മന്ത്രിമാര്‍ക്ക് റോഡില്‍ സുഖയാത്ര; ജനം റോഡില്‍ ‘കെട്ടിക്കിടക്കും’; ചോദ്യങ്ങള്‍

ശബരിമലയിലും പിറവം പള്ളിയിലും നോക്കിയല്ല, ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റം നോക്കി വിമര്‍ശിക്കൂ എന്ന് ആവര്‍ത്തിച്ചു പറയുന്ന ഒരു സര്‍ക്കാരും ഇടതുമുന്നണിയും ഉണ്ട് കേരളത്തില്‍. വികസനമാണ് ആദ്യപരിഗണനയെന്നു ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യമന്ത്രിയും. കേരളത്തിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തോട്, ജീവിക്കാനുള്ള അവകാശത്തോട് ഈ സര്‍ക്കാരിന്റെ സമീപനമെന്താണെന്നറിയാന്‍ ഒന്നു റോഡിലിറങ്ങി നിന്നാല്‍ മതി. ഒരു സാധാരണമനുഷ്യന്‍ അനുഭവിക്കുന്ന നരകയാതനയ്ക്ക് ഈ സര്‍ക്കാരിന് പുല്ലുവിലയാണെന്നറിയാനും തൊട്ടടുത്തുള്ള ഒരു റോഡിലേക്കിറങ്ങിയാല്‍ മതി. 

കേരളത്തിന്റെ സാമ്പത്തികതലസ്ഥാനം. ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വന്ന്, മെട്രോ റെയില്‍ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തു മടങ്ങിയത്. മെട്രോ നഗരത്തിന്റെ അനന്തസാധ്യതകള്‍ ആകാശത്തു ചൂണ്ടിക്കാട്ടി പ്രസംഗിച്ചത്. 

ഇതേ മെട്രോ നഗരത്തില്‍ നിരത്തുകളിലൂടെ  യാത്ര ചെയ്യുന്ന മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. മുഖ്യമന്ത്രിക്ക് നഗരത്തിലെത്താന്‍ വേണ്ടി മാത്രം മണിക്കൂറുകള്‍ കുരുങ്ങിക്കിടക്കുന്ന കുണ്ടന്നൂര്‍ കവല പൊലീസുകാര്‍ ഒഴിപ്പിച്ചെടുത്തിരുന്നു. ഒരൊറ്റ ദിവസത്തേക്ക്. അതിനു മുന്‍പും ശേഷവും കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കില്‍ കൊച്ചിയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ചെലവഴിക്കേണ്ടി വരുന്ന മണിക്കൂറുകളെക്കുറിച്ച് മുഖ്യമന്ത്രി അറിയാതെയാകില്ലെന്നുറപ്പ്.

ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം ഒരു വാഹനത്തിന് കുണ്ടന്നൂര്‍ കവല കടക്കാന്‍ എന്നതാണ് സ്ഥിതി. യാത്രക്കാരന്റെ ഭാഗ്യമനുസരിച്ച് അത് രണ്ടു മണിക്കൂര്‍ മുതല്‍ മൂന്നരമണിക്കൂര്‍ വരെയാകും. കുണ്ടന്നൂരില്‍ മേല്‍പാലനിര്‍മാണം നടക്കുന്നുവെന്ന ഒറ്റവാചകത്തില്‍ തീരും അധികൃതരുടെ വിശദീകരണം. വന്‍നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ പതിവാണ്, യാത്രക്കാര്‍ അനുഭവിക്കേണ്ടി വരും എന്നാണ് നിലപാട്. എങ്കില്‍ ഒരു കാര്യം കൂടി കേട്ടോളൂ. പതിനായിരങ്ങള്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുമ്പോഴും ഒരു മിനിറ്റു പോലും കാത്തിരിക്കാതെ കടന്നു പോകുന്ന വി.വി.ഐ.പികളെയും നിങ്ങള്‍ക്ക് കാണാനാകും. മുഖ്യമന്ത്രി മുതല്‍ മുന്‍ കേന്ദ്രആഭ്യന്തരമന്ത്രി വരെയുള്ളവര്‍ ഒരു നിമിഷം പോലും കാത്തിരിക്കാതെ പാഞ്ഞുപോകുന്നതും ഇതേ കുണ്ടന്നൂര്‍ വഴിയാണ്. 

മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് കുണ്ടന്നൂരില്‍ അധികൃതരുടെ ന്യായം. പക്ഷേ ഇതേ വഴി നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം കഴി‍ഞ്ഞു വരുന്ന മുഖ്യമന്ത്രി കടന്നു പോയത് കാണുക. ഗതാഗതക്കുരുക്കില്‍ വന്‍പ്രതിഷേധമുയര്‍ന്നപ്പോഴാണ് മന്ത്രി ജി.സുധാകരന്‍ പരിശോധനയ്ക്കെത്തിയത്. അപ്പോഴും നൂറിലേറെ പൊലീസുകാര്‍ രാപ്പകല്‍ അധ്വാനിച്ച് കുരുക്കഴിച്ചു. 

അതായത് ഈ വഴിയൊരുക്കലും മനുഷ്യസാധ്യമാണ്. പോകേണ്ടത് മുഖ്യമന്ത്രിയെയോ മന്ത്രിയെയെപോലുള്ള വി.വി.ഐ.പിമാര്‍ക്കാകണമെന്നു മാത്രം. അതിനു തൊട്ടടുത്ത ദിവസം മുന്‍കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ.അഡ്വാനി കടന്നു പോയപ്പോഴും ഒരു സെക്കന്റു പോലും കാത്തുനിര്‍ത്താതെ പറഞ്ഞുവിടാന്‍ അധികൃതര്‍ക്കായി. പക്ഷേ അതിനു മുന്‍പും ശേഷവും കൊച്ചിക്കാരുടെ മാത്രമല്ല, ഈ വഴി കടന്നു പോകുന്ന മുഴുവന്‍ കേരളീയരുടെയും ക്ഷമ പരീക്ഷിക്കുന്ന അതേ അവസ്ഥയില്‍ തുടരുകയാണ്. കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി ബ്ലോക്കുകള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. മധ്യകേരളത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാ മനുഷ്യരും ഈ ബ്ലോക്കുകളുടെ ദുരിതമറിയും. ഈ വഴിയിലൂടെയല്ലാതെ കേരളത്തിന്റെ തെക്കുഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കോ തിരിച്ചോ യാത്ര ചെയ്യാനുമാകില്ല. 

എന്നുവച്ചാല്‍ കേരളത്തിന്റെ ഗതാഗതമേഖലയുടെ നട്ടെല്ലിനു സമാനമായ ഭാഗമാണീ കുരുങ്ങിക്കുരുങ്ങിക്കിടക്കുന്നത്. എല്ലാ പഴിയും മേല്‍പാലത്തിനു മുകളില്‍ ചാരി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സര്‍ക്കാരിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും കെടുകാര്യസ്ഥതയുടെയും നിഷ്ക്രിയത്വത്തിന്റെയും പച്ചയായ വെല്ലുവിളിയാണ് പാവം മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാലം പണിഞ്ഞതാണോ ഇപ്പോള്‍ കുറ്റം കുറ്റം എന്നു ചോദിക്കുന്ന മന്ത്രി ജി.സുധാകരനോട് ത്യാഗം സഹിക്കാന്‍ മന്ത്രിമാര്‍ക്കെന്താണ് സര്‍ സൗകര്യപ്പെടാത്തത്?നാടിന്റെ നല്ല ഭാവിക്കു വേണ്ടി ഒരു അരമണിക്കൂര്‍ വീതമെങ്കിലും എന്നും ഈ ബ്ലോക്കില്‍ കിടന്നു നോക്കണം ബഹുമാനപ്പെട്ട മന്ത്രി. സൗകര്യപ്പെടില്ല, അല്ലേ? 

പൊതുമരാമത്തിനല്ല, ഗതാഗതനിയന്ത്രണത്തിനാണ് പ്രശ്നം എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി നിന്നു പറയുകയാണ്. കുണ്ടന്നൂരിലും കേരളത്തില്‍ ഇപ്പോള്‍ കുരുങ്ങിക്കിടക്കുന്ന പ്രധാന കേന്ദ്രങ്ങളിലും എല്ലാം ഒന്നാം പ്രതി പൊതുമരാമത്തു വകുപ്പാണെന്ന് നിസംശയം പറയാം. 

കുണ്ടന്നൂരില്‍ തന്നെ പൊതുമരാമത്തിനാണ് നിര്‍മാണച്ചുമതല. പാലം നിര്‍മാണം നടക്കുന്ന ഒരു കിലോമീറ്ററോളം പ്രദേശം ദേശീയപാതഅതോറിറ്റി  പൊതുമരാമത്തുവകുപ്പിന് പൂര്‍ണമായി കൈമാറിയിരിക്കുകയാണ്. 

ഇതേ എന്‍ജിനീയര്‍മാര്‍ക്കു മുന്നില്‍ തന്നെയാണ് കുണ്ടന്നൂരില്‍ കുഴികള്‍ ഗര്‍ത്തങ്ങളായി മാറിയത്. കനത്ത മഴയും വന്‍ഗതാഗതക്കുരുക്കും കൊണ്ടു ശ്വാസം മുട്ടുന്ന, കേരളത്തിലെ ഏറ്റവും തിരക്കേറിയ ഒരു കവലയില്‍,  ഈ കുഴികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ഗര്‍ത്തങ്ങളായി  രൂപപ്പെടുമെന്നറിയാന്‍ എന്‍ജിനീയറിങ്ങ് പഠിക്കേണ്ട കാര്യമൊന്നുമില്ല. സാമാന്യബോധം മതി. ജനങ്ങള്‍ കുറച്ചു കഷ്ടപ്പെടണം എന്ന് മന്ത്രിയും പറയുമ്പോള്‍ പിന്നെ ഉദ്യോഗസ്ഥരുടെ കാര്യം പറയേണ്ടതില്ലല്ലോ...