ഇത്രയും പണം ഉണ്ടാകുന്നത്? 

കേരളത്തില്‍ ഇത്തവണ ബി.ജെ.പി പ്രചാരണത്തിന് പണമൊഴുക്കിയത് നമ്മളെല്ലാവരും നേരിട്ടു കണ്ടതാണ്. രണ്ടു മണ്ഡലങ്ങളില്‍ പറന്നു നടന്ന് പ്രചാരണം നടത്തിയ സംസ്ഥാന അധ്യക്ഷനു മാത്രമല്ല, എ ക്ലാസ് എന്നു പാര്‍ട്ടി വിലയിരുത്തിയ മണ്ഡലങ്ങളിലെല്ലാം പണം വാരിയെറിഞ്ഞുള്ള പ്രചാരണമായിരുന്നു. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി പണക്കൊഴുപ്പിന്റെ മേളം നടത്തി.  

പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ പ്രതിരോധിക്കാന്‍ സ്വന്തം നേതാക്കള്‍ പോലും രംഗത്തു വരുന്നില്ലെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാവരും ഉടന്‍ വരുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ വിശ്വാസം. എന്നാല്‍ ഇതുവരെ ആരും ഈ ആരോപണങ്ങളില്‍ പ്രതിരോധിക്കാന്‍ രംഗത്തില്ല.  കള്ളപ്പണവും രാജ്യദ്രോഹവും ഇഷ്ടവിഷയമായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പോലും പ്രതികരണം പ്രതിരോധം ദുര്‍ബലമാണെന്നു വ്യക്തമാക്കി.  

കെ.സുരേന്ദ്രനും വി.മുരളീധരനും ആവര്‍ത്തിച്ചുന്നയിക്കുന്ന ഒരേയൊരു പ്രതിരോധം അന്വേഷണവുമായി ഞങ്ങള്‍ സഹകരിക്കുന്നില്ലേയെന്നാണ്. അതൊരു ഔദാര്യമാണോ? അന്വേഷണവുമായി സഹകരിക്കില്ലെന്നു ബി.ജെ.പിക്കു പ്രഖ്യാപിക്കാനാകുമോ? മാത്രമല്ല, ചോദ്യവും ഉത്തരവും കേരളത്തിലെ ബി.െജ.പി നേതാക്കളില്‍ ഒതുങ്ങിപ്പോകരുത്. ഈ പണം എവിടെ നിന്നു വന്നു? രാജ്യത്തെ എല്ലാ മനുഷ്യരോടും കള്ളപ്പണയുദ്ധം നടത്തിയ പാര്‍ട്ടി കള്ളപ്പണം സ്വരൂപിച്ചു വിതരണം ചെയ്തോ? ആ പണത്തിന്റെ ഉറവിടമെന്താണ്? 

ഇങ്ങനെയൊരു നിലപാട് ബി.ജെ.പി. കേരളത്തില്‍ ആവര്‍ത്തിച്ചപ്പോഴും ജനതയുടെ രാഷ്ട്രീയബോധത്തിലുള്ള വിശ്വാസം കൊണ്ടാകണം ആരും അത് ഗൗരവമായി ചര്‍ച്ചയ്ക്കെടുത്തില്ല. എന്തായിരുന്നു ഈ പ്രസ്താവനയുടെ അടിസ്ഥാനം? രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം പണമിറക്കി അധികാരം അട്ടിമറിച്ചുവെന്ന് ആരോപണം നേരിട്ട പാര്‍ട്ടി ഒടുവില്‍ കേരളത്തില്‍ തുറന്നു കാട്ടപ്പെടുകയാണോ? 

ബി.െജ.പിക്ക് ഇതുവരെ മൂന്ന് ആരോപണങ്ങളിലും യുക്തിസഹമായ ഒരു പ്രതിരോധം പോലും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. തൃശൂരിലാകട്ടെ കൊടകര കുഴല്‍പ്പണക്കേസിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കത്തിക്കുത്തു പോലും നടന്നു. പരസ്യനിലപാടെടുത്ത നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വധഭീഷണിയും ഉയര്‍ന്നു.  

സംസ്ഥാനത്തെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് കാര്യങ്ങള്‍ പുറത്തെത്തിച്ചതെന്നു വ്യക്തമാണ്. പക്ഷേ രാഷ്ട്രീയത്തിനപ്പുറമുള്ള ചോദ്യങ്ങള്‍ ഈ കള്ളപ്പണ ഇടപാടുകളില്‍ ഉയരേണ്ടതുണ്ട്. കള്ളപ്പണത്തിന്റെ പേരില്‍ ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തെ എത്ര മാത്രം മുള്‍മുനയില്‍ നിര്‍ത്തിയതാണ് എന്നും വിലയിരുത്തേണ്ടതുണ്ട്. വഞ്ചനയുടെ രാഷ്ട്രീയമാണോ രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതെന്ന് കേന്ദ്രബി.ജെ.പി മറുപടി പറയണം. 

2016 നവംബര്‍ 8ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ നോട്ടു നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മൂന്നു കാരണങ്ങളാണ് അന്നത്തെ മിന്നല്‍ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു മുന്നില്‍ വച്ചത്. രാജ്യത്തെ സമ്പദ്‍ വ്യവസ്ഥയെ ക്ഷയിപ്പിക്കുന്ന കള്ളപ്പണം തീര്‍ത്തും ഇല്ലാതാക്കുക. തീവ്രവാദത്തിനും മറ്റു ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഫണ്ടിങ് മരവിപ്പിക്കുക. രാജ്യത്തെ നികുതി വിധേയമാകാത്ത പണം മുഴുവന്‍ നികുതിഘടനയിലേക്കു കൊണ്ടുവരിക. ഈ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് അന്ന് രാജ്യത്ത് നിലവിലുണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനവും ഒരൊറ്റ ദിവസം കൊണ്ട് പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിരോധിക്കപ്പെട്ട കറന്‍സിയുെട 99.3 ശതമാനവും തിരികെ ബാങ്കുകളിലെത്തിയതായി 2017ലെ വാര്‍ഷികറിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ തന്നെ സമ്മതിച്ചു. ഇതോടെ നോട്ടുനിരോധനത്തിന്റെ യുക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു.  

കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ പേരില്‍ ജനത മുഴുവന്‍ അന്ന് നെട്ടോട്ടമോടി. കിലോമീറ്ററുകള്‍ നീണ്ട ബാങ്ക് ക്യൂവില്‍ ഒരുപാട് പേര്‍ മരിച്ചു വീണു. ഗ്രാമീണ സമ്പദ്‍വ്യവസ്ഥകള്‍ തിരിച്ചുകയറാനാകാത്ത വിധം തകര്‍ന്നടിഞ്ഞു. രാജ്യത്തിന്റെ സമ്പദ്് വ്യവസ്ഥയ്ക്കു വേണ്ടിയുള്ള ചെറിയ ത്യാഗമെന്ന് ആദ്യമൊക്കെ ന്യായീകരിച്ചുകൊണ്ടിരുന്ന ബി.ജെ.പി പിന്നീട് നോട്ട് നിരോധനത്തെക്കുറിച്ച് മിണ്ടാതായി. 2019ലെ തിരഞ്ഞെടുപ്പിലൊന്നും പ്രധാനമന്ത്രി പോലും തന്റെ അത്യുജ്വലനടപടിയുടെ നേട്ടങ്ങളെക്കുറിച്ച് മിണ്ടിയില്ല. എങ്കിലും ഓരോ അവസരത്തിലും കള്ളപ്പണത്തിനെതിരായ പോരാട്ടം പ്രധാനമന്ത്രിയും ബി.ജെ.പിയും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യയ്ക്കു വേണ്ടി ഓരോ പൗരനെയും നിരന്തരം ഓര്‍മിപ്പിച്ചു.  

നോട്ട് നിരോധനം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷമാണ് പിന്നീട് പ്രധാനമന്ത്രി അതേക്കുറിച്ച് മനസുതുറക്കുന്നത്. കഴിഞ്ഞ വര്‍ഷം നടപടിയുെട വാര്‍ഷികദിനത്തില്‍ രാജ്യത്തെ കള്ളപ്പണം നേരിടുന്നതില്‍ വലിയ സ്വാധീനം നോട്ടു നിരോധനം കൊണ്ടുണ്ടായി എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ജനങ്ങളില്‍ നികുതിയോടു പ്രതിബദ്ധത വളര്‍ത്താനും നികുതി വിധേയസമ്പദ്‍വ്യവസ്ഥ സുതാര്യമാക്കാനും നോട്ടു നിരോധനം സഹായിച്ചുവെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇപ്പോള്‍ ഇതേ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് നികുതിവിധേയമല്ലാത്ത കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപണം നേരിടുന്നത്. അതും കേന്ദ്രനേതൃത്വം നല്‍കിയ പണമെന്നാണ് ആരോപണം.  

നോട്ടു നിരോധനത്തിനു ശേഷവും മന്ത്രിസഭകള്‍ മറിച്ചിടാനും മാത്രം സാമ്പത്തികവളര്‍ച്ചയുണ്ടായ ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പല സംസ്ഥാനങ്ങളില്‍ ആ സംശയമുണ്ടാക്കുന്ന ഓപറേഷനുകള്‍ നമ്മള്‍ കണ്ടു. ചാണക്യതന്ത്രമെന്നു ആരാധകര്‍ വാഴ്ത്തിപ്പാടിയതെല്ലാം കറന്‍സി ഓപറേഷനുകളാണെന്നറിഞ്ഞിട്ടും പ്രതിപക്ഷത്തിനും രാജ്യത്തിനും മുന്നില്‍ തെളിയിക്കാനൊന്നും  വഴികളില്ലായിരുന്നു. അതു മാത്രമല്ല, സാധാരണക്കാരൊക്കെ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ ക്യൂ നിന്നപ്പോള്‍ ബി.ജെ.പിക്ക് ലഭിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ടില്‍ 81 ശതമാനവും അജ്ഞാതമായ ഉറവിടത്തില്‍ നിന്നാണെന്നും വിവരങ്ങള്‍ പുറത്തു വന്നു. രാജ്യം ഭരിക്കുന്നുവെന്നതുകൊണ്ടു മാത്രം ഒരു പാര്‍ട്ടിക്ക് അസാധാരണമായ സാമ്പത്തിക നേട്ടമുണ്ടാകുന്നുവെങ്കില്‍ അത് അഴിമതിയല്ലാതെ മറ്റെന്താണെന്ന് ബി.ജെ.പി. വിശദീകരിക്കണം.  

ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തികവളര്‍ച്ചാ പ്രതിസന്ധി പോലും നോട്ടു നിരോധനത്തിന്റെ ആഘാതമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സമ്പദ്്‍വ്യവസ്ഥ ഇത്തിരി ക്ഷീണിച്ചാല്‍ പോലും രാജ്യത്തെ കാഷ്‍ലെസ് ഇക്കോണമി ആക്കിയില്ലേയെന്നായിരുന്നു ബി.െജ.പിയുടെ പ്രതിരോധം. ആ കാഷ‍്‍ലെസ് ഇക്കോണമിയിലാണ് ബി.ജെ.പി പ്രസിഡന്റ് നേരിട്ട് ലക്ഷങ്ങള്‍ ബാഗിലാക്കി രാഷ്ട്രീയകച്ചവടം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.  ആരന്വേഷിച്ച് സത്യം സ്ഥിരീകരിക്കും എന്ന ചോദ്യത്തിന് നമുക്കുമുന്നില്‍ വ്യക്തമായ ഉത്തരമൊന്നുമില്ല. പക്ഷേ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മള്‍ അര്‍ഹിക്കുന്നുണ്ട്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണോ കള്ളപ്പണത്തിന്റെ പ്രയോക്താക്കള്‍ എന്ന ചോദ്യത്തിന് ഇന്ത്യ ഉത്തരം അര്‍ഹിക്കുന്നു.