പൊതുകിണര്‍ ഇനിയും വൃത്തിയാക്കിയില്ല; വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാര്‍

well
SHARE

ശ്രമദാനത്തില്‍ പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ട പാലക്കാട് ചെതലിയില്‍ അപകടമുണ്ടായി ഒരുമാസം കഴിഞ്ഞിട്ടും മണ്ണ് മൂടിയ കിണര്‍ നവീകരിക്കാനായില്ല. കിണര്‍ ഉപയോഗശൂന്യമായതിനാല്‍ നൂറിലധികം കുടുംബങ്ങളാണ് പെരുങ്കുന്നത്ത് കുടിവെള്ളം തേടി ദിവസേന ഏറെ ദൂരം സഞ്ചരിക്കുന്നത്. സംരക്ഷണഭിത്തി കെട്ടിയില്ലെങ്കില്‍ മഴക്കാലത്ത് കിണറിലെ വെള്ളം ഒഴുകിയിറങ്ങി ഹെക്ടര്‍ കണക്കിന് കൃഷിയും മുടങ്ങും. 

കഴിഞ്ഞ വിഷുദിനത്തില്‍ നാട്ടാരെ കണ്ണീരിലാഴ്ത്തി പ്രിയപ്പെട്ടവന്‍ സുരേഷിന്റെ ജീവന്‍ പൊലിഞ്ഞത് ഈ കിണറിലാണ്. നാടിനാകെ ജല ഉറവിടമായ കിണര്‍ ശ്രമദാനത്തിലൂടെ വൃത്തിയാക്കുന്നതിനിടെയുണ്ടായ അത്യാഹിതം. നാടിന് വേണ്ടി ജീവന്‍ നല്‍കിയ സുരേഷ് ഓര്‍മയായിട്ട് ഒരുമാസം. ഇതിനിടയില്‍ ഒരു കല്ലെങ്കിലും നീക്കി കിണര്‍ വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. കുടിവെള്ള പ്രതിസന്ധി നേരിടുന്ന ചെതലി പെരുങ്കുന്നം മേഖലയില്‍ ഒരിക്കലും വറ്റാത്ത കിണര്‍ നാട്ടുകാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. 

സംരക്ഷണഭിത്തി കെട്ടിയില്ലെങ്കില്‍ കിണറില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്കെത്തും. ഇത് ഒന്നാംവിള നെല്‍ കൃഷിക്ക് തയ്യാറെടുക്കുന്നവരെയും പ്രതിസന്ധിയിലാക്കും. ശ്രമദാനത്തില്‍ തീരാനോവറിഞ്ഞ നാട്ടുകാര്‍ക്ക് വീണ്ടും അതിനുള്ള ധൈര്യം പോര. ഇടപെടല്‍ ഉറപ്പാക്കി കിണറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള മനസ് വേണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതാണ് പ്രതിസന്ധിയെന്നും വേഗത്തില്‍ പരിഹാരം കാണുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

MORE IN NORTH
SHOW MORE