ഇഴഞ്ഞു നീങ്ങി പൊലീസ് ലൈന്‍– പൊന്‍മുണ്ടം ബൈപാസ് നിര്‍മാണം

തിരൂര്‍ നഗരത്തിലെ  ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് 10 വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പൊലിസ് ലൈന്‍– പൊന്‍മുണ്ടം ബൈപാസ് എങ്ങുമെത്തിയില്ല.സ്ഥലമേറ്റെടുപ്പിലെ കാലതാമസവും  ആവശ്യമായ ഫണ്ട് ലഭിക്കാത്തതുമാണ് നിര്‍മാണം  പ്രതിസന്ധിയിലാക്കിയത്.  10 വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പൊലിസ് ലൈന്‍ പൊന്‍മുണ്ടം ബൈപാസിന്റെ അവസ്ഥയാണിത്.നിര്‍മാണം പാതി വഴിയില്‍ നിലച്ചു.റോഡു പണി പൂര്‍ത്തിയാക്കിയ സ്ഥലങ്ങള്‍ കാടുമൂടി.

പൊലിസ് ലൈനില്‍ ആഭ്യന്തരവകുപ്പിന് കീഴിലുള്ള സ്ഥലം ലഭ്യമാകാത്തതും മുത്തൂരില്‍ റെയില്‍വേ പാലത്തിന് അനുമതി ലഭിക്കാത്തതുമായിരുന്നു ആദ്യ സമയത്ത് പ്രതിസന്ധി.എന്നാല്‍ ഇതു രണ്ടും പരിഹരിച്ചു .റയില്‍വേ മേല്‍പാലം പണിതു.അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുപ്പാണ് നിലവില്‍ പ്രശ്നം. പുതിയ സര്‍വേ നടപടി ആരംഭിച്ചെങ്കിലും  നിര്‍മാണ ജോലികള്‍ക്ക് ആവശ്യമായ  പണമില്ലെന്നാണ് എം.എല്‍.എക്ക് ലഭിച്ച മറുപടി.

താനൂര്‍ തിരൂര്‍ നിയോജക മണ്ഡലങ്ങളിലായി  6 കിലോ മീറ്ററിലാണ് ബൈപാസ് നിര്‍മിക്കേണ്ടത്.ഇതില്‍ താനൂര്‍  ഭാഗത്തെ ജോലികള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും.

തിരൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ വളരെ വേഗത്തില്‍ മലപ്പുറത്തേക്കും ചമ്രവട്ടം ഭാഗത്തേക്കുമുള്ള യാത്രയായിരുന്നു ബൈപാസുകൊണ്ടുദ്ദേശിച്ചിരുന്നത്.